UPDATES

ട്രെന്‍ഡിങ്ങ്

അകത്ത് മേവാനി, പുറത്ത് ഹര്‍ദിക്; അടുത്ത അഞ്ച് വര്‍ഷം ബിജെപി വെള്ളം കുടിക്കും

150 എന്നോ മൂന്നക്കമെന്നോ ഉള്ള ബിജെപിയുടെ സ്വപ്‌നങ്ങളെ തച്ചുടച്ചതിലും ചെറിയ മാര്‍ജിനില്‍ മാത്രം ബിജെപിയ്ക്ക് ജയിക്കാനായതിലും ഇവര്‍ക്കുള്ള പങ്ക് ചെറുതല്ല.

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ ചിത്രം തെളിഞ്ഞതോടെ ബിജെപി ആറാമതും ഗുജറാത്തില്‍ അധികാരമേറുകയാണ്. 150ലേറെ സീറ്റുകളെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദങ്ങളും തകര്‍ത്ത് മൂന്നക്കത്തില്‍ താഴെ മാത്രം സീറ്റുകളുമായാണ് ബിജെപി ഇക്കുറി നിയമസഭയിലെത്തുന്നത്. നിലവിലെ കണക്കുകള്‍ അനുസരിച്ച് 99 സീറ്റുകളുമായി ബിജെപി ഗുജറാത്ത് ഭരിക്കാന്‍ വീണ്ടുമെത്തുമ്പോള്‍ 80 സീറ്റുകളുമായി ശക്തമായ പ്രതിപക്ഷമാകാന്‍ കോണ്‍ഗ്രസുമുണ്ട്. മോദി യുഗം ആരംഭിച്ചതിന് ശേഷം ഗുജറാത്തില്‍ ആദ്യമായാണ് ശക്തമായ ഒരു പ്രതിപക്ഷത്തിന് കളമൊരുങ്ങുന്നത്. അതേസമയം സഭയ്ക്കുള്ളില്‍ 80 എംഎല്‍എമാരുമായി തങ്ങളെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിനേക്കാള്‍ ബിജെപി ഭയക്കേണ്ടി വരുന്നത് രണ്ട് ചെറുപ്പക്കാരെയാണ്. അവരിലൊരാള്‍ സഭയ്ക്കുള്ളില്‍ മറ്റൊരാള്‍ സഭയ്ക്ക് പുറത്തും സര്‍ക്കാരിന് സൃഷ്ടിക്കാനുള്ള തലവേദനകള്‍ അടുത്ത അഞ്ച് വര്‍ഷക്കാലത്തേക്ക് ബിജെപിയെ വെള്ളംകുടിപ്പിക്കുമെന്ന് തീര്‍ച്ച.

ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷവുമായി ഇക്കുറി നിയമസഭയിലെത്തുന്ന ജിഗ്നേഷ് മേവാനിയും പട്ടിദാര്‍ പ്രക്ഷോഭത്തിന്റെ കുന്തമുന ഹാര്‍ദിക് പട്ടേലുമാണ് ആ നേതാക്കള്‍. ദലിത് നേതാവെന്നാണ് അറിയപ്പെടുന്നതെങ്കിലും അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ജിഗ്നേഷ് മേവാനിയെ വളരെ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമാക്കി തീര്‍ത്തത്. അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടി സംസാരിക്കുന്നുവെന്നത് തന്നെയാണ് ജിഗ്നേഷ് മേവാനി ബിജെപിയ്ക്ക് സഭയ്ക്കുള്ളില്‍ സൃഷ്ടിക്കാനിടയുള്ള തലവേദന. ദലിത് വിഷയങ്ങളിലും ഭൂമി പ്രശ്‌നങ്ങളിലും ഇടപെട്ട് രാജ്യവ്യാപകമായി യാത്ര ചെയ്യുന്ന മേവാനി സഭയിലും ഇതേ വിഷയങ്ങള്‍ തന്നെയാകും ഉയര്‍ത്തിക്കൊണ്ടുവരിക. അഴിമതിക്കാരെന്ന് കോണ്‍ഗ്രസിനെ പരിഹസിക്കുന്ന ബിജെപി വികസനത്തിന്റെ പേരില്‍ ഗുജറാത്തില്‍ നടത്തുന്ന ഭൂമി ഏറ്റെടുക്കലുകള്‍ മേവാനിയുടെ ആയുധമാകും. വികസനമെന്ന പേരില്‍ യുവാക്കളുടെ കണ്ണുകെട്ടുന്ന ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും പൊള്ളത്തരത്തെ പൊളിച്ചുകാട്ടാന്‍ ഭൂമി വിഷയങ്ങള്‍ ഉയര്‍ത്തി മേവാനിയ്ക്കാകും. കൂടാതെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഭൂമിയ്ക്ക് വേണ്ടിയുള്ള സമരത്തിന്റെ ശബ്ദമാകാന്‍ അദ്ദേഹത്തിന് സഭയില്‍ സാധിക്കുകയും ചെയ്യും. ബിജെപിയെ നിയന്ത്രിക്കുന്ന ആര്‍എസ്എസ് ഗുജറാത്തില്‍-ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെമ്പാടുമുണ്ടെങ്കിലും ഗുജറാത്തിലെ എംഎല്‍എ എന്ന നിലയില്‍- നടത്തുന്ന ദലിത് പീഡനങ്ങള്‍ ഇനി ശക്തമായി തന്നെ ചോദ്യം ചെയ്യപ്പെടും. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ജിഗ്നേഷ് ഒരിക്കലും സഭയില്‍ ഒറ്റപ്പെടുകയുമില്ല.

ജയ് ഭീം; ജിഗ്നേഷ് മേവാനിയുടെ തീ പാറും പോരാട്ടം ഇനി നിയമസഭയിലേക്കും

പട്ടിദാര്‍ സംവരണ വിഷയത്തില്‍ ഉയര്‍ത്തിയ പ്രക്ഷോഭമാണ് ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഹാര്‍ദിക് പാട്ടേലിനെ പ്രസക്തനാക്കിയത്. പ്രായക്കുറവ് കാരണം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ലെങ്കിലും സഭയ്ക്ക് പുറത്ത് സര്‍ക്കാരിനെതിരെ ഏറ്റവും ഉയര്‍ന്നു കേള്‍ക്കുക ഈ 23കാരന്റെ ശബ്ദമാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സഭയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്നു ബിജെപി. ഞങ്ങള്‍ക്കൊപ്പം മോദിയുണ്ടെന്ന് ഈ തെരഞ്ഞെടുപ്പ് പ്രചരണത്തിലും അവരെക്കൊണ്ട് പറയിച്ചത് മോദിയില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയായിരുന്നു. അതിനാല്‍ തന്നെ മുമ്പ് പട്ടിദാര്‍മാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് ഹാര്‍ദികിന്റെ നേതൃത്വത്തില്‍ നടന്ന കലാപത്തെ പോലീസിനെയും കേന്ദ്രസേനയെയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ഗുജറാത്ത് സര്‍ക്കാരിന് സാധിച്ചിരുന്നു. എന്നാല്‍ ഇനി അതത്ര എളുപ്പമാകില്ല. കാരണം ഇപ്പോള്‍ ഹാര്‍ദിക്കിനും പട്ടിഡാര്‍മാര്‍ക്കും നിയമസഭയ്ക്കുള്ളിലെ പിന്തുണ കൂടിയിരിക്കുകയാണ്. പട്ടേലുമാരുടെ കൂടി പിന്തുണയോടെയാണ് കോണ്‍ഗ്രസ് സഭയിലെ ശക്തമായ പ്രതിപക്ഷമായിരിക്കുന്നത്. അതിനാല്‍ തന്നെ പട്ടേല്‍ സമുദായ നേതാവ് സഭയ്ക്ക് പുറത്തു നടത്തുന്ന പോരാട്ടങ്ങള്‍ക്ക് സഭയ്ക്കുള്ളില്‍ പിന്തുണ നല്‍കേണ്ട ധാര്‍മ്മികമായ ഉത്തരവാദിത്വം അവര്‍ക്കുണ്ട്. സംവരണമെന്ന ആവശ്യം കൂടുതല്‍ കര്‍ക്കശമായി ഉന്നയിക്കാനുള്ള അവസരമാണ് ഇവിടെ ഹാര്‍ദികിന് വന്നു ചേര്‍ന്നിരിക്കുന്നത്.

അല്‍പേഷ് താക്കൂറും നിയമസഭയിലേക്ക്; ബിജെപിയെ തോല്‍പ്പിച്ചത് 18,000ത്തിനടുത്ത് വോട്ടിന്

തങ്ങളുടെ പ്രാധാന്യമെന്താണെന്നാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതോടെ ഈ ചെറുപ്പക്കാര്‍ തെളിയിച്ചിരിക്കുന്നത്. 150 എന്നോ മൂന്നക്കമെന്നോ ഉള്ള ബിജെപിയുടെ സ്വപ്‌നങ്ങളെ തച്ചുടച്ചതിലും ചെറിയ മാര്‍ജിനില്‍ മാത്രം ബിജെപിയ്ക്ക് ജയിക്കാനായതിലും ഇവര്‍ക്കുള്ള പങ്ക് ചെറുതല്ല. ബിജെപിയുടെ നിലപാടുകളെ എതിര്‍ത്ത് അടുത്ത അഞ്ച് വര്‍ഷം ഞങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പ് ഹാര്‍ദിക് പട്ടേല്‍ ഇപ്പോഴേ നല്‍കിക്കഴിഞ്ഞു. വിരലിലെണ്ണാവുന്ന അംഗങ്ങളുടെ മാത്രം ഭൂരിപക്ഷത്തില്‍ ബിജെപി സഭ വിളിച്ചു ചേര്‍ക്കുമ്പോള്‍ തങ്ങളുടെ ശബ്ദത്തിനായിരിക്കും കൂടുതല്‍ കരുത്തെന്നാണ് പട്ടേലിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരുപക്ഷെ അഞ്ച് വര്‍ഷത്തിന് ശേഷം ബിജെപിയ്ക്ക് ഗുജറാത്തിലെ അധികാരം നഷ്ടമാകാനും ഈ രണ്ട് ചെറുപ്പക്കാര്‍ ഇടയാക്കിയേക്കാം.

ഇവര്‍ക്ക് ജാതിസമവാക്യങ്ങളെ മാറ്റാനാകും; ഈ മൂന്ന് യുവാക്കള്‍ ഗുജറാത്തിന്റെ വിധി നിര്‍ണയിക്കും

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍