UPDATES

ഇന്ത്യ

ആഭ്യന്തര മന്ത്രി ആര്‍ ലാല്‍സിര്‍ലിയാന രാജി വച്ചു; മിസോറാം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

നിലവില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഒരേയൊരു വടക്കുകിഴക്കന്‍ സംസ്ഥാനമാണ് മിസോറാം.

മിസോറാം പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയില്‍ പൊട്ടിത്തെറി. ആഭ്യന്തര മന്ത്രി ആര്‍ ലാല്‍സിര്‍ലിയാനയുടെ രാജിയെ തുടര്‍ന്ന് ലാല്‍ താന്‍ഹാവാലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര സംഘര്‍ഷം മൂര്‍ച്ഛിച്ചത് എന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ മണ്ഡലത്തിന്റെ ഭാഗമായ സെയുത്വാള്‍ മേഖലയെ ജില്ലയാക്കി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ രാജി വയ്ക്കുന്നതെന്നാണ് കത്തില്‍ ലാല്‍സിര്‍ലിയാന പറയുന്നത്. മുഖ്യമന്ത്രി ലാല്‍ താന്‍ഹാവാലയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും അടക്കം, ജില്ല രൂപീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായാണ് ലാല്‍സിര്‍ലിയാന പറയുന്നത്. 1998 മുതല്‍ തുടര്‍ച്ചയായ നാല് തവണ ഇവിടെ നിന്ന് ലാല്‍സിര്‍ലിയാന നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അതേസമയം യഥാര്‍ത്ഥ പ്രശ്‌നം ഇതല്ലെന്നും പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടിയാണ് ലാല്‍സിര്‍ലിയാനയുടെ രാജിക്ക് പിന്നിലെന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം പറയുന്നു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ ലാല്‍സിര്‍ലിയാനയ്ക്ക് അച്ചടക്ക സമിതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ലാല്‍സിര്‍ലിയാന മിസോ നാഷണല്‍ ഫ്രണ്ടിലേയ്ക്ക് പോകും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കുന്ന തരത്തില്‍ കോണ്‍ഗ്രസിനോടുള്ള കൂറ് വ്യക്തമാക്കുന്ന തരത്തില്‍ വിശദീകരണമോ പ്രസംഗമോ പ്രസ്താവനയോ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്ന പരാതി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനുണ്ട്. മിസോറാമില്‍ ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മിസോ ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ ലാല്‍സിര്‍ലിയാനയുടെ പേരുമുണ്ടായിരുന്നു.

സെപ്റ്റംബര്‍ 14നകം എന്തുകൊണ്ട് അച്ചടക്ക നടപടി എടുക്കരുത് എന്നത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാണ് ലാല്‍സിര്‍ലിയാനയ്ക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. അതേസമയം മന്ത്രി സ്ഥാനം രാജി വച്ച സ്ഥിതിക്ക് അതിന്റെ ആവശ്യമില്ലെന്നാണ് ലാല്‍സിര്‍ലിയാനയുടെ വിശദീകരണം. നിലവില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഒരേയൊരു വടക്കുകിഴക്കന്‍ സംസ്ഥാനമാണ് മിസോറാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍