UPDATES

ട്രെന്‍ഡിങ്ങ്

ഓരോ വ്യക്തിയെയും തല്‍സമയം നിരീക്ഷിക്കും: രാജ്യത്തിനകത്തെ ശത്രുക്കളെ ഓൺലൈനിൽ കണ്ടെത്താൻ മോദിയുടെ വമ്പൻ പദ്ധതി

വിവിധ വിഷയങ്ങളിൽ വ്യക്തികൾ നടത്തുന്ന ചർച്ചകളിന്മേൽ ‘360 ഡിഗ്രി കാഴ്ച’ നൽകാൻ പ്ലാറ്റ്ഫോമിന് സാധിക്കണമെന്നും ‍ടെൻ‌ഡർ പറയുന്നു.

വ്യാജ വാർത്തകളെ തടയാനെന്ന പേരിൽ പൊതുജനങ്ങളുട‍െ ഇമെയിലുകളും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും കൂടുതൽ ആഴത്തിൽ പരിശോധനകൾക്ക് വിധേയമാക്കാൻ മോദി സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർ‌ട്ട്. ‘ഇന്ത്യയുടെ ശത്രുക്കൾക്കു വേണ്ടി മാധ്യമ പ്രചാരണം’ നടക്കുന്നുവെന്ന് പ്രചരിപ്പിച്ചാണ് ഈ നീക്കം നടക്കുന്നത്.

ഈ ചുമതലയേറ്റെടുക്കാൻ തയ്യാറുള്ള കമ്പനികളിൽ നിന്ന് സർ‌ക്കാര്‍ ടെൻഡർ‌ ക്ഷണിച്ചിട്ടുണ്ട്. ട്വിറ്റർ, യൂടൂബ്, ലിങ്കഡ്ഇൻ, ഇന്റർനെറ്റ് ഫോറങ്ങൾ, ഇമെയിലുകൾ തുടങ്ങിയ എല്ലാ ഓൺലൈൻ സൗകര്യങ്ങളും തുടര്‍ച്ചയായി നിരീക്ഷിക്കുന്ന പ്രവർത്തനം നടത്താൻ കഴിയുന്ന കമ്പനികളിൽ നിന്നാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഒരു തൽസമയ ന്യൂ മീഡിയ കമാൻഡ് റൂം ഒരുക്കാനാണ് മോദി സർക്കാർ ഒരുങ്ങുന്നത്.

എന്തുതരം സേവനമാണ് വേണ്ടത്: ടെൻഡർ വിശദീകരിക്കുന്നു

ഓൺലൈൻ ടെൻഡറിലെ സ്കോപ് ഓഫ് വർക്ക് എന്ന ഭാഗത്തിൽ ടെൻഡർ പിടിക്കുന്ന കമ്പനി ചെയ്യേണ്ട ജോലിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. എല്ലാ പ്രധാനപ്പെട്ട സോഷ്യൽ മീഡിയകളിലും പൊതുജനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ ശേഖരിക്കുക, വാർത്താ മാധ്യമങ്ങൾ, ബ്ലോഗുകൾ, ഫോറങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വരുന്ന വാർത്തകളെ സൂക്ഷ്മനിരീക്ഷണം നടത്തുക എന്നിവയ്ക്കായി ഒരു പ്ലാറ്റ്ഫോം ഒരുക്കുകയാണ് വേണ്ടത്. ഈ പ്ലാറ്റ്ഫോം ഒരു മൊബൈൽ ഡാറ്റാബേസിലേക്ക് ബന്ധിപ്പിക്കണം. എവിടെ നിന്നും എപ്പോഴും അനുവാദമുള്ളവർക്ക് എളുപ്പത്തിൽ ഈ വിവരങ്ങൾ ലഭ്യമാകുന്ന വിധത്തിലായിരിക്കണം പ്ലാറ്റ്ഫോം തയ്യാറാക്കേണ്ടത്.

സോഷ്യൽ മീഡിയയിൽ വ്യക്തികൾ നടത്തുന്ന സംഭാഷണങ്ങളിന്മേലും നിരീക്ഷണം വേണം. വിവിധ വിഷയങ്ങളിൽ വ്യക്തികൾ നടത്തുന്ന ചർച്ചകളിന്മേൽ ‘360 ഡിഗ്രി കാഴ്ച’ നൽകാൻ പ്ലാറ്റ്ഫോമിന് സാധിക്കണമെന്നും ‍ടെൻ‌ഡർ പറയുന്നു.

ആരെയെല്ലാം നിരീക്ഷിക്കണം?

ടെൻഡറിൽ ചില കമ്പനികളുടെ പേരുകൾ വ്യക്തമായി പറയുന്നുണ്ട്. ട്വിറ്റർ, യൂടൂബ്, ഗൂഗിൾ പ്ലസ്, ഫ്ലിക്കർ, ബ്ലോഗുകൾ, പിന്ററസ്റ്റ്, ഫേസ്ബുക്ക്, ഇമെയിൽ സേവനങ്ങൾ തുടങ്ങിയ ഓൺലൈനിലുള്ള സകലതും നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്നാണ് ടെൻഡറിൽ പറയുന്നത്. രാജ്യത്തിനകത്തുള്ള ‘ഇന്ത്യയുടെ ശത്രുക്കളെ’ ഇല്ലായ്മ ചെയ്യുകയാണ് ഈ നിരീക്ഷണ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ടെൻഡറിൽ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയെക്കുറിച്ച് ‘പൊസിറ്റീവ്’ അല്ലാത്തതായ എല്ലാ അഭിപ്രായങ്ങളെയും പിടികൂടുക എന്നതാണ് ലക്ഷ്യമെന്ന് ടെൻഡറിൽ നിന്ന് വ്യക്തമാണ്. സർക്കാരിന് അനുകൂലമല്ലാതെ അഭിപ്രായങ്ങൾ വളരുന്ന ഇടങ്ങളെല്ലാം നിരീക്ഷണത്തിന് വിധേയമാക്കാന്‍ പോകുന്ന സംവിധാനമാണ് ഒരുങ്ങാൻ പോകുന്നത്. പൊതുജനങ്ങളെ ഓരോ മൈക്രോസെക്കൻഡിലും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു വൻ വലയായി ഈ പ്ലാറ്റ്ഫോം മാറുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇൻഫര്‍മേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഏപ്രിൽ 25ന് വിളിച്ചതാണ് ഈ ടെൻഡർ. അവസാനതിയ്യതി മെയ് 17 ആയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍