UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഛത്തിസ്ഗഢിലും മധ്യപ്രദേശിലും കോൺഗ്രസ്സിനെ വിറപ്പിച്ച് മായാവതി; അജിത് ജോഗിയുടെ പാർട്ടിയുമായി സഖ്യം

ഛത്തിഗഢിൽ അജിത് ജോഗിയുടെ പാർട്ടിക്ക് കോൺഗ്രസ്സ് വോട്ടുകൾ വൻതോതിൽ ചോർത്താൻ സാധിക്കും.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് ബിജെപി വിരുദ്ധ സഖ്യം സൃഷ്ടിക്കാനുള്ള കോൺഗ്രസ്സിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി ബിഎസ്പി നേതാവ് മായാവതി അജിത് ജോഗിയുടെ ഛത്തിസ്ഗഢ് ജനതാ കോൺഗ്രസ്സുമായി സഖ്യം ചേർന്നു. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ഈ സഖ്യം സജീവമാകും. വരുന്ന മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ ബിഎസ്പി-ജനതാ കോൺഗ്രസ്സ് സഖ്യം ഒരുമിച്ച് പിന്തുണയ്ക്കുന്ന 22 സ്ഥാനാർത്ഥികളുടെ പട്ടികയും പുറത്തിറക്കി. ഇതോടെ രാജ്യമൊട്ടാകെ വിവിധ ബിജെപി വിരുദ്ധ കക്ഷികളെ ചേർത്ത് മഹാസഖ്യം രൂപീകരിക്കാനുള്ള കോൺഗ്രസ്സിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി. ഉത്തർപ്രദേശിൽ സീറ്റ് പങ്കിടൽ സംബന്ധിച്ച് തീർപ്പിലെത്താൻ കോൺഗ്രസ്സിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് മായാവതിയുടെ നീക്കം.

ഛത്തിഗഢിൽ മുൻ മുഖ്യമന്ത്രിയായ അജിത് ജോഗിയുടെ പാർട്ടിക്ക് കോൺഗ്രസ്സ് വോട്ടുകൾ വൻതോതിൽ ചോർത്താൻ സാധിക്കും. ഇത് ബിജെപിക്കാണ് ഗുണം ചെയ്യുക. ഉത്തർപ്രദേശ് വിട്ടാൽ ഛത്തിസ്ഗഢ് മധ്യപ്രദേശ് തുടങ്ങിയ ഇതര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിത് വോട്ടുകൾ സമാഹരിക്കാൻ മായാവതിക്ക് കഴിയും. ജോഗിയുമായുള്ള സഖ്യത്തിൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാമെന്ന ഉടമ്പടിയാണ് വെച്ചിട്ടുള്ളതെന്ന് അറിയുന്നു.

അജിത് ജോഗിയുടെ ജനതാ കോൺഗ്രസ്സ്

2016ലാണ് അജിത് ജോഗിയുടെ ജനതാ കോൺഗ്രസ്സ് നിലവിൽ വന്നത്. ജോഗിയുടെ മകൻ അമിത്തിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കോൺഗ്രസ്സ് പുറത്താക്കിയിരുന്നു. ആറ് വർഷത്തേക്ക് അമിത്തിനെ പുറത്താക്കിയതോടെ അജിത് ജോഗി പുതിയ പാർട്ടി രൂപീകരിച്ചു. ഛത്തിസ്ഗഢ് ജനതാ കോൺഗ്രസ്സ് എന്ന് പേരുമിട്ടു. 2014ൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികലെ തോൽപ്പിക്കാൻ അമിത് ജോഗിയും അജിത് ജോഗിയും ശ്രമിച്ചുവെന്നതിന് ഉറച്ച തെളിവുകൾ പുറത്തു വന്നിരുന്നു. അന്താഗഢ് സീറ്റിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ച് ബിജെപി സ്ഥാനാർത്ഥിക്ക് ജയിക്കാനുള്ള അവസരമൊരുക്കിക്കൊടുത്തത് അമിത് ജോഗിയും അജിത് ജോഗിയും തേർന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അജിത് ജോഗി നടത്തിയ ഒരു ഫോൺ സംഭാഷണവും ലീക്കായി. ഇതോടെ കോൺഗ്രസ്സ് നടപടിക്ക് മുതിർന്നു.

സീറ്റ് പങ്കിടലിൽ സമ്മർദ്ദം

മായാവതിയുടെ ഈ നീക്കം ഉത്തർപ്രദേശിലെ സീറ്റ് പങ്കിടൽ സംബന്ധിച്ച് കോൺഗ്രസ്സിനെ സമ്മർദ്ദത്തിലാഴ്ത്തും. ഉചിതമായ സീറ്റ് പങ്കിടൽ ഫോർമുല മുമ്പോട്ടു വെച്ചാൽ കോണ്‌ഗ്രസ്സിനൊപ്പം ചേരാമെന്ന് നേരത്തെ മായാവതി പ്രഖ്യാപിച്ചിരുന്നു. ഇത് സംഭവിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അവർ പറയുകയുണ്ടായി. ഇക്കഴിഞ്ഞ ദിവസവും ഇതേ പ്രഖ്യാപനം ആവർത്തിച്ചു.

ഛത്തിസ്ഗഢ് അസംബ്ലിയിൽ ഒരു സീറ്റ് മാത്രമാണ് ബിഎസ്പിക്ക് ഉള്ളത്. എന്നാൽ സംസ്ഥാനത്താകെ 4.27 വോട്ട്വിഹിതം ഉണ്ട്. ഇത് വളരെ നിർണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസ്സും തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം വെറും 0.7 ശതമാനമായിരുന്നു. കോൺഗ്രസ്സിന്റെ വോട്ടുകൾ അജിത് ജോഗി ചോര്‍ത്തുകയും ബിഎസ്പി വോട്ടുകൾ ചേരുകയും ചെയ്താൽ അധികാരത്തിൽ ബിജെപി തിരിച്ചെത്തുകയായിരിക്കും ഫലം. ഇല്ലെങ്കിൽ അജിത് ജോഗിയുടെ പാർട്ടിയുമായി കോൺഗ്രസ്സിന് സഖ്യം ചേരേണ്ട സാഹചര്യവും ഉരുത്തിരിയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍