UPDATES

ഭൂമിക്കും വീടിനും വേണ്ടി ഒരുലക്ഷം പേര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തും; ‘ഏക്താ പരിഷത്’ നേതാവ് പി വി രാജഗോപാല്‍ സംസാരിക്കുന്നു

ഹരിയാനയിലെ പൽവാളിൽ നിന്നുള്ള 25,000 ഭൂരഹിതരായ ആളുകളുമായി തുടങ്ങുന്ന കാല്‍നട ജാഥയില്‍ ഡെൽഹിയിൽ എത്തുമ്പോഴേക്കും 100,000 പേര്‍ അണിനിരക്കും

താമസിക്കാൻ വീട്, കൃഷി ചെയ്യാന്‍ കുറച്ച് സ്ഥലം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം ഭൂരഹിതര്‍ ഒക്ടോബറിൽ ദില്ലിയിലേക്ക് മാർച്ച് നടത്താനൊരുങ്ങുന്നു. തങ്ങളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ മാർച്ച് തുടരുമെന്നാണ് ‘ഏക്താ പരിഷത്’ നേതാവ് പി.വി രാജഗോപാൽ പറയുന്നത്. ഹരിയാനയിലെ പൽവാളിൽ നിന്നുള്ള 25,000 ഭൂരഹിതരായ ആളുകളുമായി തുടങ്ങുന്ന കാല്‍നട ജാഥയില്‍ ഡെൽഹിയിൽ എത്തുമ്പോഴേക്കും 100,000 പേര്‍ അണിനിരക്കുമെന്നും, ഒക്ടോബർ 2-നും 11-നും ഇടയ്ക്ക് സമാന മാർച്ചുകൾ ഇന്ത്യയിലെമ്പാടും നടത്തുമെന്നും ‘അഴിമുഖ’ത്തിന് പ്രത്യേകമായി അനുവദിച്ച അഭിമുഖത്തിൽ രാജഗോപാൽ പറഞ്ഞു.

കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഭൂമിയുടെമേലുള്ള അവകാശത്തിനായി വിവിധ തലങ്ങളിൽ നിരന്തരം പോരാടുന്ന ബഹുജന ഗാന്ധിയൻ സംഘടനയായ ഏക്താ പരിഷത്താണ് ഡൽഹിയിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നത്. സമാന ചിന്താഗതിയുള്ള മറ്റ് സംഘടനകളുമായും അവര്‍ കൈകോർക്കും.

‘സർക്കാറിന്‍റെ കണക്കനുസരിച്ച്, രാജ്യത്തെ ആകെ ജനസംഖ്യയിൽ 57 ശതമാനം പേരും ഭൂരഹിതരാണ്. ഇത് തുടരുകയാണെങ്കിൽ അത് നമ്മെ കുഴപ്പങ്ങളിലേക്ക് കൊണ്ടെത്തിക്കും’, ഒരു ഗാന്ധിയന്‍ കൂടിയായ രാജഗോപാൽ പറഞ്ഞു. ‘വികലമായ വികസന നയങ്ങളാണ് അത്തരത്തിലുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചത്. വ്യവസായവത്കരണത്തിലും നഗരവൽക്കരണത്തിലുമാണ് നാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗ്രാമങ്ങളേയും, കൃഷിയേയും, കര്‍ഷകനേയുമൊക്കെ നാം മറന്നുപോയിരിക്കുന്നു’വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണൽ ഹോംസ്റ്റഡ് ലാൻഡ് റൈറ്റ്സ് ആക്റ്റ്, ദേശീയ ഭൂപരിഷ്കരണ നയം, സ്ത്രീകർഷക അവകാശ നിയമം എന്നിവ നടപ്പിലാക്കുക, ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ/കേസുകൾ പരിഹരിക്കുന്നതിന് ലാൻഡ് ട്രൈബ്യൂണലുകളും ഫാസ്റ്റ് ട്രാക്ക് കോടതികളും സ്ഥാപിക്കുക, നാഷണൽ ലാൻഡ് റിഫോംസ് കൗൺസിലും ഭൂപരിഷ്കരണത്തിനായുള്ള ദേശീയ ടാസ്ക് ഫോഴ്സും സജ്ജമാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക, 1996-ലെ പഞ്ചായത്ത് ആക്ടും -2006-ലെ വനാവകാശ നിയമവും നടപ്പിലാക്കുകയും നിരീകഷിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഏക്താ പരിഷത് മുന്നോട്ടു വയ്ക്കുന്നത്.

വിനോബ ഭാവെയുടെ പാത പിന്തുടര്‍ന്നുകൊണ്ട് 2007-ൽ കന്യാകുമാരിയിൽ നിന്നും ഡൽഹിയിലേക്ക് 80,000 കിലോമീറ്റര്‍ താണ്ടിയുള്ള ‘ജനദേഷ് യാത്ര’യ്ക്ക് രാജഗോപാൽ നേതൃത്വം നൽകിയിരുന്നു. രാജ്യത്തെ ഭൂരഹിതർക്ക് ഭൂമി വീണ്ടും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ആ യാത്ര ഒരൊറ്റ മാസംകൊണ്ട് 24 സംസ്ഥാനങ്ങളിലെ 350 ജില്ലകളിലൂടെ കടന്നുപോയി. ആയുധങ്ങൾ ഉപേക്ഷിച്ച് സമാധാന താല്‍പരരായി ചമ്പലില്‍ നിന്നുള്ള അഞ്ഞൂറോളം കൊള്ളക്കാര്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നേതൃത്വം നല്‍കിയിരുന്ന 2012-ലെ ലാൻഡ് റിഫോംസ് കമ്മിറ്റിയിലും, മുൻ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശിന്‍റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ലാന്‍റ് റിഫോംസ് സംബന്ധിച്ച ടാസ്ക് ഫോഴ്സ് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.

‘ഭൂരഹിതരായ പാവപ്പെട്ടവർക്കായി കുറഞ്ഞത് 10 സെന്‍റ് ഭൂമിയെങ്കിലും നൽകുക എന്നതും, കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് ഒരു ഹെക്ടർ കൃഷിഭൂമി നല്‍കുക എന്നതും സർക്കാരിന്‍റെ ധാർമികമായ ഉത്തരവാദിത്തമാണ്. ബഹുരാഷ്ട്ര കോർപ്പറേറ്റുകള്‍ക്ക് 56,000 ഹെക്ടർ ഭൂമി തുച്ഛമായ വിലയ്ക്ക് നല്‍കുന്ന സര്‍ക്കാരിന് എന്തുകൊണ്ട് കൃഷി അടിസ്ഥാനമാക്കിയുള്ള ഉപജീവനത്തിനും, ആദിവാസി സമൂഹത്തെ രക്ഷിക്കാനുമായി ഒരു ഹെക്ടർ ഭൂമി നല്‍കിക്കൂടാ?. ജാതി-മത-ലിംഗ വേര്‍തിരിവ് കൂടാതെ ഭൂരഹിതരായ എല്ലാ പൗരന്മാർക്കും ഭൂമി ലഭ്യമാക്കുക എന്നത് അടിസ്ഥാനപരമായ അവകാശമാണ്’, രാജഗോപാൽ പറഞ്ഞു.

ജനങ്ങള്‍ക്ക് ഭൂമിയ്ക്ക് മേലുള്ള അവകാശം ചർച്ച ചെയ്യാൻ നിലവിലുള്ള കേന്ദ്രസർക്കാർ സമ്മതിച്ചിട്ടുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റിപ്പോർട്ടനുസരിച്ച്, കുടിയിരിപ്പ് പരിഷ്കാരങ്ങൾ, പുരയിടത്തിനുള്ള അവകാശം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴിലുള്ള ഭൂവിഭവ വകുപ്പ് അഞ്ചു സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിരുന്നാലും, ഭൂ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള എൻ ഡി എ സർക്കാരുകളെല്ലാം നടത്തിയിട്ടുള്ള പ്രവര്‍ത്തങ്ങള്‍ വാണിജ്യവത്ക്കരണത്തിന് അനുകൂലമായിരുന്നു എന്ന് സെന്‍റര്‍ ഫോർ പോളിസി റിസേർച്ചിലെ അംഗമായ കാഞ്ചി കോഹ്ലി പറയുന്നു.

‘ഈ സർക്കാർ ഭൂമി ഏറ്റെടുക്കൽ നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ചതാണ്. ഭൂമി പിടിച്ചെടുത്ത് വാണിജ്യവത്ക്കരിക്കുക എന്ന നയസമീപനമാണ് ഭൂപ്രശ്നങ്ങൾ സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിക്കുന്നത്’, കോഹ്ലി പറഞ്ഞു. ഭൂമി എന്നത് സംസ്ഥാനങ്ങളുടെ പരിതിയില്‍വരുന്ന വിഷയമാണ്. ഭൂവുടമകൾക്ക് മേൽ പരിധി ഏർപ്പെടുത്തുക, കൃഷിക്കായി ഭൂമി വിട്ടുനൽകുക, വീടുകൾ നിര്‍മ്മിക്കാന്‍ ഭൂമി നല്‍കുക എനിങ്ങനെ പലവിധത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഭൂപരിഷ്കരണം നടപ്പാക്കിയിട്ടുണ്ട്. എട്ടു മില്ല്യൺ ഗ്രാമീണ കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീടോ ഭൂമിയോ ഇല്ല. ഭൂരിഭാഗം ഭൂരഹിതരും ദലിത് – പിന്നോക്ക വിഭാഗക്കാരാണ്.

സർക്കാർ ഭൂ-ലഭ്യത പരിശോധിക്കാന്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ നിയമിച്ച കമ്മിറ്റി ഭൂരഹിതർക്കിടയിൽ കൃഷിഭൂമിയും, വീട് നിര്‍മ്മിക്കാനുള്ള സ്ഥലവും വിതരണം ചെയ്യണമെന്ന് ശുപാർശ ചെയ്തിരുന്നു. ഓരോ കുടുംബത്തിനും കുറഞ്ഞത് 10 സെൻറ് ഭൂമി സ്വന്തമാക്കിയെന്ന് ഉറപ്പു വരുത്തുന്ന ഒരു നിയമം കൊണ്ടുവരുമെന്ന് യുപിഎ സർക്കാർ ഏക്താ പരിഷത്തിന് ഉറപ്പുനൽകിയിരുന്നു. ഭൂമി ഒരു സംസ്ഥാന വിഷയമാണെങ്കിലും, ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടതാണ് ഈ ബില്‍. എന്നാല്‍ എൻ ഡി എ സർക്കാർ അത് പിൻവലിച്ചു. 2015-ൽ, ഭൂവിഭവ വകുപ്പ് ഇത് ഇന്ദിരാ ആവാസ് യോജന നടപ്പിലാക്കുന്ന ഗ്രാമീണ വികസന മന്ത്രാലയത്തിന്‍റെ റൂറൽ ഹൗസിംഗ് ഡിവിഷന്‍റെ പരിധിയിലേക്ക് മാറ്റി. അതിനുശേഷം ഒന്നും സംഭവിച്ചിട്ടില്ല.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍