UPDATES

കായികം

കശ്മീരിന് സ്വാതന്ത്ര്യം വേണം, ക്രിക്കറ്റില്‍ ഇന്ത്യ ജയിക്കണം; ഒരു പാകിസ്താനി പറയുന്നു

ക്രിക്കറ്റിന്റെ കാര്യം വരുമ്പോള്‍ നമ്മള്‍ ഒരു വശം ചേര്‍ന്നല്ലേ പറ്റൂ

ബെര്‍മിംഗ്ഹാമിലെ ടാക്‌സി ഡ്രൈവറാണ് അമ്പതുകാരനായ അബ്ദുള്‍ റഷീദ്. ജന്മസ്ഥലം പാക് അധിനിവേശ കശ്മീരിലെ മിര്‍പൂര്‍. 1990 ലാണ് റഷീദ് ഇംഗ്ലണ്ടില്‍ എത്തുന്നത്. ഒരു ബ്രിട്ടീഷുകാരിയെയും വിവാഹം കഴിച്ച് ഇപ്പോള്‍ ബെര്‍മിംഗ്ഹാമില്‍ ജീവിക്കുന്നുു. അബ്ദുള്‍ റാഷിദിനെ കുറിച്ച് ക്രിക്കറ്റ്‌നെക്‌സ്റ്റില്‍ വാര്‍ത്ത വരാന്‍ കാരണം മറ്റൊന്നുമല്ല, കടുത്ത ക്രിക്കറ്റ്് ആരാധകനാണ് റഷീദ്.

ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുന്നതിനു മുമ്പ് റഷീദ് ഇന്ത്യയേയും പാകിസ്താനെയും കുറിച്ചാണ് പറയുന്നത്. ഇന്ത്യക്കാരെ കാണുന്നതും സംസാരിക്കുന്നതും ഏറെ സന്തോഷമുള്ള കാര്യമാണെന്നു റഷീദ് പറയുന്നു. ഇന്ത്യക്കാര്‍ തനിക്ക് സഹോദരന്മാരാണെന്നു പറയുന്നു. പക്ഷേ റഷീദ് വിളിക്കാന്‍ ആഗ്രഹിക്കുന്ന മുദ്രാവാക്യം ആസാദ് കശ്മീര്‍ ആണ്.

ഇനി ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ക്രിക്കറ്റ്‌നെക്‌സ്റ്റ് ആദ്യം ചോദിക്കുന്നത് ഇന്നത്തെ മത്സരത്തില്‍ ആരെയാണ് പിന്തുണയ്ക്കുന്നതെന്നാണ്.

തീര്‍ച്ചയായും പാകിസ്താനെ തന്നെ. എല്ലാത്തിലും ഉപരി ഞങ്ങള്‍ പാകിസ്താനികളാണ്. ഇന്ത്യയെ ഞാന്‍ സ്‌നേഹിക്കുന്നു, എന്റെ അയല്‍ക്കാരായി കാണുന്നു. പക്ഷേ ക്രിക്കറ്റിന്റെ കാര്യം വരുമ്പോള്‍ നമ്മള്‍ ഒരു വശം ചേര്‍ന്നല്ലേ പറ്റൂ; ഇതായിരുന്നു റഷീദിന്റെ മറുപടി.
ഇനിയാണ് റഷീദിന്റെ നിലപാടില്‍ മാറ്റം വരുന്നതെന്നു ക്രിക്കറ്റ്‌നെക്സ്റ്റ് പറയുന്നു.

സംസാരത്തിനിടയില്‍ റഷീദ് തന്റെ സുഹൃത്തും ടാക്‌സി ഡ്രൈവറുമായ തര്‍ജന്‍ സിംഗിനെ ഫോണ്‍ ചെയ്തു. ഈ സംഭാഷണത്തിനൊടുവില്‍ റഷീദ് ഇന്നത്തെ മത്സരത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്;

ഞാന്‍ കരുതുന്നത് ഇന്ന് ഇന്ത്യ തീര്‍ച്ചയായും വിജയിക്കുമെന്നാണ്. അവസാനം കൊണ്ടുപോയി കലമുടയ്ക്കുന്ന ഏര്‍പ്പാടാണ് പാക് ടീമിനുള്ളത്. 2007 ലെ ടി20 ലോകകപ്പ് ഫൈനലിലും 2011 ലെ ലോകകപ്പ് സെമി ഫൈനലിലും വിജയത്തിന്റെ അടുത്തെത്തിയശേഷമായിരുന്നു തോല്‍വി.
പക്ഷേ റഷീദിന്റെ ഇന്ത്യ സപ്പോര്‍ട്ടിനു പിന്നില്‍ ചെറിയൊരു തന്ത്രമുണ്ട്. ഇത്തവണ ഞാന്‍ ഇന്ത്യയെ പിന്തുണയ്ക്കുകയാണെങ്കില്‍ പാകിസ്താന്‍ തീര്‍ച്ചയായും ഈ മത്സരം ജയിക്കും; ഒരു തമാശ ചിരിയോടെ റഷീദ് പറയുന്നതായി ക്രിക്കറ്റ് നെക്സ്റ്റ് എഴുതുന്നു.

ക്രിക്കറ്റ് വിട്ട്‌ വീണ്ടും കശ്മീര്‍ പ്രശ്‌നത്തിലേക്ക് വരുന്ന റഷീദ് പറയുന്നത് കശ്മീരിലെ സംഘര്‍ഷം രാഷ്ട്രീയമാണ്. അവിടുത്തെ ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. ഒരു കശ്മീരിയും, അവിടെയുള്ളവരാകട്ടെ, ഇവിടെയുള്ളവരാകട്ടെ, ഒരിക്കലും രക്തചൊരിച്ചിലോ വെറുപ്പോ ആഗ്രഹിക്കുന്നവരല്ല. ഇരുഭാഗത്തും നഷ്ടങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. എല്ലാം ശരിയാകുന്ന ഒരു സമയം വരുമെന്നും പ്രത്യാശിക്കുന്നു അബ്ദുള്‍ റഷീദ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍