നിയോലിബറല്‍ നയങ്ങളുടെ ചട്ടക്കൂടില്‍ നിന്ന് പുറത്തുവരാതെ ഇത് നടപ്പാക്കാന്‍ സാധ്യമല്ല. അത്തരത്തില്‍ നടപ്പാക്കുമെന്ന് പറയുന്നത് തിരഞ്ഞെടുപ്പ് തന്ത്രമായി മാത്രമേ കാണാനാകൂ.
മിനിമം വേതനം എല്ലാവര്‍ക്കും നല്‍കുക, മിനിമം വരുമാനം എല്ലാവര്‍ക്കും ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ സാര്‍വദേശീയ വേദികളില്‍ ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ ഇന്ത്യയിലും ഇത് നടപ്പാക്കണം എന്നൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. എല്ലാവര്‍ക്കും മിനിമം വേതനം നല്‍കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇപ്പോള്‍ കോണ്‍ഗ്രസ് ഇക്കാര്യം മുന്നോട്ടുവച്ചിരിക്കുന്നു. ബജറ്റില്‍ കേന്ദ്ര സര്‍ക്കാരും ഇത്തരമൊരു ആശയം മുന്നോട്ടുവയ്ക്കാന്‍ സാധ്യതയുണ്ട്. അത്തരത്തിലൊരു ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ എത്തരത്തിലാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യമാണ് പ്രശ്‌നം. മറ്റുള്ള ക്ഷേപദ്ധതികളെല്ലാം റദ്ദാക്കി ഇത് കൊണ്ടുവരണം എന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. അത്തരത്തില്‍ വന്നാല്‍ ഇത് പ്രതികൂലമാകും.
ഇത്തരമൊരു കാര്യം മുന്നോട്ടുവയ്ക്കുന്നവര്‍ വ്യക്തമാക്കേണ്ട കാര്യം തൊഴിലുറപ്പ് പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവയെ എല്ലാം ഇത് എങ്ങനെ ബാധിക്കും, ഇത് എല്ലാ വിഭാഗം ആളുകള്‍ക്കും നല്‍കുന്ന പരിപാടിയായിരിക്കുമോ എന്നെല്ലാമാണ്. അങ്ങനെ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുക എന്നതിന് എത്രമാത്രം തുക ബജറ്റില്‍ വകയിരുത്തേണ്ടി വരും. ഓരോ വ്യക്തിക്കും അല്ലെങ്കില്‍ ഓരോ വീടുകള്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുക എന്ന് പറയുമ്പോള്‍ അതിന് വലിയൊരു തുക നീക്കിവയ്‌ക്കേണ്ടി വരും. അതേസമയം സാമൂഹ്യസുരക്ഷ പദ്ധതികള്‍ പിന്‍വലിക്കാതെ തന്നെ മഹാഭൂരിപക്ഷം പേര്‍ക്കും ഇത് ലഭ്യമാക്കാന്‍ കഴിയുമെങ്കില്‍ അതിനെ തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതാണ്. എന്നാല്‍ പ്രായോഗികതലത്തില്‍ നോക്കുമ്പോള്‍ ആരെയൊക്കെ ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും, ആരെയൊക്കെ ഒഴിവാക്കേണ്ടതുണ്ട് എന്നതെല്ലാം സംബന്ധിച്ച് കൃത്യമായ കണക്കുകളും ധാരണയും ആവശ്യമാണ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പറയുന്ന കാര്യമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പറയുന്ന എല്ലാ കാര്യങ്ങളേയും ഗൗരവത്തിലെടുക്കാന്‍ കഴിയുകയുമില്ല. അതേസമയം ക്ഷേമരാഷ്ട്ര സങ്കല്‍പ്പവുമായി ബന്ധപ്പെട്ട ഒരു ആശയം എന്ന നിലയ്ക്ക് ഇത് ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. കേരളത്തില്‍ ഇതിനേക്കാള്‍ പുരോഗമനപരമായ തരത്തിലാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. 40 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഇതോടൊപ്പം മിനിമം വേതനം, ആരോഗ്യ ഇന്‍ഷുറന്‍സ്, സൗജന്യ സ്‌കൂള്‍ വിദ്യഭ്യാസം, മറ്റ് നിരവധി ക്ഷേമ പരിപാടികള്‍ എന്നിവയടക്കം കേരളം ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്നിലാണ്. ഇത്തരം കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നവര്‍ ചെയ്യേണ്ടത് തിരഞ്ഞെടുപ്പ് മുദ്രാവാക്യമായി ഒരു വാചകം പറയുക എന്നതിനപ്പുറം പ്രകടനപത്രികയില്‍ ഇത് വിശദമാക്കിക്കൊണ്ട് ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ്. വിശദാംശങ്ങള്‍ ജനങ്ങളോട് പറയണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ആയാലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ആയാലും ഇതിനെ ഗൗരവമായി കണ്ട് ഉത്തരവാദിത്തത്തോടെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം.
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്ന വിലയിരുത്തലിനോട് യോജിക്കുന്നില്ല. കോര്‍പ്പറേറ്റുകളില്‍ നിന്ന് ബാങ്കുകള്‍ക്ക് ലഭിക്കേണ്ട തുകയായ കിട്ടാക്കടം മൊത്തത്തില്‍ 10 ലക്ഷം കോടി രൂപയാണ്. ഇത്തരത്തില്‍ നിഷ്‌ക്രിയ ആസ്തിയുണ്ടാക്കിയവരുടെ വ്യക്തമായ പട്ടിക പോലും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. വാസ്തവത്തില്‍ വിജയ് മല്യയൊക്കെ ഇതിനകത്തെ ചെറിയ താരം മാത്രമാണ്. അതിനേക്കാളും വമ്പന്മാരായ കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ വലിയ കിട്ടാക്കടമുണ്ടാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെയൊന്നും നടപടിയുണ്ടാകുന്നില്ല. രാജ്യത്തെ എല്ലാ കൃഷിക്കാരും കൂടി തിരിച്ചടക്കാനുള്ള വായ്പയെടുത്താലും അത് 10 ലക്ഷം കോടിയുടെ പത്തിലൊന്ന് പോലും വരുന്നില്ല. വലിയ തോതില്‍ കിട്ടാക്കടമുണ്ടാക്കുന്ന ധനികരുടെ വായ്പയെല്ലാം എഴുതിത്തള്ളുകയാണ്. സാധാരണ കൃഷിക്കാരുടെ വായ്പകള്‍ എഴുതിത്തള്ളുന്നത് താരതമ്യേന സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ദോഷമുണ്ടാക്കുമെന്ന് കരുതുന്നില്ല.
അതേസമയം വായ്പ എഴുതിത്തള്ളല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സുസ്ഥിരത ഉറപ്പാക്കുന്ന നയപരമായ ഇടപെടലല്ല. ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില കൃഷിക്കാര്‍ക്ക് ലഭ്യമാക്കുകയും ലാഭകരമായി കൃഷി ചെയ്യാന്‍ കഴിയും വിധമുള്ള സാമ്പത്തിക നയങ്ങള്‍ കൊണ്ടുവരുകയാണ് വേണ്ടത്. ഇങ്ങനെ വന്നാല്‍ വായ്പ എഴുതിത്തള്ളണം എന്ന ആവശ്യം കര്‍ഷകര്‍ ഉന്നയിക്കില്ല. കൃഷി തുടരാന്‍ സാധിക്കാത്ത വിധത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഇടിയുന്ന തരത്തിലുള്ള നയങ്ങളുണ്ടാകുമ്പോളാണ് കര്‍ഷകര്‍ ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നത്. കടം എഴുതിത്തള്ളുക എന്നതിന് പകരം കടത്തിലേയ്ക്ക് അവര്‍ എത്തുന്ന അവസ്ഥ ഒഴിവാക്കുന്ന നയങ്ങള്‍ നടപ്പാക്കുക എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ താല്‍ക്കാലിക ആശ്വാസമെന്ന നിലയ്ക്ക് ഇപ്പോളത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കാര്‍ഷിക കടം എഴുതിത്തള്ളല്‍ പൂര്‍ണമായും ഒഴിവാക്കാനാകില്ല. കാരണം ബഹുഭൂരിപക്ഷം കാര്‍ഷിക കുടുംബങ്ങളും കടക്കെണിയിലാണ്. അവര്‍ക്ക് താല്‍ക്കാലികാശ്വാസം ആവശ്യമാണ്.
ലോകബാങ്കിന്റെയും അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളുടേയും ആവശ്യം പരിഗണിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെല്ലാം ചേര്‍ന്ന്, ദേശീയ വരുമാനത്തിന്റെ 3.5 ശതമാനത്തിലധികം കടമെടുക്കേണ്ടതില്ല എന്ന നയം സ്വീകരിച്ചിരിക്കുകയാണ്. സ്വകാര്യ മേഖലയ്ക്ക് എത്ര വേണമെങ്കിലും കടമെടുക്കാം, സര്‍ക്കാരുകള്‍ക്ക് പാടില്ല എന്നത്. കടമെടുത്ത് നിക്ഷേപിക്കേണ്ടതില്ല എന്ന നയം. അത്തരമൊരു സാമ്പത്തിക നയം സ്വീകരിച്ച ശേഷം ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച് വലിയ വാഗ്ദാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതില്‍ കാര്യമില്ല. നികുതിവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെ, കടമെടുക്കാനുള്ള സൗകര്യമില്ലാതെ, പൊതുമേഖലയെ നിലനിര്‍ത്തുന്ന സമീപനമില്ലാതെ, സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. പൊതുമിനിമം വരുമാനം എന്നത് രാജ്യത്ത് ഫിസ്‌കല്‍ ലിമിറ്റ് ഇത്രയേ പാടുള്ളൂ എന്ന് പറയുന്ന തിയറിയുമായി പൊരുത്തപ്പെടുന്നില്ല എന്ന കാര്യം വ്യക്തമാണ്.
നവ ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കണമെന്ന കടുംപിടിത്തം ഒഴിവാക്കാതെ ഇത് സാധ്യമാകില്ല. നിയോലിബറല്‍ നയങ്ങളുടെ ചട്ടക്കൂടില്‍ നിന്ന് പുറത്തുവരാതെ ഇത് നടപ്പാക്കാന്‍ സാധ്യമല്ല. അത്തരത്തില്‍ നടപ്പാക്കുമെന്ന് പറയുന്നത് തിരഞ്ഞെടുപ്പ് തന്ത്രമായി മാത്രമേ കാണാനാകൂ. ഇപ്പോള്‍ മോദി സര്‍ക്കാര്‍ കഴിഞ്ഞ നാല് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ നയങ്ങളും നടപടികളും സ്വീകരിക്കാന്‍ സാധിക്കാതെ പോയത്, ബിജെപിയുടെ ജനവിരുദ്ധ സമീപനം എന്നതിനേക്കാള്‍ നിയോലിബറല്‍ സാമ്പത്തിക നയങ്ങളാണ് അവര്‍ നടപ്പിലാക്കുന്നത് എന്നതുകൊണ്ടാണ്. ഇക്കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും എ ടീമും ബി ടീമും പോലെയാണ്. ധനകമ്മി അടക്കമുള്ള കാര്യങ്ങള്‍ സമ്മതിച്ചതിന് ശേഷം അവര്‍ ഈ പറയുന്ന തരത്തിലുള്ള ക്ഷേമ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത. ക്രൂഡ് ഓയിലിന്റെ വിലയെല്ലാം കുറഞ്ഞ് നില്‍ക്കുന്ന സമയത്ത് നികുതി വര്‍ദ്ധിപ്പിച്ച് കുറച്ച് വരുമാനമുണ്ടാക്കുക – ഇങ്ങനെ കുറച്ച് കാര്യങ്ങളൊക്കെ ചെയ്യുന്നു എന്ന് മാത്രം. രാഹുല്‍ ഗാന്ധി ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്ന മിനിമം ഇന്‍കം ഗാരണ്ടി പദ്ധതിയുടെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയാല്‍ മാത്രമേ ഇത് സംബന്ധിച്ച് കൂടുതല്‍ പറയാനാകൂ.
(അഴിമുഖം പ്രതിനിധി ഡോ. കെ എന്‍ ഹരിലാലുമായി സംസാരിച്ച് തയ്യാറാക്കിയത്)