UPDATES

മേഘാലയ: ഖനിയില്‍ നിന്നും ദുര്‍ഗന്ധം വരുന്നതായി റിപ്പോര്‍ട്ടുകള്‍; 15 തൊഴിലാളികളും മരിച്ചു?

കൂടുതല്‍ ശക്തിയുള്ള പമ്പുകള്‍ വേണമെന്ന് എന്‍ഡിആര്‍എഫ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. അതേസമയം ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നാണ് മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ പറയുന്നത്.

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ജില്ലയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകാമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തുന്ന ഡൈവര്‍മാര്‍ ദുര്‍ഗന്ധം വരുന്നതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് എന്‍ഡിആര്‍ഫ് ഇത്തരത്തില്‍ അറിയിച്ചത്. തൊഴിലാളികള്‍ മരിച്ചെന്നും മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയെന്നുമാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്റന്റ് സന്തോഷ് സിംഗ് പറയുന്നു. തൊഴിലാളികളെ ജീവനോടെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് അദ്ഭുതമായിരിക്കുമെന്നും സാധ്യത വളരെ കുറവാണെന്നും സന്തോഷ് സിംഗ് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തായ്‌ലാന്റ് ഗുഹയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഫുട്‌ബോള്‍ കോച്ചും കുടുങ്ങിയ സാഹചര്യത്തേക്കാള്‍ വളരെ സങ്കീര്‍ണമാണ് ജയന്തിയ ഹില്‍സിലെ കാര്യങ്ങളെന്നും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥന്‍ പറയുന്നു.

സമീപത്തുള്ള ലിറ്റീന്‍ നദിയില്‍ വെള്ളപ്പൊക്കമുണ്ടായതിന് പിന്നാലെ ഡിസംബര്‍ 13നാണ് 15 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. ഗുഹയ്ക്കകത്തെ വെള്ളം പുറത്തേയ്ക്ക് പമ്പ് ചെയ്ത് ജലനിരപ്പ് താഴ്ത്താന്‍ കഴിഞ്ഞിട്ടില്ല. 25 എച്ച്പി പമ്പുകള്‍ അപര്യാപ്തമാണ്. ഇതിനാല്‍ തിങ്കളാഴ്ച മുതല്‍ പമ്പിംഗ് നടന്നിട്ടില്ല. തൊഴിലാളികളുടെ നിലവിലെ അവസ്ഥയെന്താണ് എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.

ജില്ലാ ഭരണകൂടത്തോട് എന്‍ഡിആര്‍എഫ് ആവശ്യപ്പെട്ടിരിക്കുന്നത് 100 എച്ച്പി പമ്പെങ്കിലും വേണമെന്നാണ്. എന്‍ഡിആര്‍എഫിന്റെ 70 ഉദ്യോഗസ്ഥരും സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ (എസ് ഡി ആര്‍ എഫ്) 22 പേരുമാണ് രക്ഷപ്രവര്‍ത്തനത്തിനെത്തിയിരിക്കുന്നത്. കഴിഞ്ഞ 14 ദിവസം കൊണ്ട് മൂന്ന് ഹെല്‍മറ്റുകള്‍ മാത്രമാണ് കണ്ടെത്തിയത്. ഗുഹയിലെ ജലനിരപ്പ് 70 അടിയാണ്. 40 അടിയില്‍ ജലനിരപ്പുള്ള സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ മാത്രമേ എന്‍ഡിആര്‍എഫ് ഡൈവര്‍മാര്‍ക്ക് പരിശീലനമുള്ളൂ.

അകത്തെത്താന്‍ ഇതുവരെ കഴിയാത്തതിനാല്‍ നിരവധി പ്രശ്‌നങ്ങള്‍ എന്‍ഡിആര്‍എഫ് ടീമിനെ കുഴക്കുന്നുണ്ട്. ബേസ് ഏരിയയുടെ വ്യാപ്തി, എത്ര ടണലുകള്‍ കല്‍ക്കരി ഖനനത്തിനായി നിര്‍മ്മിച്ചിട്ടുണ്ട് എന്ന കാര്യം, ആഴം എന്നിവ സംബന്ധിച്ചുള്ള അജ്ഞത പ്രശ്‌നമാണ്. കൂടുതല്‍ ശക്തിയുള്ള പമ്പുകള്‍ വേണമെന്ന് എന്‍ഡിആര്‍എഫ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. അതേസമയം ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നാണ് മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ പറയുന്നത്.

കൂടുതല്‍ ശക്തിയുള്ള പമ്പുകള്‍ എത്തിക്കുന്നതിനും ഈ അനധികൃത ഖനി അടച്ചുപൂട്ടുന്നതിനും എന്താണ് തടസമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. തായ്‌ലാന്റ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചത് ഇന്ത്യന്‍ നിര്‍മ്മിത കിര്‍ലോസ്‌കര്‍ പമ്പുകളാണ്. രക്ഷാപ്രവര്‍ത്തകരും തായ്‌ലാന്റിലേയ്ക്ക് പോയിരുന്നു. എന്നാല്‍ സര്‍ക്കാരോ സ്വകാര്യ കമ്പനികളോ മേഘാലയയിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇത്തരത്തില്‍ സന്നദ്ധരായിട്ടില്ല. 100 എച്ച്പിയുടെ പത്ത് പമ്പുകളെങ്കിലും ആവശ്യമാണ് എന്ന് എന്‍ഡിആര്‍എഫ് പറയുന്നു. കൊണ്ടുവന്ന ശേഷി കുറഞ്ഞ പല പമ്പുകളും പ്രവര്‍ത്തനക്ഷമമല്ല. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ വിവരങ്ങളും സംസ്ഥാന സര്‍ക്കാരിന് ലഭ്യമല്ലെന്നും അത് വെറെ ഡിപ്പാര്‍ട്ട്‌മെന്റ് ആണ് നടത്തുന്നത് എന്നുമാണ് ആഭ്യന്തര മന്ത്രി ജയിംസ് സാങ്മ പ്രതികരിച്ചത്. പമ്പുകള്‍ക്ക് ശക്തി പോരെന്ന് ആഭ്യന്തര മന്ത്രിയും പറയുന്നു.

മാപ്പുകളോ ബ്ലൂപ്രിന്റുകളോ ലഭിച്ചിട്ടില്ലെന്ന് എന്‍ഡിആര്‍എഫ് ചൂണ്ടിക്കാട്ടുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഖനിയാണ്. എന്തൊക്കെയാണ് അകത്തുള്ളത് എന്ന് പറയാനാകില്ല. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഖനിയുടെ പ്രവര്‍ത്തനം തടഞ്ഞിരുന്നു. 350 അടി ആഴം ഗുഹയ്ക്കുണ്ടെന്ന ഏകദേശ ധാരണ മാത്രമാണുള്ളത്. ഇതില്‍ 70 അടിയില്‍ വെള്ളമുയര്‍ന്നിരിക്കുകയാണ്.

മേഘാലയയിലെ കല്‍ക്കരി ഖനികളും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം വലിയ പ്രശ്‌നമാണ്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് തന്നെ പ്രധാന കാരണങ്ങളിലൊന്ന് അനധികൃത ഖനികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്നതാണ്. അനധികൃത ഖനികള്‍ അടച്ചുപൂട്ടുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്‍പിപി – ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് മാസമായിട്ടും നടപടിയുണ്ടായില്ല. മറിച്ച് അനധികൃത ഖനികള്‍ കൂടുകയാണ് ചെയ്തത്.

അതേസമയം അനധികൃത ഖനികള്‍ നിരോധിക്കുക സാധ്യമല്ലെന്നാണ് ഗ്രാന്‍ഡ് കൗണ്‍സില്‍ ഓഫ് ചീഫ്‌സ് ഓഫ് മേഘാലയ ചെയര്‍മാന്‍ ജോണ്‍ എഫ് ഖാര്‍സിംഗ് പറയുന്നത്. ജയന്തിയ ഹില്‍സിലെ ഗോത്രവര്‍ഗ നേതാവാണ് ജോണ്‍ എഫ് ഖാര്‍സിംഗ്. 12, 13 തരം ഭൂമി ഉടമസ്ഥതകളാണ് മേഘാലയയിലുള്ളതെന്ന് ഖാര്‍സിംഗ് പറയുന്നു. ആളുകള്‍ തോന്നിയ പോലെ ഭൂമി കയ്യേറി ഉടമസ്ഥാവകാശം ഉറപ്പിക്കുന്ന നിലയാണ്. 1973 കോള്‍ മൈന്‍സ് നാഷണലൈസേഷന്‍ ആക്ട് മേഘാലയയില്‍ നടപ്പാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ 2017ല്‍ കത്ത് നല്‍കിയിരുന്നു. തദ്ദേശീയ ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ഭൂമിയിലെ അവകാശങ്ങളെ ബാധിക്കുമെന്ന വാദത്തിലാണ് ഇത് തടയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍