UPDATES

ട്രെന്‍ഡിങ്ങ്

മനോഹര്‍ പരീഖര്‍: ബിജെപിക്ക് മാറ്റാന്‍ കഴിയാതിരുന്ന മുഖ്യമന്ത്രി

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ തന്റെ മേശപ്പുറത്തുണ്ട് എന്ന് മന്ത്രിസഭ യോഗത്തിനിടെ പരീഖര്‍ പറഞ്ഞതായി ഗോവ മന്ത്രി വിശ്വജിത് റാണെ പറഞ്ഞിരുന്നു.

ബിജെപിയുടെ ഗോവയിലെ എക്കാലത്തേയും ഏറ്റവും കരുത്തനായ നേതാവായിരുന്നു മനോഹര്‍ ഗോപാലകൃഷ്ണ പ്രഭു പരീഖര്‍. അസുഖ ബാധിതനായിട്ടും പരീഖറിന് പകരം മറ്റൊരാളെ മുഖ്യമന്ത്രിയായി കണ്ടെത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത വിധം ആരോഗ്യനില മോശമായിട്ടും ബിജെപി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നില്ല. ഗോവയില്‍ നിന്ന് ദേശീയ നേതാവായി മാറിയ മറ്റ് പേരുകള്‍ അങ്ങനെ എടുത്ത് പറയാനില്ല.

1991ല്‍ ആര്‍എസ്എസ് സംഘടനാ ചുമതലകള്‍ ഒഴിഞ്ഞ ശേഷമാണ് മനോഹര്‍ പരീഖര്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആ വര്‍ഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് ഗോവയില്‍ നിന്ന്. കോണ്‍ഗ്രസിലെ ഹരീഷ് സാന്ത്യെയോട് പരാജയപ്പെട്ടു. 1994ല്‍ പനാജിയില്‍ നിന്ന് ഗോവ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ പ്രതിപക്ഷ നേതാവായി. ഗോവ കോണ്‍ഗ്രസിലെ ഭിന്നതയാണ് 2000ല്‍ ആദ്യമായി പരീഖറിന് മുഖ്യമന്ത്രി സ്ഥാനം നേടിക്കൊടുത്തത്. നാല് തവണ ഗോവ മുഖ്യമന്ത്രിയായിട്ടുണ്ട് പരീഖര്‍. 2000 ഒക്ടോബറിലാണ് ആദ്യം മുഖ്യമന്ത്രിയായത്. 2000-2005 കാലത്ത് രണ്ട് തവണയായി പരീഖര്‍ മുഖ്യമന്ത്രിയായി. 2012 മാര്‍ച്ച് മുതല്‍ 2014 നവംബര്‍ വരെ മൂന്നാം തവണ മുഖ്യമന്ത്രിയായി.

സംസ്ഥാനത്ത് 26 ശതമാനം വരുന്ന കത്തോലിക്കരുടെ പിന്തുണ നേടാന്‍ പരീഖര്‍ക്ക് കഴിഞ്ഞു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴ് കത്തോലിക്ക സ്ഥാനാര്‍ത്ഥികളെ ബിജെപി നിര്‍ത്തിയിരുന്നു. ഈ ഏഴ് പേരും ജയിക്കുകയും ചെയ്തു. ഇത് പരീഖറിന്റെ തന്ത്രമായിരുന്നു.

ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ് പരീഖര്‍. ബോംബെ ഐഐടിയിലായിരുന്നു ഉന്നത വിദ്യാഭ്യാസം. ആദ്യമായി ഐഎഫ്എഫ്‌ഐ (ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയില്‍ നടന്നത് പരീഖര്‍ മുഖ്യമന്ത്രിയായിരിക്കെ 2004ലാണ്. പിന്നീട് ഇത് ഗോവ രാജ്യാന്തര ചലച്ചിത്ര മേള എന്നും അറിയപ്പട്ടു. സ്ഥിരം വേദിയായി മാറി).

പ്രതിരോധ മന്ത്രിയാകാന്‍ പരീഖര്‍ വലിയ താല്‍പര്യം കാണിച്ചില്ല. ഗോവയില്‍ ബിജെപി സര്‍ക്കാര്‍ ഉറപ്പായപ്പോള്‍ 2017ല്‍ പ്രതിരോധ മന്ത്രി സ്ഥാനം രാജി വച്ച് ഗോവയിലേയ്ക്ക് വരാന്‍ പരീഖറിന് അധികം ആലോചിക്കേണ്ടി വന്നില്ല. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പരീഖര്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. റാഫേല്‍ കരാറിലെ വിലപേശല്‍ നടപടികളില്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടലുകളെ വിമര്‍ശിച്ചപ്പോള്‍ പരീഖര്‍ നിഷ്‌ക്രിയനായിരുന്നു എന്ന് ദ ഹിന്ദു റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2013ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവുമാദ്യം പിന്തുണച്ച നേതാക്കളിലൊരാള്‍ മനോഹര്‍ പരീഖറാണ്. പനാജിയില്‍ നടന്ന ബിജെപി ദേശീയ എക്‌സ്യൂട്ടീവ് യോഗമാണ് മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ തന്റെ മേശപ്പുറത്തുണ്ട് എന്ന് മന്ത്രിസഭ യോഗത്തിനിടെ പരീഖര്‍ പറഞ്ഞതായി ഗോവ മന്ത്രി വിശ്വജിത് റാണെ പറഞ്ഞിരുന്നു. വിശ്വജിത് റാണെ ഇക്കാര്യം പറയുന്നതിന്റെ ഓഡി ടേപ്പ് കോണ്‍ഗ്രസ് വലിയ വിവാദമാക്കി. രാഹുല്‍ ഗാന്ധി ലോക്‌സഭയിലടക്കം ഇക്കാര്യം ഉന്നയിച്ചു. അസുഖബാധിതനായ മനോഹര്‍ പരിഖറെ പനാജിയിലെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിയ രാഹുല്‍ ഗാന്ധി പറഞ്ഞത് ഇതൊരു വ്യക്തിപരമായ സന്ദര്‍ശനമായിരുന്നു എന്നും രാഷ്ട്രീയമില്ല എന്നുമാണ്. എന്നാല്‍ റാഫേല്‍ കരാറിനെക്കുറിച്ച് പരീഖര്‍ തന്നോട് പറഞ്ഞിരുന്നതായി മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഒരു പൊതുപരിപാടിയില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ച് മനോഹര്‍ പരീഖര്‍ കത്തെഴുതിയിരുന്നു.

ജീവന് വേണ്ടി പോരാടുന്ന തന്നെ രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ രാഷ്ട്രീയ താല്‍പര്യത്തിനായി ഉപയോഗിക്കുമെന്ന് കരുതിയില്ലെന്ന് പരീഖര്‍ പറഞ്ഞിരുന്നു. അതേസമയം താന്‍ അത്തരത്തില്‍ ഒരു കാര്യം പറഞ്ഞിട്ടില്ലെന്നും റാഫേല്‍ കരാറില്‍ സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംരക്ഷിക്കേണ്ടി വരുന്ന പരീഖറുടെ അവസ്ഥ മനസിലാക്കുന്നു എന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. വാസ്തവത്തില്‍ രാഹുല്‍ ഗാന്ധി അങ്ങനെ പറഞ്ഞിരുന്നില്ല. അവസാന ശ്വാസം വരെ താന്‍ ഗോവയെ സേവിക്കും എന്നാണ് മനോഹര്‍ പരീഖര്‍ പറഞ്ഞത്.

നിയമസഭയില്‍ ന്യൂനപക്ഷമായി മാറിയ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോളാണ് പരീഖറുടെ വിടവാങ്ങല്‍. ഗോവയില്‍ ബിജെപി കടുത്ത നേതൃ ദാരിദ്ര്യം അനുഭവിക്കുകയാണ്. പരീഖറുടെ മരണം നിയമസഭയിലെ ബിജെപിയുടെ അംഗങ്ങളുടെ എണ്ണം 12 ആയി കുറച്ചു. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്റെ പിന്തുണയും കൂട്ടിയാലും 19 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ്‌ 40 അംഗ നിയമസഭയില്‍ ബിജെപിക്കുള്ളത്. പരീഖറില്ലാത്ത ഗോവയില്‍ വലിയ ശൂന്യതയാണ് ബിജെപി അനുഭവിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍