UPDATES

മൻമോഹൻ സിങ് കരുത്തനായിരുന്നില്ലെന്ന് സമ്മതിക്കുന്നു; ഭീകരതയെ നേരിടുന്നെന്ന പേരിൽ മോദി കാണിക്കുന്നത് തെരഞ്ഞെടുപ്പ് തരികിട: ഷീലാ ദീക്ഷിത്

“പക്ഷെ, മോദി ഇതെല്ലാം ചെയ്യുന്നത് രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്”

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഭീകരതയെ നേരിടുന്ന കാര്യത്തിൽ നിലവിലെ പ്രധാനമന്ത്രി മോദിയോളം കരുത്ത് കാണിക്കുകയുണ്ടായില്ലെന്ന് സമ്മതിക്കുമ്പോൾത്തന്നെ അതിനു പിന്നിൽ വെറും തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള തരികിടയാണുള്ളതെന്നത് കാണണമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ലോകസഭാ തെര‍ഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസ്സിനെ പ്രശ്നത്തിലാക്കിയിരിക്കുകയാണ് ഈ പ്രസ്താവന. ന്യൂസ്18 ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഷീലാ ദീക്ഷിത് മോദിയെ ഉയർത്തിക്കാട്ടുന്ന പ്രസ്താവന നടത്തിയത്.

2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം അന്നത്തെ യുപിഎ സർക്കാർ കൈക്കൊണ്ട നിലപാടുകളെ സംബന്ധിച്ചുള്ള ചോദ്യത്തിനാണ് മൻമോഹൻ സിങ് ദുർബലനായ പ്രധാനമന്ത്രിയായിരുന്നുവെന്ന് മോദിയുമായി താരതമ്യം ചെയ്ത് ദീക്ഷിത് പറഞ്ഞത്. “അതെ, ഞാൻ നിങ്ങളോട് യോജിക്കുന്നു, മൻമോഹൻ സിങ് മോദിയോളം കരുത്തനും നിശ്ചയദാർഢ്യമുള്ളവനുമായിരുന്നില്ല. പക്ഷെ, മോദി ഇതെല്ലാം ചെയ്യുന്നത് രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്” -ദീക്ഷിത് പറഞ്ഞു.

2008ൽ ലഷ്കർ ഇ തൊയ്യിബ മുംബൈയില്‍ നടത്തിയ ആക്രമണങ്ങളിൽ നൂറ്റമ്പതോളം പേർ‌ കൊല്ലപ്പെട്ടിട്ടും ഒരു പട്ടാള പ്രത്യേക്രമണം പാകിസ്താനു നേരെ വേണ്ടെന്ന നിലപാടാണ് ഇന്ത്യ എടുത്തത്. പത്തു വർഷത്തോളം നീണ്ട ഭരണകാലയളവിൽ ഉടനീളം സിങ് ഇതേ നിലപാടാണ് പിന്തുടർന്നത്. പട്ടാളനീക്കങ്ങൾ കൊണ്ട് യാതൊരു നേട്ടവും ഇന്ത്യക്കുണ്ടാകില്ലെന്നും മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ അത് ബാധിക്കുമെന്നുമായിരുന്നു മൻമോഹൻ സർക്കാരിന്റെ നിലപാട്.

അതെസമയം മോദിയുടെ ഭരണകാലത്ത് രണ്ടുതവണ സൈന്യം പാകിസ്താനെതിരെ മിന്നലാക്രമണം നടത്തുകയുണ്ടായി.

എന്നാൽ താൻ പറഞ്ഞ കാര്യങ്ങളെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റിയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോപിച്ച് ഷീല ദീക്ഷിത് രംഗത്തെത്തി.

“ചില മാധ്യമങ്ങൾ ഞാനൊരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇതാണ് ഞാൻ പറഞ്ഞത് – മോദി കരുത്തനാണെന്ന് ചിലർക്ക് തോന്നുന്നുണ്ടാകാം. എന്നാൽ ഇതെല്ലാം വെറും തെരഞ്ഞെടുപ്പ് തരികിടകളല്ലാതെ മറ്റൊന്നുമല്ല” -ഷീലാ ദീക്ഷിതിന്റെ ട്വീറ്റ് പറഞ്ഞു.

അഭിമുഖം ചെയ്ത മാധ്യമപ്രവർത്തകൻ വീർ സംഘ്‍വിയും ഷീലാ ദീക്ഷിതിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. ഇന്റർവ്യൂ മുഴുവൻ കാണണമെന്നും സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി ദീക്ഷിതിന്റെ വാക്കുകളെ ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍