UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൊബൈൽ ചാർജർ മറന്നുവെച്ചെന്ന് വിശദീകരണം: ‘കാണാതായ’ കോൺഗ്രസ്സ് എംഎൽഎമാർ തിരിച്ചെത്തി

കഴിഞ്ഞദിവസങ്ങളിൽ കോൺഗ്രസ്സിനെ മുള്‍മുനയിൽ നിർത്തി അപ്രത്യക്ഷരായ രണ്ട് പാർട്ടി എംഎൽഎമാർ തിരിച്ചെത്തി. ഹാഗരിബൊമ്മനഹള്ളിയിൽ നിന്നുള്ള എംഎൽഎ ഭീമ നായിക്ക്, ആനന്ദ് സിങ് എന്നിവരാണ് തിരിച്ചെത്തിയത്. തന്നെ ബിജെപിയിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് ആനന്ദ് സിങ് തിരിച്ചെത്തിയ ശേഷം അവകാശപ്പെട്ടത്. ഭീമ നായിക്കാകട്ടെ, താൻ ഫോൺ ചാര്‍ജർ വീട്ടിൽ മറന്നുവെച്ചെന്നും അതുകൊണ്ടാണ് വിളിച്ചിട്ട് കിട്ടാഞ്ഞതെന്നുമാണ് വിശദീകരിച്ചത്.

ഇനി മൂന്ന് എംഎൽഎമാർ കൂടി ബിജെപി ക്യാമ്പിൽ നിന്ന് പുറത്തു വരാനുണ്ട്. ഗുഡ്ഗാവിലെ ഒരു ആഡംബര റിസോർട്ടിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം. 104 ബിജെപി എംഎൽഎമാരും ഇവിടെത്തന്നെയുണ്ട്. ബിജെപി എംഎൽഎമാര്‍ക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ശ്രമിക്കുന്നുണ്ടെന്നും എംഎൽഎമാരെ ഒരുമിപ്പിച്ച് നിർത്താനാണ് റിസോർ‌ട്ടിൽ താമസിപ്പിച്ചിരിക്കുന്നതെന്നാണ് യെദ്യൂരപ്പയുടെ വിശദീകരണം.

224 അംഗ നിയമസഭയില്‍ ജെഡിഎസ്സിന് 37ഉം സഖ്യകക്ഷിയായ കോൺഗ്രസ്സിന് 80ഉം അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്ര എംഎൽഎയുടെയും ഒരു ബിഎസ്പി എംഎൽഎയുടെയും ഒരു കെപിജെപി എംഎൽ‌എയുടെയും പിന്തുണയും ഇവർക്കുണ്ട്. ആകെ 120 എംഎൽഎമാരുടെ പിന്തുണ. ബിജെപിക്ക് 104 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. 113 എംഎൽഎമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ഇപ്പോൾ ബിജെപി സ്വാധീനിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നവരുടെയെല്ലാം പിന്തുണ കിട്ടിയാലും സഖ്യ സർക്കാരിന് വലിയ ഭീഷണി നിലനിൽക്കുന്നില്ല.

എംഎൽഎമാരെ തിരിച്ചുകൊണ്ടുവരാൻ കോൺഗ്രസ്സ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാറിനെയാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. കൂറുമാറ്റ നിരോധന നിയമം നിലവിലുള്ളതിനാല്‍ എംഎൽഎമാരെ കൊണ്ടുപോയാലും ബിജെപിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഡികെ പ്രസ്താവിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍