UPDATES

ഇന്ത്യ

കോണ്‍ഗ്രസ് ഇതര മുന്നണിക്ക് മായാവതി; പ്രതിപക്ഷ ഐക്യം തിരഞ്ഞെടുപ്പിന് മുന്‍പുണ്ടാകുമോ?

ഹരിയാനയില്‍ അഭയ് ചൗത്താലയുടെ ഐഎന്‍എല്‍ഡിയുമായാണ് (ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍) ബി എസ് പി സഖ്യമുണ്ടാക്കാന്‍ പോകുന്നത്. ഐഎന്‍എല്‍ഡിയുമായി ബി എസ് പി ധാരണയിലെത്തിയിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടു

മേയ് 23ന് ബംഗളൂരുവില്‍ എച്ച്ഡി കുമാര സ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കിടെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം കൈകോര്‍ത്തും സോണിയയെ കെട്ടിപ്പിടിച്ചും നിന്നിരുന്ന ബി എസ് പി അധ്യക്ഷ മായാവതിയുടെ ചിത്രം വൈറലായിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനവും വിവിധ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് – ബി എസ് പി സഖ്യത്തിന്റെ സൂചനയായും ഈ ചിത്രങ്ങള്‍ മാറി. എന്നാല്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഇതര ബിജെപി ഇതര സഖ്യത്തിന്റെ ഭാഗമായി ജനവിധി തേടാനാണ് ബി എസ് പി തീരുമാനിച്ചിരിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ബി എസ് പി ഒറ്റക്ക് മത്സരിച്ചേക്കുമെന്ന സൂചനകളും വരുന്നു.

മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യ സാധ്യത ഉടലെടുക്കുകയും ചര്‍ച്ചകള്‍ സജീവമാവുകയും ചെയ്തിരുന്നു. മായാവതിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായേക്കും എന്ന സൂചന ഒരു ഘട്ടത്തിലുണ്ടായി. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പാര്‍ട്ടി നേതാവിനെ മായാവതി പുറത്താക്കി. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ തുടക്കം മുതലേ കല്ലുകടിയുണ്ടായി. ആവശ്യപ്പെടുന്ന സീറ്റ് കിട്ടാത്ത പക്ഷം യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകേണ്ട എന്ന നിലപാടിലായിരുന്നു മായാവതി. അഭിപ്രായ സമന്വയത്തില്‍ എത്തുന്നതിലുള്ള പരാജയം ബി എസ് പി അടക്കമുള്ള പാര്‍ട്ടികളെ ഉള്‍പ്പെടുത്തി 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുക എന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യത്തിന് തിരിച്ചടിയായിരിക്കുകയാണ്.

ഛത്തീസ്ഗഡില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വിട്ട നേതാവുമായ അജിത് ജോഗിയുടെ ജന്‍ത കോണ്‍ഗ്രസ് ഛത്തീസ്ഗഡുമായി ചേര്‍ന്നാണ് ബി എസ് പി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജസ്ഥാനില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി രൂപീകരിക്കാനാണ് മായാവതിയുടെ പരിപാടി. സമാജ് വാദി പാര്‍ട്ടിയും സിപിഐയുമെല്ലാം ചേര്‍ന്ന സഖ്യത്തിന് വലിയ നേട്ടമൊന്നും തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാന്‍ വകയില്ല. അതേസമയം ഈ സഖ്യത്തിന്റെ ഭാഗമാകുന്ന കാര്യത്തില്‍ മായാവതി തീരുമാനമെടുത്തിട്ടില്ല. രാജസ്ഥാന്റെ ചുമതലയുള്ള സിപിഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജന്‍ പറഞ്ഞത് ബി എസ് പിയെ സഖ്യത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ നടന്നുവരുകയാണ് എന്നുമാണ്. ജെഡിഎസുമായും എസ്പിയുമായും ചേര്‍ന്ന് മൂന്നാം മുന്നണി ഉണ്ടാക്കിയിട്ടുണ്ടെന്ന് സിപിഐ പറയുന്നു. മധ്യപ്രദേശില്‍ സഖ്യ സീറ്റ് വിഭജനത്തിന് കാത്തുനില്‍ക്കാതെ മായാവതി തങ്ങളുടെ 22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.

ALSO READ: കൈരാന നേടിയത് എന്തുകൊണ്ട് പാല്‍ഗഡിന് സാധിച്ചില്ല? കോണ്‍ഗ്രസിനേക്കാള്‍ സിപിഎമ്മിന് വോട്ടുള്ള മഹാരാഷ്ട്ര മണ്ഡലത്തില്‍ സംഭവിച്ചത്

രാജസ്ഥാനില്‍ ബി എസ് പി സഖ്യം കോണ്‍ഗ്രസിനെ സംബന്ധിച്ച് അത്ര വലിയ താല്‍പര്യമുള്ള കാര്യമല്ല. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്, പാര്‍ട്ടിക്ക് വന്‍ വിജയം നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. അതുകൊണ്ട് തന്നെ സഖ്യ ചര്‍ച്ചകളെ തുറന്നെതിര്‍ക്കുകയാണ് സച്ചിന്‍ പൈലറ്റ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ രാജസ്ഥാനില്‍ ശക്തമായ ഭരണവിരുദ്ധ വികാരം ഭരണമാറ്റമുണ്ടാക്കുന്നത് പതിവാണ്. വസുന്ധര രാജെ സര്‍ക്കാരിനെതിരെ വിവിധ മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധവുമുണ്ട്. ഇതാണ് ശക്തമായി തിരിച്ചുവരാനാകുമെന്ന സച്ചിന്‍ പൈലറ്റിന്റെ പ്രതീക്ഷയ്ക്ക് പിന്നില്‍. ഈ സാഹചര്യത്തില്‍ രാജസ്ഥാനില്‍ ബി എസ് പിയുടെ വിലപേശലിന് നിന്നുകൊടുക്കുന്നത് അനാവശ്യമാണെന്ന് സച്ചിന്‍ പൈലറ്റ് അടക്കമുള്ള നേതാക്കള്‍ കരുതുന്നു. അതേസമയം രാജസ്ഥാനിലെ കാര്യത്തില്‍ മായാവതി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച തുടരുന്നുണ്ടെന്നാണ് ബി എസ് പി വൃത്തങ്ങള്‍ പറയുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സഖ്യസാധ്യത പൂര്‍ണമായും അടഞ്ഞിട്ടില്ല എന്നാണ് ഇവര്‍ കരുതുന്നത്. 2013ലെ തിരഞ്ഞെടുപ്പില്‍ 199 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിച്ച ബി എസ് പി മൂന്ന് സീറ്റും അഞ്ച് ശതമാനം വോട്ടും നേടിയിരുന്നു.

ഹരിയാനയില്‍ അഭയ് ചൗത്താലയുടെ ഐഎന്‍എല്‍ഡിയുമായാണ് (ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍) ബി എസ് പി സഖ്യമുണ്ടാക്കാന്‍ പോകുന്നത്. ഐഎന്‍എല്‍ഡിയുമായി ബി എസ് പി ധാരണയിലെത്തിയിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഹരിയാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കൂ. എന്നാല്‍ കഴിഞ്ഞ മാസം മായാവതി ഐഎന്‍എല്‍ഡി അധ്യക്ഷനുമായി ചര്‍ച്ച നടത്തിയിരുന്നു. യുപിയില്‍ ബി എസ് പിയും എസ് പിയും സീറ്റ് വിഭജന ചര്‍ച്ചകളിലേയ്ക്ക് അടുപ്പിച്ചിട്ടില്ല. ദേശീയതലത്തില്‍ ശക്തമായ ഒരു പ്രതിപക്ഷ ഐക്യം ഇനിയും രൂപപ്പെട്ടിട്ടില്ല എന്നത് ബിജെപിക്ക് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.

ഛത്തീസ്ഗഡില്‍ അജിത് ജോഗിയുടെ പാര്‍ട്ടിയുമായി ബി എസ് പി സഖ്യമുണ്ടാക്കുന്നത് ഒഴിവാക്കാനായി രാഹുല്‍ ഗാന്ധി ശ്രമം നടത്തണമായിരുന്നു എന്ന വിമര്‍ശനം കോണ്‍ഗ്രസിലുണ്ടെന്ന് ദ സ്‌ക്രോള്‍ പറയുന്നു. കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുവരാനോ കോണ്‍ഗ്രസുമായി തന്റെ പാര്‍ട്ടിക്ക് ധാരണയുണ്ടാക്കാനോ താല്‍പര്യമുള്ള ജോഗിയെ നേരില്‍ കണ്ട് അദ്ദേഹം സംസാരിക്കണമായിരുന്നു എന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ജോഗിയുമായി യാതൊരു ധാരണയും വേണ്ടെന്നും കോണ്‍ഗ്രസ് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടണമെന്നുമാണ് രാഹുലിനെ ഒരു വിഭാഗം നേതാക്കള്‍ ധരിപ്പിച്ചിരിക്കുന്നത്. ഒരു ശതമാനം വോട്ടിന്റെ മാത്രം വ്യത്യാസം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വരുന്ന ഛത്തീസ്ഗഡില്‍ ബി എസ് പിയുമായുള്ള സഖ്യം കോണ്‍ഗ്രസിന് നേട്ടമാകുമായിരുന്നു എന്ന് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം കരുതുന്നു. മൂന്നാം മുന്നണിയുടെ സാന്നിദ്ധ്യം ബിജെപിക്ക് ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്. മധ്യപ്രദേശില്‍ 50 സീറ്റാണ് ബി എസ് പി ചോദിച്ചത്. എന്നാല്‍ 30 സീറ്റില്‍ കൂടുതല്‍ തരാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം മധ്യപ്രദേശില്‍ ബി എസ് പിയുമായി സഖ്യം കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നത്. ബി എസ് പിയുടെ സാന്നിദ്ധ്യം ദലിത് വോട്ടുകള്‍ ഏകീകരിച്ച് അനുകൂലമാക്കി മാറ്റുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

രാഷ്ട്രീയ സഖ്യങ്ങളും ധാരണകളുമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിന്റെ വലിയ പരായജയമാണ് ബി എസ് പിയുടെ നിലപാട് അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്നത്. പ്രാദേശിക സംഘടന സംവിധാനം ദുര്‍ബലമായ കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രാദേശിക പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ദുഷ്‌കരമാണ്. ഉത്തര്‍പ്രദേശിലെ കൈരാന, ഫുല്‍പൂര്‍, ഗോരഖ്പൂര്‍ ഉപതിരഞ്ഞെടുപ്പുകള്‍, രാജ്സ്ഥാനിലെ അജ്മീര്‍, ആല്‍വാര്‍ അടക്കമുള്ള ഉപതിരഞ്ഞെടുപ്പുകള്‍, മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയ തുടങ്ങിയവയെല്ലാം പ്രതിപക്ഷ ഐക്യം ബിജെപിക്ക് എന്ത് മാത്രം ഭീഷണിയാണ് എന്ന് വ്യക്തമാക്കുന്നു. ഈ പറഞ്ഞ എല്ലായിടത്തും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ് പ്രതിപക്ഷം പിടിച്ചെടുത്തത്. പ്രതിപക്ഷ ഐക്യമില്ലാതിരുന്ന മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ ബിജെപി ജയിക്കുകയും ചെയ്യുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍