UPDATES

ഇന്ത്യ

തണുത്തുറയുന്ന കാശ്മീരില്‍ രാഷ്ട്രീയ മഞ്ഞുരുക്കം? ഗവര്‍ണറെ പ്രശംസിച്ച് മെഹബൂബയും ഒമറും

പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം ജമ്മു-കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചെങ്കിലും ഗവര്‍ണര്‍ ഇത് തള്ളി നിയമസഭ പിരിച്ചുവിടുകയായിരുന്നു

താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അനുസരിച്ച് തീരുമാനമെടുത്തിരുന്നെങ്കില്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടി വരുമായിരുന്നു എന്നാണ് നിയമസഭ പിരിച്ചുവിട്ടതിന് ന്യായീകരണമായി ജമ്മു-കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ചരിത്രം തന്നെ യാതൊരു ധാര്‍മ്മികതയുമില്ലാത്ത വ്യക്തിയായി വിലയിരുത്തുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നെ കുറ്റപ്പെടുത്തേണ്ടവര്‍ക്ക് അത് ചെയ്യാം. ഞാന്‍ ചെയ്തത് ശരിയാണ് എന്ന ബോധ്യമുണ്ട് – സത്യപാല്‍ മാലിക് പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഒരു പരിപാടിക്കിടെയാണ് സത്യപാല്‍ മാലിക്, ജമ്മു-കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് സംസാരിച്ചത്.

പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ചേര്‍ന്ന മഹാസഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് സമീപിച്ചെങ്കിലും ഗവര്‍ണര്‍ ഇത് തള്ളി നിയമസഭ പിരിച്ചുവിട്ടത് പ്രതിപക്ഷത്ത് നിന്നും വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞതിന് ശേഷം അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സുമെല്ലാം. മെഹബൂബ മുഫ്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷ പിന്തുണ അറിയിച്ച് അവകാശവാദം ഉന്നയിക്കുമ്പോള്‍ ഗവര്‍ണറുടെ ഓഫീസിലെ ഫാക്‌സ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി അജണ്ടകള്‍ നടപ്പാക്കുകയാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നും ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ഗവര്‍ണറുടെ വിശദീകരണത്തിന് ശേഷം ഇരു നേതാക്കളും പ്രശംസയുമായാണ് രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് കേള്‍ക്കാന്‍ നില്‍ക്കാതെ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി, സംസ്ഥാനത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ ആദ്യമാണെന്ന് മെഹബൂബ ട്വീറ്റ് ചെയ്തു.

ബിജെപിക്കും കൂട്ടാളികള്‍ക്കും കുതിരക്കച്ചവടം വഴി സര്‍ക്കാര്‍ രൂപീകരിക്കാന്‍ വഴിയൊരുക്കാതിരുന്ന ഗവര്‍ണറെ അഭിനന്ദിക്കുന്നതായി ഒമര്‍ അബ്ദുള്ള പറഞ്ഞു.

ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നു നിയമസഭയില്‍ രണ്ട് സീറ്റ് മാത്രമുള്ള സജ്ജാദ് ലോണിന്റെ പാര്‍ട്ടിയുടെ നീക്കം. 87 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള ജമ്മു കാശ്മീര്‍ നിയമസഭയില്‍ 44 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായ പിഡിപിക്ക് 28 സീറ്റും രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപിക്ക് 25 സീറ്റുമാണ് നിലവിലുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സിന് 15 സീറ്റ്. കോണ്‍ഗ്രസ് – 12, പീപ്പിള്‍സ് കോണ്‍ഫറന്‍സ് – 2, സിപിഎം – 1, പിഡിഎഫ് – 1, സ്വതന്ത്രര്‍ – 3 എന്നിങ്ങനെയാണ് ബാക്കി കക്ഷി നില. അതേസമയം പിഡിഎഫിന്റേയും സ്വതന്ത്രരുടേയും പിന്തുണ ലഭിച്ചാല്‍ പോലും പീപ്പിള്‍സ് കോണ്‍ഫറന്‍സിനും ബിജെപിക്കും കൂടി സര്‍ക്കാരുണ്ടാക്കി ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത. നേരത്തെ ശക്തമായ വിഘടനവാദ പ്രചാരണം നടത്തിയിരുന്ന സജ്ജാദ് ലോണിന്റെ പാര്‍ട്ടിയുമായുള്ള ബിജെപിയുടെ കൂട്ടുകെട്ട് വിവാദമായിരുന്നു. ഇരു പാര്‍ട്ടികളിലും പെടാത്ത 18 എംഎല്‍എമാരുടെ പിന്തുണ കൂടി തങ്ങള്‍ക്കുണ്ട് എന്നും സജ്ജാദ് ലോണ്‍ അവകാശപ്പെട്ടിരുന്നു. ഗവര്‍ണര്‍ ഓരോ ദിവസവും ഓരോന്ന് പറയുന്നു എന്നാണ് സജ്ജാദ് ലോണിന്റെ പരാതി. മെഹബൂബയ്ക്കും ഒമറിനും സര്‍ക്കാരുണ്ടാക്കാന്‍ ശരിക്കും താല്‍പര്യമുണ്ടായിരുന്നെങ്കില്‍ അവര്‍ തന്നെ വിളിക്കുകയോ കത്തയയ്ക്കുകയോ ചെയ്യണമായിരുന്നു എന്നും സജ്ജാദ് ലോണ്‍ പറയുന്നു.

അതേസമയം ഫാക്‌സ് മെഷീന്‍ പരിഹാസത്തിന് ഗവര്‍ണര്‍ സത്യപാല്‍ മാലികിന് മറുപടി ഇങ്ങനെയാണ് – പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും സര്‍ക്കാര്‍ രൂപീകരണം ഗൗരവമായി താല്‍പര്യപ്പെട്ടിരുന്നെങ്കില്‍ ഒരു ദിവസം മുന്നേ കത്തുമായി ജമ്മുവിലെത്തേണ്ടതായിരുന്നു (ജമ്മു കാശ്മീരിന്റെ ശീതകാല തലസ്ഥാനം ജമ്മുവിലാണ്. ശ്രീനഗര്‍ വേനല്‍ക്കാല തലസ്ഥാനമാണ്), അല്ലാതെ ട്വിറ്റര്‍ വഴിയല്ല കത്ത് നല്‍കേണ്ടിയിരുന്നത് എന്ന് ഗവര്‍ണര്‍ പരിഹസിച്ചു. ഈദ് അവധി ദിവസം ഗവര്‍ണര്‍ ഫാക്‌സ് മെഷീന് മുന്നില്‍ കാത്തിരിക്കുകയാണ് എന്നാണോ വിചാരിച്ചിരിക്കുന്നത് – സത്യപാല്‍ മാലിക് ചോദിച്ചു. ദീര്‍ഘകാലം ഗവര്‍ണര്‍ ആയിരുന്ന എന്‍എന്‍ വോറയ്ക്ക് പകരമാണ് ബിഹാര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലികിനെ കാശ്മീരില്‍ കൊണ്ടുവരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യത്തിനനുസരിച്ച് ജമ്മു-കാശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും വോറ ശ്രമിക്കുന്നില്ലെന്ന് നരേന്ദ്ര മോദി സര്‍ക്കാരിന് പരാതിയുണ്ടായിരുന്നു.

എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും കൈകോര്‍ത്തിരിക്കുന്നത് പാകിസ്താന് വേണ്ടിയാണ് എന്ന ബിജെപിയുടെ ആരോപണത്തെ തള്ളിക്കളയുകയാണ് ഗവര്‍ണര്‍ ചെയ്തത്. പകരം തിരിച്ചും ഇരു പാര്‍ട്ടി നേതാക്കളേയും പുകഴ്ത്തി. ഫാറൂഖ് അബ്ദുള്ളയേയോ ഒമര്‍ അബ്ദുള്ളയേയോ താന്‍ കുറ്റപ്പെടുത്തില്ലെന്നും അവര്‍ ഇന്ത്യയില്‍ കാശ്മീരിനെ നിലനിര്‍ത്താന്‍ താല്‍പര്യപ്പെട്ട ഷെയ്ഖ് അബ്ദുള്ളയുടെ പിന്‍ഗാമികളാണെന്നും അവര്‍ ദേശീയവാദികളാണെന്നും സത്യപാല്‍ മാലിക് അഭിപ്രായപ്പെട്ടു. മുഫ്തി മുഹമ്മദ് സയിദ് ഇന്ത്യക്കാരനമായിരുന്നു. അദ്ദേഹത്തിന്റെയോ മകളുടേയോ ദേശീയതയില്‍ ആര്‍ക്കും സംശയമില്ല – മാലിക് പറഞ്ഞു. അധികാരത്തിന് വേണ്ടി ഇത്തരത്തില്‍ വിരുദ്ധ പ്രത്യയശാസ്ത്രങ്ങളുള്ള കക്ഷികള്‍ സഖ്യവുമായി രംഗത്ത് വരുന്നത് ശരിയായ പ്രവണതയല്ലെന്ന് സത്യപാല്‍ മാലിക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഏതായാലും ഗവര്‍ണറും ജമ്മു കാശ്മീരിലെ ബിജെപിയുടെ എതിര്‍പക്ഷമായ പാര്‍ട്ടകളും തമ്മില്‍ സമവായത്തിന്റെ പാതയിലാണ് എന്നാണ് പരസ്പരമുള്ള പ്രശംസാ ചൊരിയലുകള്‍ സൂചിപ്പിക്കുന്നത്.

ജമ്മു കാശ്മീരിലെ ‘അസ്വാഭാവിക’ സഖ്യം തകര്‍ന്നു; ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ക്ക് അനിവാര്യമായ നീക്കം

ഒരു ജനാധിപത്യ രാജ്യത്തിന്റെ ധാര്‍മികതയാണ് ഇപ്പോള്‍ കാശ്മീര്‍ ആവശ്യപ്പെടുന്നത്

കാശ്മീര്‍; ചരിത്രവും രാഷ്ട്രീയവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍