UPDATES

മഴ വക വയ്ക്കാതെ ആറ് മണിക്കൂര്‍, ഒടുവില്‍ ഡികെ ശിവകുമാര്‍ പൊലീസ് കസ്റ്റഡിയില്‍; മുംബയ് ഹോട്ടലിന് മുന്നില്‍ നാടകീയ രംഗങ്ങള്‍

മിലിന്ദ് ദേവ്‌റയേയും കസ്റ്റഡിയിലെടുത്തു

മുംബയ് ഹോട്ടലിന് മുന്നില്‍ വിമത എംഎല്‍എമാരെ കാണാതെ പോകില്ല എന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബയ് മുന്‍ പിസിസി പ്രസിഡന്റ് മിലിന്ദ് ദേവ്രയേയും കസ്റ്റഡിയിലെടുത്തു. മഴ വക വയ്ക്കാതെ ആറ് മണിക്കൂറോളമാണ് ശിവകുമാര്‍ എംഎല്‍എമാരെ കാണാനായി നിന്നത്. ശിവകുമാര്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി എംഎല്‍എമാര്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് ശിവകുമാറിനെ തടഞ്ഞത്. പൊലീസ് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ശിവകുമാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഹോട്ടലിന്റെ 500 മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാജി വച്ച കോണ്‍ഗ്രസ് എംഎല്‍എമാരെ പിന്തിരിപ്പിക്കാനാണ് ശിവകുമാര്‍ മുംബൈയിലെത്തിയത്.

14 എംഎല്‍എമാര്‍ രാജി വയ്ക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ നിയമസഭയില്‍ 119 അഗംങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം 103ലേയ്ക്ക് ചുരുങ്ങുകയും 105 സീറ്റുണ്ടായിരുന്ന ബിജെപിയുടെ പിന്തുണ 107ലേയ്ക്ക് ഉയരുകയും ചെയ്തു. 14 എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ ബാക്കിയുള്ള 211 സീറ്റില്‍ 106 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

തങ്ങളുടെ രാജി അംഗീകരിക്കാത്തതിനെതിരെ എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. എംഎല്‍എമാരുടെ രാജിയില്‍ അടുത്ത തിങ്കളാഴ്ച തീരുമാനമെടുക്കാമെന്നാണ് സ്പീക്കര്‍ കെആര്‍ രമേഷ് അറിയിച്ചിരിക്കുന്നത്. വിമത എംഎല്‍എമാര്‍ മുംബയ് ഹോട്ടലില്‍ തുടരുകയാണ്. ഇവരെ അനുനയിപ്പിക്കാനും രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനുമുള്ള ശ്രമം കോണ്‍ഗ്രസും ജെഡിഎസും തുടരുകയാണ്. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ എംഎല്‍എമാരെ കാണാനായി ഹോട്ടലിലെത്തിയെങ്കിലും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രി കുമാരസ്വാമിയില്‍ നിന്നും ശിവകുമാറില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ് എംഎല്‍എമാര്‍ പൊലീസിനെ സമീപിച്ചിരുന്നു.

ഇതിനിടെ നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് ബിജെപി നിവേദനം നല്‍കി. വിശ്വാസ വോട്ടിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബിഎസ് യെദിയൂരപ്പ പറഞ്ഞു. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടണമെന്ന് ബിജെപിയുടെ നിവേദനത്തില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍