UPDATES

ട്രെന്‍ഡിങ്ങ്

തൊഴിലാളികളെ ജീവനോടെ കിട്ടില്ലെന്ന് ഖനിയിൽ നിന്നും രക്ഷപ്പെട്ടയാൾ; അന്ത്യകർമങ്ങൾക്കായി മൃതദേഹങ്ങൾ കിട്ടണമെന്ന് ബന്ധുക്കൾ

സാഹിബ് അലി പറയുന്ന കണക്കുകൾ പ്രകാരം 17 പേർ ഖനിയിൽ അകപ്പെട്ടിട്ടുണ്ട്.

ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ ജീവനോടെ കിട്ടാൻ ഒരു സാധ്യതയുമില്ലെന്ന് ഡിസംബർ 13ലെ അപകടത്തിൽ നിന്നും രക്ഷപ്പെട്ടയാൾ. തുരങ്കത്തില്‍ മുഴുവൻ വെള്ളം നിറഞ്ഞിരിക്കും. വായു എത്താനുള്ള യാതൊരു മാർഗവുമില്ല. പിന്നെങ്ങനെയാണ് അവരെ ജീവനോടെ കിട്ടുകയെന്ന് ഖനിയിൽ നിന്നും രക്ഷപ്പെട്ട സാഹിബ് അലി ചോദിക്കുന്നു. മേഘാലയയിലെ ഈസ്റ്റ് ജയന്തിയ കുന്നുകളിലെ അനധികൃത ഖനികളിലൊന്നിലേക്ക് സമീപത്തെ നദിയിലെ വെള്ളം കയറിയതിനെ തുടർന്ന് 15 പേരോളം അകത്ത് കുടുങ്ങിയിരിക്കുകയാണ്. സംഭവം നടന്ന് ദിവസങ്ങൾക്കു ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസം മാത്രമാണ് ശക്തിയേറിയ പമ്പുകളെത്തിച്ച് വെള്ളം വറ്റിക്കുന്ന പ്രവർത്തനം നടത്താൻ സർക്കാരിന് സാധിച്ചത്.

ആസ്സാമിലെ ചിരംഗ് ജില്ലയിൽ നിന്നുള്ളയാളാണ് സാഹിബ് അലി. ഖനിയിൽ നിന്നും തലനാരിയ‌‌ഴയ്ക്ക് രക്ഷപ്പെട്ട അഞ്ചുപേരിലൊരാൾ. വെസ്റ്റ് ഹാരോ ഹിൽസിൽ നിന്നുള്ളവരാണ് രക്ഷപ്പെട്ട മറ്റ് നാലു പേർ. ഇവർ രക്ഷപ്പെട്ടയുടനെ സ്വന്തം നാട്ടിലേക്ക് പോയെന്ന് സാഹിബ് അലി പറഞ്ഞു.

ഇരുപത്തിരണ്ടു പേരാണ് ഖനിയിലേക്ക് ഇറങ്ങിയതെന്ന് സാഹിബ് അലി പറയുന്നു. പലരും ഖനിയുടെ ഏറ്റവും ഉള്ളിലേക്ക് കടന്നിരുന്നു. കാലത്ത് 5 മണിയോടെയാണ് ജോലികൾ തുടങ്ങിയത്. ഏതാണ്ട് രാവിലെ ഏഴുമണിയായതോടെ ഖനിയിൽ വെള്ളം നിറഞ്ഞിരുന്നു. ഖനിയുടെ അഞ്ചോ ആറോ അടി ഉള്ളിൽ ഉന്തുവണ്ടിയിലേക്ക് കൽക്കരി നിറയ്ക്കുകയായിരുന്നു സാഹിബ് അലി. പെട്ടെന്ന് അസാധാരണമായ ഒരു ചെറിയ കാറ്റ് ഖനിക്കുള്ളിലുണ്ടായത് സാഹിബ് അലി കണ്ടു. പിന്നാലെ വലിയ ശബ്ദത്തോടെ വെള്ളം അകത്തേക്ക് ഇരച്ചെത്തി. ഒരുവിധത്തിൽ താൻ നിന്നിരുന്ന കുഴിയുടെ പുറത്തെത്തുകയായിരുന്നെന്ന് സാഹിബ് അലി പറയുന്നു.

സാഹിബ് അലി പറയുന്ന കണക്കുകൾ പ്രകാരം 17 പേർ ഖനിയിൽ അകപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ ഒരുവിധം പുറത്തെത്തിക്കാമെന്നും അവരുടെ അന്ത്യകർമങ്ങൾ നിർവ്വഹിക്കാമെന്നും മാത്രമാണ് താൻ പ്രതീക്ഷിക്കുന്നത് സാഹിബ് പറയുന്നു.

370 അടി താഴ്ചയുള്ള ഖനിയിൽ 170 അടിയോളം വെള്ളം നിറഞ്ഞിരുന്നു. ശേഷി കുറഞ്ഞ പമ്പുകൾ കൊണ്ടാണ് തുടക്കത്തിൽ വെള്ളം നീക്കാൻ ശ്രമിച്ചിരുന്നത്. സംസ്ഥാന സർക്കാരിനോട് ശേഷി കൂടിയ പമ്പുകൾ രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. രക്ഷാപ്രവർത്തനത്തിന് ഏകോപനമില്ലാഞ്ഞതും പ്രയാസങ്ങളുണ്ടാക്കി. ആഭ്യന്തരമന്ത്രിയുടെ പക്കൽപ്പോലും വ്യക്തമായ വിവരങ്ങളില്ലാതിരുന്നത് വിമർശനങ്ങൾക്കിടയാക്കി. കഴിഞ്ഞദിവസം മാത്രമാണ് ശേഷി കൂടിയ പമ്പുകൾ എത്തിക്കാൻ സർക്കാരിനായത്.

ഒരുദിവസം 800 രൂപ മുതൽ 1500 രൂപ വരെയാണ് ഒരു ഖനിത്തൊഴിലാളിക്ക് ഉണ്ടാക്കാൻ കഴിയുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍