UPDATES

വായിച്ചോ‌

തല നരച്ച് ഇന്ത്യന്‍ മാവോയിസം; നേതാക്കള്‍ 60 കഴിഞ്ഞവര്‍

പ്രായമായ നേതാക്കള്‍ക്ക് സുരക്ഷ നല്‍കുകയെന്ന ഉത്തരവാദിത്തം സേനയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിരുന്നു. പ്രത്യേകിച്ചും സംസ്ഥാന സര്‍ക്കാരുകള്‍ മാവോയിസ്റ്റ് വേട്ട ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍.

ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ നേരിടുന്നത് വലിയ നേതൃപ്രതിസന്ധി. നേതാക്കളില്‍ ഭൂരിഭാഗവും വാര്‍ദ്ധക്യത്തിലേയ്ക്ക് കടക്കുന്നു എന്നതാണ് ഇപ്പോള്‍ വലിയൊരു പ്രശ്‌നമായി വന്നിരിക്കുന്നത് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും 50 കഴിഞ്ഞവരാണ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്ക് പ്രകാരം നിലവില്‍ 19 പേരാണ് സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. ഇവരില്‍ ഏഴ് പേര്‍ 60 വയസ് കഴിഞ്ഞവരാണ്. ഇവരില്‍ മിക്കവരും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. വനമേഖലയില്‍ സായുധ വിപ്ലവ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ഇത്തരം നേതാക്കള്‍ക്ക് ഇനി കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മാവോയിസ്റ്റുകള്‍ക്ക് ഉള്‍ക്കൊള്ളുന്നുണ്ട്. അതേസമയം ഉപദേഷ്ടാക്കള്‍, മാര്‍ഗനിര്‍ദ്ദേശകര്‍ എന്നീ നിലകളില്‍ പാര്‍ട്ടി ഇവരുടെ സേവനം തുടര്‍ന്നും ഉപയോഗപ്പെടുത്തും.

ഗണപതി എന്ന പേരില്‍ അറിയപ്പെടുന്ന, പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുപ്പല ലക്ഷ്മണ റാവുവിന് വയസ് 66 ആയി. കേന്ദ്രകമ്മിറ്റിയിലെ ഏറ്റവും മുതിര്‍ന്ന അംഗം 69കാരനായ പ്രശാന്ത് ബോസാണ്. നേതാക്കളുടെ പ്രായം സംബന്ധിച്ച പ്രശ്‌നം 2013ലെ കേന്ദ്ര കമ്മിറ്റി യോഗം മുതല്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ സജീവ ചര്‍ച്ചയാണ്. കേന്ദ്ര നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലുമുള്ള പ്രായമായ നേതാക്കള്‍ സ്വയം സ്ഥാനമൊഴിഞ്ഞ് മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്നും കേന്ദ്ര കമ്മിറ്റി പ്രമേയം ആവശ്യപ്പെടുന്നു. പ്രായമായ നേതാക്കള്‍ക്ക് സുരക്ഷ നല്‍കുകയെന്ന ഉത്തരവാദിത്തം സേനയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിരുന്നു. പ്രത്യേകിച്ചും സംസ്ഥാന സര്‍ക്കാരുകള്‍ മാവോയിസ്റ്റ് വേട്ട ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍. ഇത്തരത്തില്‍ സര്‍ക്കാര്‍ സേനകളുടെ ആക്രമണം ശക്തമായിരിക്കുന്ന ഇടങ്ങളില്‍ നേതാക്കളെ സംരക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ട്. പ്രായമായ നേതാക്കളെ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമല്ലാത്ത ഗ്രാമങ്ങളിലേയ്‌ക്കോ നഗരങ്ങളിലേയ്‌ക്കോ മാറ്റണമെന്നാണ് പ്രമേയം പറയുന്നത്. ഇവര്‍ക്ക് ചികിത്സ ലഭിക്കാന്‍ ഇത് സഹായകമാകും. ഇത്തരം നേതാക്കളുമായി ആറ് മാസം കൂടുമ്പോള്‍ ബന്ധം പുലര്‍ത്തും.

നേതൃനിരയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന നേതാക്കള്‍ ഇന്ത്യന്‍ മാവോയിസ്റ്റ് – നക്‌സല്‍ സായുധ പ്രസ്ഥാനത്തിന്റെ ചരിത്രവും തങ്ങളുടെ പ്രവര്‍ത്തനാനുഭവങ്ങളും കാഴ്ചാപ്പാടുകളും ഉള്‍ക്കൊള്ളിച്ചുള്ള വിവരശേഖരണത്തിലേയ്ക്കും ഗവേഷണത്തിലേയ്ക്കും തിരിയണമെന്നും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെടുന്നു. പ്രായം, ആരോഗ്യനില, മാനസികമായ കരുത്ത് തുടങ്ങിയവയെല്ലാം കണക്കിലെടുത്ത് നേതാക്കളുടെ പുനരധിവാസത്തിന്റെ കാര്യത്തില്‍ സംസ്ഥാന കമ്മിറ്റി, സ്‌പെഷല്‍ സോണ്‍ കമ്മിറ്റികള്‍, റീജിയണല്‍ ബ്യൂറോകള്‍, പൊളിറ്റ് ബ്യൂറോ തുടങ്ങിയവയെല്ലാം തീരുമാനം എടുക്കണം. ഏതായാലും നേതൃനിരയില്‍ മാറ്റം വരുന്നതോടെ മാവോയിസ്റ്റുകളുടെ സായുധ വിപ്ലവ തന്ത്രങ്ങളിലും മാറ്റം വരുമെന്നാണ് കരുതുന്നത്. പുതിയ കേഡര്‍മാരെ ചേര്‍ക്കുന്നതില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ യുവാക്കളെ നേതൃത്വത്തിലെത്തിച്ച് സുരക്ഷാസേനകള്‍ക്കെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെടുത്താനാണ് സിപിഐ മാവോയിസ്റ്റ് തയ്യാറെടുക്കുന്നതെന്നും രഹസ്യാന്വേഷണ വിവരങ്ങളെ അടിസ്ഥാനമായി തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വായനയ്ക്ക്: https://goo.gl/2ahSBn

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍