UPDATES

ട്രെന്‍ഡിങ്ങ്

പട്ടാളം 100 മണിക്കൂറിനുള്ളിൽ പ്രതികരിച്ചു; ദേശസ്നേഹവും ത്യാഗവും പഠിക്കാൻ ഇനി പഴയ കഥകൾ ഓർത്തെടുക്കേണ്ടതില്ല: മൻ കി ബാത്തിൽ പ്രധാനമന്ത്രി

അടുത്ത മൻ കി ബാത്ത് മെയ് മാസത്തിൽ നടക്കുമെന്ന് മോദി പറഞ്ഞു.

പുൽവാമയിൽ ഭീകരാക്രമണമുണ്ടായതിനു ശേഷം 100 മണിക്കൂറിനുള്ളിൽ ഇന്ത്യൻ സൈന്യം പ്രതികരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ൽ സംസാരിക്കുകയായിരുന്നു മോദി. ഭീകരവാദികളെയും അവരുടെ സംരക്ഷകരെയും നശിപ്പിക്കാനുള്ള നീക്കങ്ങളിലാണ് ഇപ്പോൾ സൈന്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാതൃദേശത്തിനു വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച എല്ലാ ജവാന്മാരെയും താൻ സല്യൂട്ട് ചെയ്യുന്നതായും മോദി പറഞ്ഞു. ഈ രക്തസാക്ഷിത്വങ്ങൾ ഭീകരതയ്ക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് എന്നും പ്രചോദനവും ശക്തിയുമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പുൽവാമ ഭീകരാക്രമണം നടന്നതിനു ശേഷമുള്ള ആദ്യത്ത് മൻ കി ബാത്ത് ആണിത്. ഇത്തവണത്തേക്ക് മോദിയുടെ അമ്പത്തിമൂന്നാമത് റേഡിയോ പരിപാടിയായിരുന്നു.

ജവാന്മാരുടെ ധീര രക്തസാക്ഷിത്വത്തിനു ശേഷം അവരുടെ കുടുംബങ്ങളിൽ നിന്നും വന്ന വാക്കുകള്‍ ആവേശകരമായിരുന്നെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദുഖത്തിനിടയിലും രാജ്യത്തിനു വേണ്ടി ഉറച്ചുനിന്ന അവർ രാജ്യത്തിനാകെ പ്രചോദനമായി മാറി. രക്തസാക്ഷിത്വം വരിച്ച ജവാന്മാർ എന്താണ് ചെയ്തതെന്ന് മനസ്സിലാക്കാൻ യുവതലമുറയ്ക്ക് കഴിയണം. ദേശസ്നേഹമെന്നാൽ ത്യാഗമാണ് എന്നാണവർ പഠിപ്പിക്കുന്നത്. ഇത് മനസ്സിലാക്കാൻ ഇനി നമ്മൾ പഴയ സംഭവങ്ങൾ ഓർത്തെടുക്കേണ്ടതില്ലെന്നും പുൽവാമ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മോദി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷം തനിക്ക് അത്ഭുതമുണ്ടാക്കിയ ഒരു കാര്യം ഇന്ത്യക്ക് തങ്ങളുടെ ജവാന്മാരെ ഓർമിക്കാനായി ഒരു ദേശീയ യുദ്ധ സ്മാരകം ഇല്ലെന്നതായിരുന്നെന്ന് മൻകി ബാത്തിൽ മോദി പറഞ്ഞു. രാജ്യത്ത് ഒരു ദേശീയ യുദ്ധ സ്മാരകം നിര്‍മിച്ചത് തങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരി 25ന് ഈ സ്മാരം രാജ്യത്തെ ജവാന്മാർക്കും പൗരന്മാർക്കും സമര്‍പ്പിക്കുമെന്നും മോദി പറഞ്ഞു.

ഇത്തവണയും നെഹ്റു കുടുംബത്തെ മോദി തന്റെ പ്രസംഗത്തിൽ പരാമർശിക്കുകയുണ്ടായി. അടിയന്തിരാവസ്ഥയ്ക്കു ശേഷം അധികാരത്തിലെത്തിയ മൊറാർജി ദേശായിയാണ് നാൽപ്പത്തിനാലാമത് ഭരണഘടനാ ഭേദഗതിയിലൂടെ സുപ്രീംകോടതിയുടെ അധികാരങ്ങള്‍ക്ക് പരിമിതികൾ സൃഷ്ടിച്ച നാൽപ്പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയെ റദ്ദ് ചെയ്തതെന്ന് മോദി ചൂണ്ടിക്കാട്ടി. ഇനിയൊരിക്കൽക്കൂടി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാൻ ദേശായിക്ക് സാധിച്ചു. അടിയന്തിരാവസ്ഥാക്കാലത്ത് ജയിലിലടയ്ക്കപ്പെട്ട നേതാവായിരുന്നു മൊറാർജി ദേശായിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അടുത്ത മൻ കി ബാത്ത് മെയ് മാസത്തിൽ നടക്കുമെന്ന് മോദി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍