UPDATES

തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ സഹോദരനെയും മരുമകനെയും പാർട്ടിയുടെ ഉന്നതങ്ങളിലിരുത്തി മായാവതി

മായാവതിയുടെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ആദ്യന്തം സജീവമായിരുന്ന ഒരാളാണ് ആകാശ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വൻ തിരിച്ചടി നേരിട്ടതിനു ശേഷം ബിഎസ്‌പി നേതാവ് മായാവതി തന്റെ സഹോദരനയെും മരുമകനെയും പാർട്ടിയിലെ ഉന്നതപദവികൾ നൽകിയിര‌ുത്തിയതായി റിപ്പോർട്ടുകൾ. സഹോദരൻ ആനന്ദ് കുമാറിനെ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡണ്ടായാണ് മായാവതി നിയമിച്ചിരിക്കുന്നത്. മരുമകനായ ആകാശ് ആനന്ദിന് പാർട്ടി ദേശീയ കോഓര്‍ഡിനേറ്റർ പദവിയും നൽകിയിരിക്കുന്നു.

ലഖ്നൗവിൽ വെച്ച് നടന്ന യോഗത്തിലാണ് മായാവതിയുടെ ബന്ധുക്കളെ പാർട്ടിയുടെ തലപ്പത്തിരുത്താനുള്ള തീരുമാനം വന്നത്. ബിഎസ്പിയുടെ ഉന്നത നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.

മായാവതിയുടെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ആദ്യന്തം സജീവമായിരുന്ന ഒരാളാണ് ആകാശ്. മായാവതിയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്താണ് ഇയാൾ പാർട്ടി വേദികളിലെത്തുന്നത്. പിന്നീട് തന്റെ ‘പ്രസ്ഥാന’ത്തിൽ ഇയാൾ പങ്കാളിയാകുമെന്ന് മായാവതി പ്രഖ്യാപിക്കുകയായിരുന്നു. ഇതെക്കുറിച്ച് വിമർശനങ്ങളുയർന്നുപ്പോൾ അതിനെ ബിഎസ്പി വിരുദ്ധരുടെ പ്രചാരണമായാണ് മായാവതി വ്യാഖ്യാനിച്ചത്. ആകാശിന് കാര്യങ്ങൾ പഠിക്കാനുള്ള അവസരം താൻ നൽകുമെന്നും അവർ അന്ന് പ്രഖ്യാപിക്കുകയുണ്ടായി.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മായാവതി വിലക്ക് വന്നപ്പോൾ ആകാശാണ് മൂന്നു ദിവസത്തേക്ക് പാർട്ടിയുടെ മുഖമായി മാറിയത്. പ്രതിപക്ഷ സഖ്യത്തിന്റെ റാലി കോത്തി മീണ ബസാറിൽ നടന്നപ്പോൾ ഇദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

2017 മുതലാണ് ആകാശിനെ പാർട്ടിയിൽ ഉയർത്തിക്കൊണ്ടു വരാൻ മായാവതി ശ്രമം തുടങ്ങിയത്. അതേ വർഷം മെയ് മാസത്തിൽ താക്കൂറുകളും ദളിതരും തമ്മിൽ സംഘർഷമുണ്ടായപ്പോള്‍ അതിലിടപെടാൻ ആകാശ് മുന്നിൽ നിന്നു. മായാവതിയുടെ ഇളയ സഹോദരന്റെ മകനാണ് ആകാശ്. ലണ്ടനിൽ നിന്നും എംബിഎ കഴിഞ്ഞയാളാണ് ആകാശ്. മായാവതി തന്റെ മരുമകനെ ആദ്യമായി മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയതും ഈ വിദ്യാഭ്യാസ യോഗ്യത പറഞ്ഞു കൊണ്ടായിരുന്നു.

അതെസമയം പാർട്ടിയുടെ ലോക്സഭാ നേതാവായി അമ്രോഹ എംപി ഡാനിഷ് അലിയെ നിയമിച്ചതായി ബിഎസ്പി പ്രഖ്യാപിച്ചു. പാർട്ടി ചീഫ് വിപ്പായി നാഗിനയിൽ നിന്നുള്ള എംപി ഗിരിഷ് ചന്ദ്രയെയും നിയമിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍