UPDATES

ചേതന്‍ ഭഗത്, കിരൺ നഗാർക്കര്‍, കെ ആര്‍ ശ്രീനിവാസ്… മാധ്യമ, സാഹിത്യമേഖലയെ ഞെട്ടിച്ച് #MeToo വെളിപ്പെടുത്തല്‍

രാജ്യത്തെ മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളിലെ സ്ത്രീകളാണ് തങ്ങൾക്കെതിരെ തൊഴിലിടത്തിൽ നടന്ന ലൈംഗികാക്രമണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തു വന്നത്

മുതിർന്ന മാധ്യമപ്രവർത്തകരിൽ നിന്നും ലൈംഗികാക്രമണങ്ങൾക്കിരയായ വനിതാ മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ നടത്തിയ MeToo പ്രചാരണം ഫലം കാണുന്നു. ആരോപണ വിധേയരായവര്‍ക്കെതിരെ നടപടികളുമായി മാധ്യമ സ്ഥാപനങ്ങള്‍ രംഗത്ത് വന്നു കഴിഞ്ഞു. എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ പ്രകാശ് ഝാ, ടൈംസ് ഓഫ് ഇന്‍ഡ്യ ഹൈദരാബാദ് റസിഡന്റ് എഡിറ്റര്‍ കെ ആര്‍ ശ്രീനിവാസൻ, എഴുത്തുകാരന്‍ കിരണ്‍ നഗാര്‍ക്കര്‍ തുടങ്ങി നിരവധി പേരാണ് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ വെളിപ്പെടുത്തലില്‍ കുടുങ്ങിയിരിക്കുന്നത്.

MeToo വെളിപ്പെടുത്തലിന്റെ മറ്റൊരു അധ്യായമാണ് രാജ്യത്തെ വനിതാ മാധ്യമപ്രവർത്തകർ തുറന്നിരിക്കുന്നത്. രാജ്യത്തെ മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളിലെ സ്ത്രീകളാണ് തങ്ങൾക്കെതിരെ തൊഴിലിടത്തിൽ നടന്ന ലൈംഗികാക്രമണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തു വന്നത്. പലരും തങ്ങളെ ലൈംഗികമായി ആക്രമിച്ചവരെ ടാഗ് ചെയ്താണ് പോസ്റ്റുകളിടുകയായിരുന്നു.

സമ്മർദ്ദത്തിലായ മാധ്യമസ്ഥാപനങ്ങൾ നടപടികളുമായി രംഗത്തു വന്നിട്ടുണ്ട്. തങ്ങളുടെ ആരോപണവിധേയനായ പൊളിറ്റിക്കൽ എഡിറ്ററും ബ്യൂറോ ചീഫുമായ പ്രശാന്ത് ഝായോട് എല്ലാ ഭരണപരമായ സ്ഥാനങ്ങളും വിട്ടൊഴിയാൻ ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് അറിയിച്ചു. എന്നാൽ കമ്പനിയുടെ ജീവനക്കാരനായി ഝാ തുടരുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് അറിയിച്ചു. അവാന്തിക മെഹ്ത എന്നയാളാണ് ഝാക്കെതിരെ ആരോപണവുമായി എത്തിയ വ്യക്തികളിലൊരാൾ. ഇവർ ലൈംഗികാക്രമണം നടന്നതിനു ശേഷം കമ്പനി വിട്ടിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയിലെ മാധ്യമപ്രവർത്തകൻ കെആർ ശ്രീനിവാസനെതിരെ ഏഴ് സ്ത്രീകളാണ് നേരിട്ട് പരാതി നൽകിയിരിക്കുന്നത്. ശ്രീനിവാസനെ പുറത്താക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഹൈദരാബാദ് റസിഡന്റ് എഡിറ്ററാണ് ശ്രീനിവാസൻ. കമ്പനി എംഡി വിനീത് ജയിനിനാണ് പരാതി പോയിട്ടുള്ളതെന്ന് പരാതിക്കാരിലൊരാളായ സന്ധ്യ മേനോൻ പറഞ്ഞു.

മാധ്യമപ്രവർത്തകർക്കൊപ്പം എഴുത്തുകാരും ആരോപണങ്ങളിൽ പെട്ടിട്ടുണ്ട്. ചേതൻ ഭഗത്, സദാനന്ദ് മേനോന്‍, കിരൺ നഗാർ‌ക്കർ തുടങ്ങിയ പ്രമുഖർ ആരോപണങ്ങളിൽ കുടുങ്ങിയവരിൽ പെടുന്നു. ആരോപണമുന്നയിച്ച സ്ത്രീയോടും തന്റെ ഭാര്യ അനുഷ ഭഗത്തിനോടും മാപ്പിരന്ന് ചേതൻ ഭഗത് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

മറ്റേതൊരു സ്ഥാപനത്തിലുമെന്ന പോലെ മാധ്യമ സ്ഥാപനങ്ങളിലും ലൈംഗികാക്രമണങ്ങൾ നടക്കാറുണ്ടെങ്കിലും അവ പുറത്തു വരുന്നത് അപൂർവ്വമാണ്. ഇത്തവണ അതിനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഒട്ടുമിക്ക ദേശീയ മാധ്യമസ്ഥാപനങ്ങളും ആരോപണങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. MeToo പ്രചാരണം അന്തര്‍ദ്ദേശീയതലത്തിൽ തുടങ്ങിയപ്പോൾ അവ ഉത്സാഹത്തോടെ വാർത്തകളാക്കുകയും ഇരകള്‍ക്കു വേണ്ടി വാദിക്കുകയും ചെയ്ത മാധ്യമങ്ങൾ പലതും നിശ്ശബ്ദത തുടരുകയാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ മുതിർന്ന എഡിറ്റർക്കെതിരെ ആരോപണമുന്നയിച്ചാണ് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സന്ധ്യ മേനോൻ ‘മീറ്റു’ വെളിപ്പെടുത്തല്‍ നടത്തിയത്. കെആർ ശ്രീനിവാസ് ആണ് ആരോപണവിധേയനായ ആൾ. ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേരിട്ട് പരാതി നൽകിയിട്ടുമുണ്ട്. പരാതി കിട്ടിയതായി ടൈംസ് ഓഫ് ഇന്ത്യ അറിയിച്ചെങ്കിലും നടപടി ഇതുവരെ ഉണ്ടായിട്ടില്ല.

നിലവിൽ ടൈംസ് ഓഫ് ഇന്ത്യ ഹൈദരാബാദ് റസിഡന്റ് എഡിറ്ററായ കെആർ ശ്രീനിവാസ് 2008ൽ തന്നോട് മോശമായി പെരുമാറിയതായി സന്ധ്യ മേനോൻ ട്വിറ്ററിൽ കുറിച്ചു. 2008ൽ ബാംഗ്ലൂർ മിററിൽ ജോലി ചെയ്യുമ്പോഴാണ് തനിക്ക് ഈ അനുഭവമുണ്ടായതെന്നും അവർ ട്വീറ്റ് ചെയ്തു. കെആർ ശ്രീനിവാസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഇത്.

ഇതേ എഡിറ്ററിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായതായി തുറന്നു പറഞ്ഞ് മറ്റൊരു മാധ്യമപ്രവർത്തക കൂടി എത്തിച്ചേർന്നു. ബാംഗ്ലൂരിൽ ഫെമിനയിൽ ഇന്റേൺ ആയിരുന്ന കാലത്ത് കെആർ ശ്രീനിവാസിന്റെ അയൽവാസിയായിരുന്നപ്പോഴാണ് പവിത്ര ജയറാം എന്ന മാധ്യമപ്രവർത്തകയ്ക്ക് മോശം അനുഭവമുണ്ടായത്. തന്റെ ഭാര്യ സ്ഥലത്തില്ലെന്നും വീട്ടിലേക്ക് വരണമെന്നും പവിത്രയോട് ശ്രീനിവാസ് ആവശ്യപ്പെട്ടെന്നാണ് ആരോപണം.

സന്ധ്യ മേനോൻ തന്നെ തനിക്കുണ്ടായ മറ്റൊരു ദുരനുഭവം തുറന്നു പറയുന്നുണ്ട്. ഗൗതം അധികാരി എന്ന ഡിഎൻഎ ബോംബെ എഡിറ്റർ ഇൻ ചീഫ് തന്നെ ബലാൽക്കാരമായി ചുംബിച്ച സംഭവമാണ് സന്ധ്യ വിവരിക്കുന്നത്. ഇയാൾ യുഎസ്സിൽ നിന്നും തിരിച്ചെത്തി ഡിഎൻഎയിൽ ജോയിൻ ചെയ്തതായിരുന്നു. താൻ നഗരത്തിൽ പുതിയതാണെന്നും സ്ഥലം കാണിക്കാൻ കൊണ്ടുപോകണമെന്നും ഗൗതം ആവശ്യപ്പെട്ടു. സൗഹാർദ്ദപരമായ ഈ ആവശ്യം സന്ധ്യ മേനോൻ അംഗീകരിച്ചു. സന്ധ്യയും മറ്റൊരു സുഹൃത്തും ഗൗതം അധികാരിയും ചേർന്ന് കാറിൽ യാത്ര തിരിച്ചു. പിന്നീട് വൈകീട്ട് സന്ധ്യയെ തിരിച്ച് ഡ്രോപ്പ് ചെയ്യാൻ നേരത്ത് ഗൗതം അധികാരി ബലാൽക്കാരമായി പിടിച്ചു നിർത്തി ചുംബിക്കുകയായിരുന്നു.

2011ൽ തന്നെ ഈ വിഷയം സന്ധ്യ ഒരു ബ്ലോഗ് ചെയ്തിരുന്നു.

ഈ വിഷയത്തിൽ സന്ധ്യയെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത കാർട്ടൂണിസ്റ്റ് മഞ്ജുള്‍ തനിക്കറിവുള്ള മറ്റൊരു സ്ത്രീയുടെ കാര്യവും പറഞ്ഞു. ഗൗതം അധികാരിയിൽ നിന്നും ആ സ്ത്രീക്കും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നായിരുന്നു മഞ്ജുളിന്റെ സാക്ഷ്യപ്പെടുത്തൽ. സന്ധ്യയുടെ ട്വീറ്റ് കണ്ടതിനു ശേഷമാണ് മഞ്ജുളിനെ ഈ സ്ത്രീ വിളിച്ച് തനിക്കുണ്ടായ അനുഭവം വിവരിച്ചത്.

സനോര ഝാ എന്ന മറ്റൊരു സ്ത്രീയും ഗൗതം അധികാരിയിൽ നിന്നുണ്ടായ ലൈംഗികാക്രമണത്തെക്കുറിച്ച് സന്ധ്യക്ക് ട്വീറ്റ് ചെയ്തു. ബാംഗ്ലൂർ ടൈംസ് ഓഫ് ഇന്ത്യയുടെ മെട്രോ ബ്യൂറോ ചീഫ് ആയിരുന്നപ്പോഴാണ് സനോരയ്ക്ക് ദുരനുഭവം ഉണ്ടായത്. തന്നെ ഔദ്യോഗികകാര്യങ്ങൾ ചർച്ച ചെയ്യാൻ മുറിയിലേക്ക് വിളിച്ചു വരുത്തിയതിനു ശേഷം ഗൗതം ബലമായി പിടിച്ച് ചുംബിച്ചെന്നാണ് വെളിപ്പെടുത്തൽ. തന്നെ ബെഡ്ഡിലേക്ക് തള്ളിയിടാൻ ശ്രമിച്ചെങ്കിലും ഒരുവിധം രക്ഷപ്പെട്ടെന്ന് സനോര വെളിപ്പെടുത്തി.

കൊമേഡിയനും യൂടൂബ് താരവുമായ ഉത്സവ് ചക്രബർത്തിയെക്കുറിച്ച് ഒരു സ്ത്രീ തന്നെ സോഷ്യൽ മീഡിയയിൽ ലൈംഗികമായി അധിക്ഷേപിച്ചതിനെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ മിടൂ പ്രചാരണത്തിന് തുടക്കമായത്. നിരവധി സ്ത്രീകൾ തങ്ങൾ അനുഭവിക്കുന്ന ലൈംഗികാക്രമണങ്ങളെ തുറന്നുകാട്ടി രംഗത്തു വന്നു. ഇവയിലൊന്നായാണ് മാധ്യമപ്രവർത്തകരുടെ തുറന്നുപറച്ചിൽ തുടങ്ങിയത്.

എഴുത്തുകാരനായ കിരൺ നഗാർക്കറുടെ ലൈംഗികാക്രമണങ്ങളെക്കുറിച്ചും വെളിപ്പെടുത്തലുകളെത്തി ഇതിനിടയിൽ. മുംബൈയിൽ കിരൺ നഗാർക്കറെ ഇന്റർവ്യൂ ചെയ്യാൻ പോയപ്പോഴുണ്ടായ അനുഭവമാണ് മാധ്യമപ്രവർത്തക രംഗത്തെത്തിയത്. തന്റെ അടുത്ത് വന്നിരിക്കുകയും കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്ത കഥയാണ് ഇവർ വെളിപ്പെടുത്തിയത്.

ഹിന്ദുസ്ഥാൻ ടൈംസ് പൊളിറ്റിക്കൽ എഡിറ്റർ പ്രശാന്ത് ഝാ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയത് അവാന്തിക മെഹ്തയാണ്. ആദ്യം ഇവർ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താൻ വിമുഖത കാട്ടിയെങ്കിലും പിന്നീട് സ്വയം പുറത്തുവരികയും പ്രശാന്ത് ഝാക്കെതിരെ ട്വീറ്റ് ചെയ്യുകയുമായിരുന്നു. ഝായുമായി താൻ നടത്തിയ വാട്സാപ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും അവർ പുറത്തുവിട്ടു.

ദി വയർ ഹെൽത്ത് റിപ്പോർട്ടറായ അനൂ ഭുയാൻ മറ്റൊരനുഭവം വെളിപ്പെടുത്തി രംഗത്തെത്തി. ബിസിനസ്സ് സ്റ്റാൻഡേഡിലെ മയാങ്ക് ജെയിൻ എന്നയാള്‍ ലൈംഗികമായി തന്നെ ആക്രമിച്ചെന്നാണ് ഇവർ പറഞ്ഞത്. പിന്നാലെ അനിന്ദ്യ എന്നയാളും മയാങ്ക് ജയിനിനെതിരെ രംഗത്തെത്തി. ഹഫ്‌പോസ്റ്റ് ഇന്ത്യയിലെ അനുരാഗ് വെർമയും തനിക്കുനേരെ ലൈംഗികാക്രമണം നടത്തിയെന്നും ഇവർ പറഞ്ഞു.

മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യൻ കോളജ് ഓഫ് ജേണലിസത്തിൽ അധ്യാപകനുമായ സദാന്ദ് മേനോനെതിരെയാണ് ദിവ്യ കാർത്തികേയൻ എന്ന മാധ്യമപ്രവർത്തക രംഗത്തു വന്നിരിക്കുന്നത്. ഇദ്ദേഹത്തിൽ നിന്നും വിട്ടു നിൽക്കണമെന്നും ഇദ്ദേഹത്തെ പാനലുകളിൽ അംഗമാക്കരുതെന്നും ദിവ്യ ആവശ്യപ്പെടുന്നു. കഴിഞ്ഞ മെയ് മാസത്തിൽ ഏഷ്യൻ കോളജ് ഓഫ് ജേണലിസത്തിൽ വിദ്യാർത്ഥികൾ അടക്കമുള്ളവർ സദാനന്ദ് മേനോനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. വരുന്ന അക്കാദമിക വർഷത്തിൽ മേനോൻ കോളജിൽ പഠിപ്പിക്കില്ലെന്ന് സ്ഥാപനം മാധ്യമങ്ങളെ അറിയിക്കുയും ചെയ്തിരുന്നു.

ആരോപണവിധേയരായ പല മാധ്യമപ്രവർത്തകരും മാപ്പ് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ ഈ വിഷയത്തിൽ ഒരു നിലപാടെടുക്കുമെന്നും അത് ഒരു വാർത്താക്കുറിപ്പായി പ്രസിദ്ധീകരിക്കുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് അറിയിച്ചു. വിഷയത്തിൽ ഉടൻ തന്നെ അന്വേഷണം നടത്തുമെന്നും അവർ പറഞ്ഞു. ഇപ്പോൾ നടപടിയും വന്നിരിക്കുകയാണ്. ആൾ ഇന്ത്യ ബക്ചോദ് തങ്ങളുടെ ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ച ഉത്സവ് ചക്രബർത്തിയുടെ വീഡിയോകൾ നീക്കം ചെയ്തിട്ടുണ്ട്.

ചേതൻ ഭഗത്തിനെതിരെയും ആരോപണം

ഇതിനിടെ എഴുത്തുകാരൻ ചേതൻ ഭഗത്തും മിടൂ പ്രചാരണത്തിൽ കുടുങ്ങി. ചേതൻ തന്നോട് വാട്സാപ്പിലൂടെ വിവാഹാഭ്യാർത്ഥന നടത്തിയെന്ന ആരോപണമാണ് ഒരു സ്ത്രീ ഉന്നയിച്ചത്. തന്നെ ലൈംഗികാവശ്യങ്ങൾക്കായി ആകർഷിക്കാൻ ചേതൻ ശ്രമിച്ചെന്നും സ്ത്രീ പരാതിപ്പെട്ടു. വാട്സാപ്പ് സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടാണ് ചേതനെ ഇവർ കുടുക്കിയത്.

കുറച്ച് വർഷങ്ങൾക്കു മുമ്പാണ് ഈ സംഭവം നടന്നതെന്ന് ചേതൻ ഭഗത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ശാരീരികമായി യാതൊന്നും നടന്നിട്ടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടില്ലെന്നും ചേതൻ പറഞ്ഞു. പ്രസ്തുത വ്യക്തിയുടെ നമ്പർ താൻ ഈ സംഭവത്തിനു ശേഷം ഡിലീറ്റ് ചെയ്തെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. താൻ അന്നുവരെ കണ്ടു മുട്ടിയവരിൽ നിന്നും ഏറെ വ്യത്യസ്തയാണ് ഈ വ്യക്തിയെന്ന് തോന്നിയിരുന്നെന്നും അക്കാര്യം പ്രൈവറ്റ് മെസ്സേജിലൂടെ അവരെ അറിയിക്കേണ്ട കാര്യം തനിക്കില്ലായിരുന്നെന്നും ചേതൻ കൂട്ടിച്ചേർത്തു. ആ സന്ദർഭത്തിൽ തങ്ങൾ നേരിട്ടു നടത്തിയ ചില സംഭാഷണങ്ങളുടെ തുടർച്ചയായി വന്നതായിരിക്കാം വാട്സാപ്പിലെ സംഭാഷണങ്ങളെന്ന സൂചനയും ചേതൻ ഭഗത് നൽകുന്നുണ്ട്. ഈ സ്ക്രീൻ ഷോട്ടുകൾ യഥാർത്ഥമാണെന്ന് ചേതൻ ഭഗത് പറഞ്ഞു.

ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിലെ സദാനന്ദ് മേനോന്റെ ലൈംഗികപീഡനം അന്വേഷണ വിധേയമാക്കണം: സംയുക്തപ്രസ്താവന

ഒരു നടി താന്‍ അപമാനിക്കപ്പെട്ടു എന്ന് പബ്ലിക് ആയി പറഞ്ഞപ്പോള്‍ സംഭവിച്ചത് ഇതൊക്കെയാണ്

ഹോളിവുഡിലെ ‘ലൈംഗികാതിക്രമിയായ വേട്ടക്കാരന്‍’ ബില്‍ കോസ്ബിക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവ്!

ഷാഹിന കെ.കെ സംസാരിക്കുന്നു; ആ സ്ത്രീകള്‍ രാഷ്ട്രീയമാറ്റത്തിന്റെ ഏജന്റുമാരാണ്; പുരുഷന്മാര്‍ അവരെ വ്യക്തമായി കേള്‍ക്കുകയാണ് വേണ്ടത്

സ്ത്രീ ലൈംഗികതയിൽ ഒരു ജനാധിപത്യമുണ്ട്; അതുകൊണ്ട് പുരുഷന്മാരേ, ‘അസാധാരണ സ്ത്രീ’കളുടെ എണ്ണം പെരുകുകയാണ്

പാര്‍വ്വതി, നിഷ: നിങ്ങളുടെ ആണ്‍ഹുങ്കിനെ തച്ചുടയ്ക്കുന്ന പോരാളികളാണവര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍