UPDATES

മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വരുംകാലത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പാണ്

ജസ്റ്റിസ് ഹേമന്ദ് ഗുപ്തയെ ഇംപീച്ച് ചെയ്യാന്‍ നടപടികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷന് പരാതി നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍

മധ്യപ്രദേശ് ചീഫ് ജസ്റ്റിസിനെ ചുറ്റിപ്പറ്റി അസാധാരണമായ ചില സംഭവവികാസങ്ങള്‍ നടന്നു വരികയാണ് ഈ ദിവസങ്ങളില്‍. അതാകട്ടെ, ജഡ്ജിമാരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ മുതല്‍ ധാര്‍മികമായ ആര്‍ജവത്വം വരെയുള്ള കാര്യങ്ങളില്‍ അത്ര സുഖകരമല്ലാത്ത ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.

എന്തായാലും ജസ്റ്റിസ് ഹേമന്ദ് ഗുപ്തയെ ഇംപീച്ച് ചെയ്യാന്‍ നടപടികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷന് പരാതി നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഗുപ്തയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ആരാണ് നരോത്തം മിശ്ര?
2008 നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും പെയ്ഡ് ന്യൂസ് സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് മധ്യപ്രദേശിലെ മന്ത്രി നരോത്തം മിശ്രയെ കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയിരുന്നു. ഇതാണ് വിഷയം പൊടുന്നനെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വിശ്വസ്തന്‍ കൂടിയായി അറിയപ്പെടുന്ന മിശ്രയെ മൂന്നു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുമുണ്ട്.

തന്നെ അയോഗ്യനാക്കിയത് ചോദ്യം ചെയ്ത് മിശ്ര മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബഞ്ചില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ മാസം അഞ്ചിന് ഹര്‍ജി പരിഗണിക്കേണ്ടതായിരുന്നെങ്കിലും മിശ്രയുടേയും പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര ഭാരതിയുടേയും അഭിഭാഷകര്‍ അന്ന് ഹാജരായിരുന്നില്ല. അഭിഭാഷക സമരത്തെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് ഈ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 10-ലേക്ക് മാറ്റി വച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഹൈക്കോടതിയുടെ ജബല്‍പ്പൂരിലുള്ള പ്രിന്‍സിപ്പല്‍ ബഞ്ചില്‍ ഒരു പൊതുതാത്പര്യ ഹര്‍ജിയെത്തി. മിശ്ര മത്സരിച്ചിരുന്ന മണ്ഡലം ഒഴിവു വന്നതായി പ്രഖ്യാപിക്കണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ഗുപ്തയുടെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബഞ്ചില്‍ ജൂലൈ അഞ്ചിന് ഉടന്‍ പരിഗണിക്കണമെന്ന ആവശ്യവുമായി എത്തിയ ആ ഹര്‍ജി അടുത്ത ദിവസം പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ജൂലൈ ആറിന് മിശ്രയുടെ അഭിഭാഷകന്‍ ജബല്‍പ്പൂര്‍ കോടതിയില്‍ ഹാജരായിരുന്നുവെന്നും എന്നാല്‍ ഇയാള്‍ക്ക് നോട്ടീസ് അയച്ചിരുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതിനൊപ്പം ഗ്വാളിയോര്‍ ബഞ്ചിന്റെ പരിഗണനയിലുള്ള ഹര്‍ജി ജബല്‍പ്പൂരിലേക്ക് മാറ്റണമെന്ന ഒരു ഹര്‍ജിയും മിശ്രയുടെ അഭിഭാഷകന്‍ ഫയല്‍ ചെയ്തു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഗുപ്ത പരാതി അംഗീകരിക്കുകയും ജൂലൈ 11-ലേക്ക് കേസ് മാറ്റിവച്ചുകൊണ്ട് മിശ്രയ്ക്കും ഭാരതിക്കും നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇതിനൊപ്പം ഗ്വാളിയോര്‍ ബഞ്ചിലെ ഹര്‍ജി ജബല്‍പ്പൂരിലേക്ക് മാറ്റാനും അന്നു തന്നെ തീരുമാനിച്ച കോടതി പരാതിക്കാരനായ ഭാരതിയെ രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസ് വഴി മണിക്കൂറുകള്‍ക്കുള്ളില്‍ അറിയിക്കുകയും ചെയ്തു.

എന്താണ് സംഭവിച്ചത്?
ജസ്റ്റിസ് ഗുപ്തയ്‌ക്കെതിരെ കഴിഞ്ഞ മാര്‍ച്ച് മൂന്നിന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ക്യാംപെയ്ന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസി (CJAR)ന്റെ കണ്‍വീനര്‍ എന്ന നിലയിലാണ് അദ്ദേഹം പരാതി നല്‍കിയത്. ഗുപ്തയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃതമായി സ്വത്ത് സമ്പാദിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഈ പരാതി ലഭിച്ചിട്ടും സുപ്രീം കോടതിയുടെ ഭാഗത്തു നിന്ന് നടപടിയൊന്നും ഉണ്ടായില്ല.

നടപടി എടുത്തില്ലെന്ന് മാത്രമല്ല, ആരോപണങ്ങള്‍ അന്വേഷിക്കുക പോലും ചെയ്യാതെ ഗുപ്തയെ മധ്യപ്രദേശ് ഹൈക്കോടതിയുടെ റഗുലര്‍ ചീഫ് ജസ്റ്റിസായി നിയമിക്കുകയാണുണ്ടായതെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ ആരോപിക്കുന്നു.

കേന്ദ്ര സര്‍ക്കാരും ജസ്റ്റിസ് ഗുപ്തയ്ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതില്‍ അങ്ങേയറ്റം തത്പരരായിരുന്നുവെന്ന് പ്രശാന്ത് ഭൂഷന്‍ പറയുന്നു. വലിയ സ്വാധീനമുള്ള ആര്‍.എസ്.എസ് പശ്ചാത്തലമാണ് ജസ്റ്റിസ് ഗുപ്തയ്ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇത്തരമൊരു പരാതി ലഭിച്ചിട്ടും ജസ്റ്റിസ് ഗുപ്തയ്‌ക്കെതിരെ ഒരു ഇന്‍-ഹൗസ് അന്വേഷണം നടത്താത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നടപടി ഇന്‍-ഹൗസ് നടപടി ക്രമങ്ങള്‍ എത്രത്തോളം കാര്യക്ഷമമല്ല എന്നു തെളിയിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

മുന്‍ ജഡ്ജിമാരായ പി.ബി സാവന്ത്, എച്ച്. സുരേഷ്, മുതിര്‍ന്ന അഭിഭാഷകരായ ശാന്തിഭൂഷണ്‍, മിഹിര്‍ ദേശായി, എഴുത്തുകാരി അരുന്ധതി റോയി, പത്രപ്രവര്‍ത്തകന്‍ മനോജ് മിട്ട, നിഖില്‍ ഡേ, ആനി രാജ, മധുരേഷ് കുമാര്‍, വിജയന്‍ എം.ജെ, ഹരീഷ് നരസപ്പ, കോണിനിക റേ, അഞ്ജലി ഭരദ്വാജ് തുടങ്ങി സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെട്ടതാണ് CJAR.

ഗുപ്തയ്‌ക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ ഇതിനെക്കുറിച്ചുള്ള തെളിവുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ജസ്റ്റിസ് ഗുപ്ത ഈ ഉദ്യോഗസ്ഥനോട് പറഞ്ഞത് തന്നെ വന്നു കാണാനും വിഷയം പരിഹരിക്കാനുമാണ്. ഇത്രയും ഗുരുതരമായ കാര്യങ്ങള്‍ നടന്നതായി പരാതി നല്‍കിയിട്ടും മറുപടി ഇല്ലാതെ വന്നതോടെ മാര്‍ച്ച് 27-ന് ഇക്കാര്യം ഓര്‍മിപ്പിച്ച് വീണ്ടും പരാതി നല്‍കിയിട്ടും ഇന്‍-ഹൗസ് അന്വേഷണം നടത്താനുള്ള നടപടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്വീകരിച്ചില്ലെന്നും CJAR ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍