UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലുന്നതിനു മുമ്പ് വിഷം കൊടുത്തെന്ന് മാവോയിസ്റ്റുകൾ; കൊല്ലപ്പെട്ടവരുടെ ആന്തരാവയവങ്ങൾ സൂക്ഷിക്കാൻ പൊലീസ്

മാവോയിസ്റ്റ് പാർട്ടിയുമായി ബന്ധം വേർപെടുത്തി പൊലീസിനു വേണ്ടി ജോലി ചെയ്യുന്ന ഒരാളുമായി ഗൂഢാലോചന നടത്തി വിവാഹസദ്യയിൽ വിഷം ചേർക്കാൻ പൊലീസ് ആലോചിച്ചിരുന്നതായി ഗ്രാമത്തിൽ ഊഹപോഹം പരക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പൊലീസ് ഏറ്റുമുട്ടലിൽ‌ 34 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണങ്ങളുമായി സിപിഐ (മാവോയിസ്റ്റ്) രംഗത്ത്. തങ്ങളുടെ പ്രവർത്തകരെ പിടികൂടി വിഷം കൊടുത്തതിനു ശേഷം വെടിവെക്കുകയായിരുന്നുവെന്ന് പാർട്ടി വക്താവ് ജഗൻ പത്രക്കുറിപ്പിൽ പറഞ്ഞു. ഇക്കൂട്ടത്തിൽ നിരവധി ഗ്രാമവാസികളും ഉൾപ്പെടുന്നതായും പത്രക്കുറിപ്പ് ആരോപിച്ചു.

ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ കൊല്ലപ്പെട്ടവരുടെ ആന്തരാവയവങ്ങൾ സൂക്ഷിക്കാൻ പൊലീസ് പോസ്റ്റുമോർട്ടം ചെയ്ത ആശുപത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ പിന്നീട് രാസപരിശോധനയ്ക്ക് വിധേയമാക്കും.

ഏറ്റുമുട്ടൽ നടന്ന ഏപ്രിൽ 21 മുതൽ തങ്ങളുടെ ഗ്രാമത്തിൽ നിന്നും ഏഴ് പേരെ കാണാതായതായി ഗേറ്റ്പള്ളി ഗ്രാമവാസികളും പറയുന്നു. ഈ ഏഴുപേരും കസ്നസൂർ ഗ്രാമത്തിലേക്ക് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു. അന്നേദിവസം കസ്നസൂറിലെ ഒരു വിവാഹത്തിനായി പോകുകയായിരുന്ന മാവോയിസ്റ്റ് പാർട്ടി അംഗങ്ങളാണ് കൊല്ലപ്പെട്ടതും. ക്സനസൂറിലെ ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിലൊരാളും പാർട്ടിയുടെ ഡിവിഷണൽ കമ്മറ്റി മെമ്പറുമായ സായ്നാഥ് ഗേറ്റ്പള്ളി സ്വദേശിയാണ്.

എട്ടുപേരാണ് ഗേറ്റ്പള്ളിയിൽ നിന്നും വിവാഹത്തിനായി പോയത്. ഇവരാരും വിവാഹത്തിനെത്തിയില്ലെന്നാണ് വിവരം. ഇവരില്‍ ഉജ്ജു എന്നയാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ബാക്കി ഏഴുപേരെയും പൊലീസ് കൊന്നിരിക്കാമെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ഇവർക്ക് മാവോയിസ്റ്റ് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും നാട്ടുകാർ പറയുന്നു.

മാവോയിസ്റ്റ് പാർട്ടിയുമായി ബന്ധം വേർപെടുത്തി പൊലീസിനു വേണ്ടി ജോലി ചെയ്യുന്ന ഒരാളുമായി ഗൂഢാലോചന നടത്തി വിവാഹസദ്യയിൽ വിഷം ചേർക്കാൻ പൊലീസ് ആലോചിച്ചിരുന്നതായി ഗ്രാമത്തിൽ ഊഹപോഹം പരക്കുന്നുണ്ട്. അതെസമയം, ഇപ്പോഴും തിരിച്ചറിയാത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ ടെസ്റ്റുകൾ നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍