UPDATES

ഝാര്‍ഖണ്ഡില്‍ 24 മണിക്കൂറിനുള്ളില്‍ ജനക്കൂട്ടം അടിച്ചു കൊന്നത് ഏഴു പേരെ

കുട്ടികളെ കടത്തുന്നവര്‍ എന്നു സംശയിച്ചാണ് ആക്രമണമുണ്ടായത്

ഝാര്‍ഖണ്ഡിലെ ജാംഷെഡ്പൂരിനടുത്ത് 24 മണിക്കൂറിനുള്ളില്‍ ജനക്കൂട്ടം തല്ലിക്കൊന്നത് ഏഴു പേരെ. കുട്ടികളെ കടത്തുന്ന സംഘം എന്ന അഭ്യൂഹത്തിന്റെ പുറത്താണ് ഇവര്‍ ആക്രമണത്തിന് ഇരയായതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായാണ് രണ്ട് ആക്രമണവും നടന്നത്. ആദിവാസി മേഖലയായ ഇവിടെ നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ആദിവാസികളാണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഈ മാസം 12-നും 13-നും സമാന മാതൃകയില്‍ ജനക്കൂട്ടം രണ്ടു പേരെ അടിച്ചു കൊന്നിരുന്നു.

വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിലാണ് ഷെയ്ക്ക് സജ്ജു (25), ഷെയ്ക്ക് സിറാജ് (26), നയീം (35), ഷെയ്ക്ക് ഹലീം എന്നിവര്‍ കൊല്ലപ്പെട്ടത്. ബുധാനഴ്ച രാത്രി ഈസ്റ്റ് സിംഗ്ഭൂം ജില്ലയിലെ ഹല്‍ദിപോക്കാറില്‍ നിന്ന് സെരായികേലഖര്‍സ്വാനിലെ രാജ്‌നഗറിലേക്ക് പോയതായിരുന്നു ഇവര്‍. രാവിലെ ഇവിടെയെത്തിയ ഇവരെ ജനക്കൂട്ടം തടയുകയായിരുന്നു. കുട്ടികളെ കടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് ആരോപിച്ചായിരുന്നു ആക്രമണം തുടങ്ങിയതെന്ന് പോലീസ് പറയുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് സഥലത്തെത്തിയെങ്കിലും പോലീസ് ജീപ്പിന് തീയിട്ട ജനക്കൂട്ടം പോലീസിനെയും ആക്രമിച്ചു.

ഇതിനിടെ, സജ്ജു, സിറാജ്, ഹലീം എന്നിവര്‍ രക്ഷപെട്ടെങ്കിലും നയീമിനെ ജനക്കൂട്ടം കല്ലുകളും വടികളുമുപയോഗിച്ച് മര്‍ദ്ദിച്ചു. മറ്റൊരു പോലീസ് സംഘം നയീമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരിച്ചു. രക്ഷപെട്ട സജ്ജുവും സിറാജും രാജ്‌നഗറില്‍ തന്നെയുള്ള സുനില്‍ മഹാതോ എന്നയാളുടെ വീട്ടില്‍ അഭയം പ്രാപിച്ചെങ്കിലും ജനക്കൂട്ടം ഇവരെ കണ്ടെത്തി തല്ലിക്കൊല്ലുകയായിരുന്നു. ഹലീം ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടെന്നാണ് കരുതിയതെങ്കിലും പിന്നീട് ഹലീമിന്റെ മൃതദേഹവും കണ്ടെത്തി.

ഇവരുടെ മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ കുടുംബങ്ങള്‍ വിസമ്മതിക്കുകയും ചെയ്തു. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കുടുംബങ്ങള്‍ ആവശ്യപ്പെട്ടത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത രണ്ടു ലക്ഷം രൂപ സ്വീകരിക്കാനും ഇവര്‍ വിസമ്മതിച്ചുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാമത്തെ ആക്രമണമുണ്ടായത് ഗൗതം വര്‍മ (27), സഹോദരന്‍ വികാസ് വര്‍മ (25), ഇവരുടെ മൂത്ത സഹോദരന്‍ ഉത്തം വര്‍മ, ഇവരുടെ സുഹൃത്ത് ഗംഗേഷ് ഗുപ്ത എന്നിവര്‍ക്കു നേരെയാണ്. ജാംഷെഡ്പൂരിലെ ബാഗ്പീഡയിലായിരുന്നു സംഭവം. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി തങ്ങള്‍ പുതിയതായി ടോയ്‌ലെറ്റ് സ്ഥാപിക്കല്‍ ബിസിനസ് തുടങ്ങിയിരുന്നുവെന്നും ഇതിനുള്ള പ്രചരണാര്‍ഥം ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കാനായി എത്തിയപ്പോള്‍ ആക്രമിക്കപ്പെടുകയായിരുന്നു എന്നുമാണ് ആക്രമണത്തില്‍ നിന്നു രക്ഷപെട്ട ഉത്തം വര്‍മ പറയുന്നത്. ഗോരാധി എന്ന ഗ്രാമത്തില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് ജനക്കൂട്ടം ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. ഉത്തം വര്‍മ ആധാര്‍ കാര്‍ഡ് കാണിച്ചുവെങ്കിലും മറ്റ് മൂന്നു പേരുടേയും പക്കല്‍ ഇതുണ്ടായിരുന്നില്ല. തുടര്‍ന്ന് ഉത്തം വര്‍മ വീട്ടിലേക്ക് വിളിച്ച് മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖകള്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പോലീസ് പറയുന്നു. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തില്‍ പെട്ടവരാണ് എന്ന് ആരോപിച്ച് ഉടന്‍ തന്നെ ജനക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഗൗതം വര്‍മയും വികാസ് വര്‍മയും ഗംഗേഷ് ഗുപ്തയും മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞയാഴ്ച നടന്ന സമാനമായ ആക്രമണത്തില്‍ നിഖില്‍ ടുഡു, മുഹമ്മദ് നസീം എന്നിവരും കൊല്ലപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഗ്യാംഗ് സജീവമാണെന്ന അഭ്യൂഹം ഇവിടെ ശക്തമാണെന്നും എന്നാല്‍ ഇത്തരത്തിലുള്ള കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറയുന്നു. പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ ഗ്രാമങ്ങളില്‍ ബോധവത്ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. ഇത്തരം അഭ്യൂഹങ്ങള്‍ പരത്താന്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതായും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായതെന്നും തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ഇത് പടരുകയായിരുന്നുവെന്നും ജാംഷെഡ്പൂര്‍ എസ്.എസ്.പി അനൂപ് ടി. മാത്യു പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍