UPDATES

ഇന്ത്യ

ബിജെപിക്ക് അധികാരപങ്കാളിത്തമുള്ള മേഘാലയയിലും നാഗാലാ‌‍ന്‍ഡിലും പൊലീസ് മേധാവികള്‍ക്ക് സംഭവിക്കുന്നത്

സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റുപിന്‍ ശര്‍മയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നെയ്ഫു റിയോയും ഉപമുഖ്യമന്ത്രി വൈ പാറ്റണും ശര്‍മയെ മാറ്റാനുള്ള ശ്രമം നടത്തിയിരുന്നു.

ബിജെപിക്ക് അധികാര പങ്കാളിത്തമുള്ള രണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊലീസ് മേധാവിമാരായ ഡിജിപിമാരും സര്‍ക്കാരുകളുമായുള്ള സംഘര്‍ഷത്തെക്കുറിച്ചും രണ്ട് ഡിജിപിമാര്‍ക്കും ജനപിന്തുണ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തെക്കുറിച്ചുമാണ് ദ വയറും സ്‌ക്രോളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മേഘാലയയിലെ ഡിജിപി സ്വരാജ് ബീര്‍ സിംഗ്, ബിജെപി അനുകൂലിയായ മുന്‍ ഡിജിപിയെ സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നാഗാലാന്റിലാണെങ്കില്‍ ഡിജിപി സ്ഥാനത്ത് നിന്ന് റുപിന്‍ ശര്‍മയെ നീക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ പൊലീസ് ഉദ്യോഗസ്ഥരും വിവിധ പൗര സംഘടനകളും ശക്തമായി രംഗത്തുവന്നിരിക്കുന്നു.

ബിജെപി ബന്ധമുള്ള കുല്‍ബീര്‍ കൃഷനെ സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ ഉപദേഷ്ടാവായി നിയമിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മേഘാലയ ഡിജിപി സ്വരാജ് ബീര്‍ സിംഗ് രാജിക്കത്ത് നല്‍കിയിരിക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രം നേടിയ ബിജെപി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസിന്റെ അധികാര സാധ്യത അട്ടിമറിച്ചിട്ട് മൂന്ന് മാസമാകുമ്പോള്‍ എന്‍പിപിയും മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ടുതുടങ്ങിയിരിക്കുന്നു. സര്‍വീസ് കാലാവധി അവസാനിച്ചതിന് ശേഷം ഏപ്രിലില്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് പൊലീസ് മേധാവി സ്ഥാനത്ത് തുടരനാനുള്ള കാലാവധി നീട്ടിനല്‍കുകയായിരുന്നു. കുല്‍ബീര്‍ ക്രിഷനെ കാണാന്‍ സ്വരാജ് ബീര്‍ വിസമ്മതിച്ചു. പൊലീസ് വൃത്തങ്ങളില്‍ അത്ര നല്ല പേരല്ല മുന്‍ ഡിജിപിയും ഐബി ഉദ്യോഗസ്ഥനുമായിരുന്ന കുല്‍ബീര്‍ കൃഷനുള്ളത്.

2000ന്റെ തുടക്കത്തില്‍ അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്ന ശ്യാമള്‍ ദത്ത, കുല്‍ബീറിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ഐബിയില്‍ നിന്ന് മാറ്റിയിരുന്നു. കുല്‍ബീറിനെ ഐബി ചീഫ് ആക്കാനുള്ള നീക്കങ്ങള്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു. 2013ല്‍ ഡിജിപി ആയിരുന്ന കുല്‍ബീര്‍ കൃഷനോട് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി സ്ഥാനമൊഴിയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. മറിച്ച് സ്വരാജ് ബീര്‍ സിംഗ് ആണെങ്കില്‍ പൊലീസ് വൃത്തങ്ങളില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്. 2016 ഡിസംബറില്‍ ചുമതല ഏറ്റെടുത്തത് മുതല്‍ അദ്ദേഹം ചീത്തപ്പേരൊന്നും കേള്‍പ്പിച്ചിട്ടില്ല. ഇതുകൊണ്ട് തന്നെയാണ് ഏപ്രിലില്‍ അദ്ദേഹത്തിന് സര്‍വീസ് കാലാവധി നീട്ടിനല്‍കാന്‍ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ താല്‍പര്യപ്പെട്ടതും.

ഡിജിപിയുടെ പദവിയെ തന്നെ ചുരുക്കുംവിധത്തില്‍ സുരക്ഷ ഉപദേഷ്ടാവിനെ കൊണ്ടുവരാനാണ് ശ്രമമെന്ന് ഷില്ലോംഗ് ടൈംസ് എഡിറ്റര്‍ പട്രീഷ്യ മുഖിം പറയുന്നു. വിഘടനവാദ സായുധ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിച്ചു എന്ന് അവകാശപ്പെടുന്ന മേഘാലയ എന്തിനാണ് അപ്പോള്‍ സംസ്ഥാന സുരക്ഷ ഉപദേഷ്ടാവിനെ നിയമിക്കാന്‍ താല്‍പര്യപ്പെടുന്നത് എന്ന് വ്യക്തമല്ല. സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചതായി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രാജീവ് മെഹ്ത സ്ഥാനമൊഴിഞ്ഞ ശേഷം രണ്ട് വര്‍ഷമായി മേഘാലയയില്‍ ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഗാരോ കുന്നുകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്ന സമയത്താണ് രാജീവ് മെഹ്തയെ സുരക്ഷാ ഉപദേഷ്ടാവായി മേഘാലയ സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. 2018 ആദ്യത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അമര്‍ച്ച ചെയ്യാന്‍ സ്വരാജ് ഭിര്‍ സിംഗിന്റെ പൊലീസിന് കഴിഞ്ഞു. ഷില്ലോംഗില്‍ ഖാസികളും സിഖുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ ഉചിതമായി കൈകാര്യം ചെയ്യാനും പൊലീസിന് കഴിഞ്ഞതായി മേഘാലയക്കാരില്‍ വലിയൊരു വിഭാഗം കരുതുന്നു.

അതേസമയം നാഗാലാന്‍ഡില്‍ ഡിജിപി റുപിന്‍ ശര്‍മ തന്റെ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന ഉത്തരവില്‍ കൊഹിമയിലെ പൊലീസ് ആസ്ഥാനത്ത് അടുത്ത ദിവസം രാവിലെ നടത്താനിരുന്ന യോഗം വിലക്കിയിരിക്കുന്നു. എന്നാല്‍ ഈ ഉത്തരവും പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അവഗണിച്ച് പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. അവര്‍ ഒപ്പിട്ട നിവേദനവും സര്‍ക്കാരിന് നല്‍കി. റുപിന്‍ ശര്‍മയെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റരുതെന്നാണ് ഈ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. 700ലധികം പൊലീസ് ഉദ്യോഗസ്ഥരാണ് ഇതില്‍ ഒപ്പുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും റുപിന്‍ ശര്‍മയെ പിന്തുണച്ച് യുവാക്കളുടെ കാംപെയിന്‍ സജീവമായിട്ടുണ്ട്.

2017 നവംബര്‍ മുതല്‍ നാഗാലാന്റ് ഡിജിപി ആയ റുപിന്‍ ശര്‍മ്മയെ മാറ്റി ഛത്തീസ്ഗഡ് എഡിജിപി ജോണ്‍ ലോംഗ്കുമറിനെ കൊണ്ടുവരാനാണ് നീക്കം. എന്നാല്‍ റുപിന്‍ ശര്‍മ്മയെ സ്ഥാനത്ത് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തിറങ്ങി കഴിഞ്ഞു. പൊലീസിലെ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കാത്തതാണ് റുപിന്‍ ശര്‍മ്മയെ മാറ്റാന്‍ എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് ആരോപണം. പൊലീസ് ഉദ്യോഗസ്ഥരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ക്ഷേമ പരിപാടികള്‍ നടപ്പാക്കാനും ശ്രമിക്കുന്നതുകൊണ്ടാണ് റാങ്ക് ഭേദമന്യേ റുപിന്‍ ശര്‍മ ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമുള്ളയാളാകുന്നത് എന്നാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റുപിന്‍ ശര്‍മയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നെയ്ഫു റിയോയും ഉപമുഖ്യമന്ത്രി വൈ പാറ്റണും ശര്‍മയെ മാറ്റാനുള്ള ശ്രമം നടത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് അവര്‍ കത്തുകളയയ്ക്കുകയും ചെയ്തു. എന്നാല്‍ റുപിന്‍ ശര്‍മയുടെ ജനപിന്തുണ ഓരോ ദിവസവും കൂടി വരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍