UPDATES

ട്രെന്‍ഡിങ്ങ്

മെഹുല്‍ ചോക്സിയുടെ പൗരത്വം തിരിച്ചെടുക്കും; ഇന്ത്യക്ക് വിട്ടു നൽകും: ആന്റിഗ്വാ പ്രധാനമന്ത്രി

ചോക്സിയെ വിട്ടുതരണമെന്നും ഇന്ത്യയിലേക്ക് കൊണ്ടവരാൻ എയർ ആംബുലൻസ് വിടാമെന്നും ഇന്ത്യയുടെ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.

വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ ബിസിനസ്സുകാരൻ മെഹുൽ ചോക്സിയുടെ പൗരത്വം തിരിച്ചെടുക്കാൻ ആന്റിഗ്വ തയ്യാറായെന്ന് റിപ്പോർട്ട്. ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രോണെ ഇന്ത്യയുടെ നയതന്ത്ര സമ്മർദ്ദത്തിന് വഴങ്ങിയതായാണ് റിപ്പോർട്ട്. ഇതോടെ ചോക്സിയെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള വഴി ഒരുങ്ങിയിരിക്കുകയാണ്.

തങ്ങൾ ക്രിമിനലുകൾക്ക് ഒളിച്ചിരിക്കാനുള്ള ഇടമായി രാജ്യത്തെ മാറ്റുകയില്ലെന്ന് ആന്റിഗ്വ പ്രധാനമന്ത്രി വ്യക്തമാക്കി. മെഹുൽ‌ ചോക്സിക്ക് തങ്ങളുടെ രാജ്യത്ത് നിന്നും ലഭിക്കാനുള്ള നിയമപരമായ മറ്റു സാധ്യതകൾ ഇല്ലാതാകുന്നതോടെ അദ്ദേഹത്തെ ഇന്ത്യക്ക് വിട്ടുനൽകാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ചോക്സി തന്റെ പൗരത്വം നിയമപരമായ നേടിയതാണ് എന്നതിനാൽത്തന്നെ ചില പ്രയാസങ്ങൾ തങ്ങൾക്കുമുണ്ടെന്ന് അദ്ദേഗം സൂചിപ്പിച്ചു.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,400 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയെന്നതാണ് ചോക്സിക്കെതിരായ കേസ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ വിട്ട് യുഎസിലെത്തിയ മെഹുല്‍ ചോക്‌സി ആന്റിഗ്വയിലേയ്ക്ക് കടക്കുകയായിരുന്നു. ആന്‌റിഗ്വ പൗരത്വം സ്വീകരിച്ച മെഹുല്‍ ചോക്‌സി ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തി പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നു. നിശ്ചിത തുക നിക്ഷേപിച്ചാണ് ആന്റിഗ്വ നിയമപ്രകാരം മെഹുല്‍ ചോക്‌സിക്ക് പൗരത്വം നല്‍കിയത്.

ചോക്സിയെ വിട്ടുതരണമെന്നും ഇന്ത്യയിലേക്ക് കൊണ്ടവരാൻ എയർ ആംബുലൻസ് വിടാമെന്നും ഇന്ത്യയുടെ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. ആന്‌റിഗ്വയില്‍ വച്ച് തന്നെ ചോദ്യം ചെയ്യണം എന്ന മെഹുല്‍ ചോക്‌സിയുടെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് തള്ളി. ചികിത്സയിലായതിനാല്‍ ഇന്ത്യയിലേയ്ക്ക് വരാനാകില്ല എന്നാണ് മെഹുല്‍ ചോക്‌സിയുടെ വാദം.

ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കാന്‍ മെഹുല്‍ ചോക്‌സിയോട് കോടതി ആവശ്യപ്പെടണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. ഇന്ത്യയിലെത്താനുദ്ദേശിക്കുന്ന തീയതി കൃത്യമായി പറയണം. ശസ്ത്രക്രിയയ്ക്ക് ശേഷം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണ് എന്നും ഒന്നുകില്‍ ആന്റിഗ്വയില്‍ തന്നെ ചോദ്യം ചെയ്യാം, അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചോദ്യം ചെയ്യലിന് തയ്യാറാണെന്നും ചോക്‌സി നേരത്തെ അഭിഭാഷകന്‍ വഴി കോടതിയെ അറിയിച്ചിരുന്നു. ഇത് തള്ളിക്കളയുകയാണ് എന്‍ഫോഴ്സ്മെന്റ്. സാക്ഷികളുടെ ക്രോസ് വിസ്താരം ചോക്‌സി ആവശ്യപ്പെടുന്നു. അതേസമയം ക്രോസ് വിസ്താരം നടത്തണമെങ്കില്‍ വിചാരണ നടക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയില്‍ ഹാജരാകാന്‍ മെഹുല്‍ ചോക്‌സിം തയ്യാറാകണം എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍