UPDATES

പിണറായി ഉള്‍പ്പെടെയുള്ളവരെ ദേശദ്രോഹികളും നിശബ്ദരാക്കപ്പെടേണ്ടവരുമായി ചിത്രീകരിച്ച് സംഘപരിവാര്‍ ആപ്പ്

നരേന്ദ്ര മോദി അടുത്ത പ്രധാനമന്ത്രി എന്ന നിലയിലുള്ള സോഷ്യല്‍ മീഡിയ-സാങ്കേതിക പ്രചരണത്തിന് തുടക്കം കുറിച്ചയാളാണ് ബി.ജി മഹേഷ്.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം മണിയും ഉള്‍പ്പെടെയുള്ളവരെ രാജ്യദ്രോഹികളും നിശബ്ദരാക്കപ്പെടേണ്ടവരുമായി ചിത്രീകരിച്ച് സംഘപരിവാര്‍ ആപ്പ്. ബാംഗ്ലുര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Apption Digital Technologies Pvt Ltd-ന്റെ മൊബൈല്‍ ഇ-പോളിംഗ് ആപ്ലിക്കേഷനായ MyVoteToday ആണ് ട്വിറ്ററില്‍ ഇത് സംബന്ധിച്ച് സര്‍വെ നടത്തിയിരിക്കുന്നത്. വ്യക്തികളെ രാജ്യദ്രോഹികളെന്നു മുദ്രകുത്തുകയും അവര്‍ക്കെതിരെ അക്രമം നടത്താന്‍ പരസ്യമായി ആഹ്വാനം ചെയ്തിട്ടും ഇക്കാര്യത്തില്‍ ട്വിറ്റര്‍ മൗനം പാലിക്കുകയും ചെയ്യുന്നു. ട്വിറ്റിലെ വേരിഫൈഡ് അക്കൗണ്ടാണ് MyVoteToday-ന്റേത്.

പിണറായിക്കും മണിക്കും പുറമെ രാഷ്ട്രീയക്കാരായ സോണിയാ ഗാന്ധി, മമത ബാനര്‍ജി, സീതാറാം യെച്ചൂരി, മണിശങ്കര്‍ അയ്യര്‍, അസസുദീന്‍ ഒവൈസി, ദിഗ്‌വിജയ് സിംഗ്, ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, കവിതാ കൃഷ്ണന്‍, പി. ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരും അക്കാദമിക്-മാധ്യമ-ചലച്ചിത്ര-സാംസ്‌കാരിക മേഖലകളിലുള്ള അമര്‍ത്യ സെന്‍, റോമില ഥാപ്പര്‍, അണ്ണാ ഹസാരെ, അരുന്ധതി റോയി, ബര്‍ഖാ ദത്ത്, ഇര്‍ഫാന്‍ ഹബീബ്, ജോണ്‍ ദയാല്‍, കാഞ്ച ഐലയ്യ, കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, കരണ്‍ ഥാപ്പര്‍, ശേഖര്‍ ഗുപ്ത, രാജ്ദീപ് സര്‍ദേശായി, സാഗരിക ഘോഷ്, നന്ദിനി സുന്ദര്‍, ജാവേദ് അഖ്തര്‍, ടീസ്റ്റ സെറ്റല്‍വാദ്, പ്രണോയ് റോയ്, മേധാ പട്കര്‍, പ്രശാന്ത് ഭൂഷണ്‍, രാമചന്ദ്ര ഗുഹ, റാണാ അയൂബ്, സഞ്ജീവ് ഭട്ട്, ഷെഹ്‌ല റാഷിദ് തുടങ്ങി 66 പേരുകളും അവരുടെ ചിത്രങ്ങളുമാണ് MyVoteToday രാജ്യദ്രോഹികളും നിശബ്ദരാക്കപ്പെടേണ്ടവരുമായി ചിത്രീകരിച്ച് വോട്ടിംഗിനായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചരണ മുദ്രാവാക്യമായിരുന്ന #MakeAmericaGreatAgain എന്നതിന് സമാനമായി #MakeIndiaGreatAgain എന്ന ഹാഷ്ടാഗിനൊപ്പം #EnemiesOfInda എന്ന് ചേര്‍ത്താണ് നിശബ്ദരാക്കപ്പെടേണ്ട 66 പേര്‍ എന്ന് ചേര്‍ത്തിരിക്കുന്നതും ഇതില്‍ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നതും. ഇന്ത്യയുടെ ശത്രുക്കളെന്ന പേരില്‍ ഇത്തരത്തില്‍ പ്രചരണം നടത്തുന്നത് കുറ്റകരമാണ് എന്നിരിക്കെയാണ് MyVoteToday ഇതുമായി മുന്നോട്ടു പോകുന്നതും ട്വിറ്റര്‍ ഇതിന് അനുവാദം നല്‍കിയിരിക്കുന്നതും.

നിങ്ങള്‍ക്ക് ആരെയെങ്കിലും തല്ലണമെന്നുണ്ടെങ്കില്‍ ആരെ തല്ലും എന്ന ചോദ്യവുമായി കഴിഞ്ഞ ഫെബ്രുവരിയിലും MyVoteToday 96 പേരെ ഉള്‍പ്പെടുത്തി സര്‍വെ നടത്തിയിരുന്നു. അന്ന് 51 ശതമാനം പേര്‍ മമത ബാനര്‍ജിയെ തല്ലണമെന്ന് വോട്ട് ചെയ്തു എന്നാണ് ആപ്പ് വെളിപ്പെടുത്തിയത്. ആള്‍ക്കൂട്ട നീതി നടപ്പാക്കപ്പെടുന്ന കാലത്ത് ഇത്തരം സര്‍വെകള്‍ സമൂഹത്തില്‍ അക്രമവും കൊലപാതകമടക്കമുള്ള കാര്യങ്ങളും വര്‍ധിപ്പിക്കുമെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ഇതില്‍ നിന്നു പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല എന്നു വ്യക്തമാക്കുന്നതാണ് പുതിയ സര്‍വെ.

വ്യക്തികളെ അവഹേളിക്കുന്നതും സ്ത്രീവിരുദ്ധവുമായ സര്‍വെകള്‍ ഈ കമ്പനി നേരത്തെയും നടത്തിയിട്ടുണ്ട്. ഏറ്റവും ‘ഹോട്ട്’ ആയ പാര്‍ട്ടി വക്താക്കള്‍ ആരായിരുന്നു എന്നായിരുന്നു അതിലൊന്ന്. കോണ്‍ഗ്രസിന്റെ പ്രിയങ്ക ചതുര്‍വേദി, ബി.ജെ.പിയുടെ ഷാസിയ ഇല്‍മി, ആം ആദ്മി പാര്‍ട്ടിയുടെ അല്‍ക്ക ലാംബ, ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര തുടങ്ങിയവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ചോദ്യം. തുടര്‍ന്ന് കടുത്ത എതിര്‍പ്പുമായയി പ്രിയങ്ക രംഗത്തു വരികയും ഈ ട്വീറ്റ് കമ്പനി പിന്‍വലിക്കുകയുമായിരുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും ഇത്തരത്തിലുള്ള ട്വിറ്റര്‍ സര്‍വെകള്‍ കമ്പനി നടത്തിയിരുന്നു. ബര്‍ക്കാ ദത്തിനും രാജ്ദീപ് സര്‍ദേശായിക്കും പുറമെ റാണാ അയൂബ്, രവീഷ് കുമാര്‍, സാബാ നഖ്‌വി, സാഗരിക ഘോഷ് തുടങ്ങിയവരില്‍ ആരാണ് ഏറ്റവും വലിയ #AntiModiPresstitute എന്നായിരുന്നു അന്നത്തെ ചോദ്യം.

നടത്തിയ സര്‍വേയില്‍ നിന്ന് ഇന്ത്യയുടെ പ്രഖ്യാപിത ശത്രുക്കള്‍ ഇവരാണ് എന്ന ഫലവും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

അമിത് ബഗാരിയ, സമ്രിത് അഗര്‍വാള്‍ എന്നിവരാണ് MyVoteToday എന്ന ആപ്പിന്റെ ഉടമകളായ Apption Digital Technologies Pvt Ltd-ന്റ ഡയറക്ടര്‍മാര്‍. കമ്പനി സിഇഒ ആയ അമിത് ബഗാരിയ സ്വയം വിശേഷിപ്പിക്കുന്നത് ‘നാഷണലിസ്റ്റ്’ എന്നാണ്.

MyVoteToday-നു പുറമെ JustForFun, VOTR തുടങ്ങിയ ആപ്പുകളും Apption Digital Technologies Pvt Ltd-ന്‍റെതായുണ്ട്. ഇതില്‍ JustForFunന്റെ സര്‍വെകള്‍ കടുത്ത സ്ത്രീവിരുദ്ധത പ്രകടിപ്പിക്കുന്നതാണ്. ബോളിവുഡില്‍ നിന്നുള്ള നാല് അഭിനേത്രികളില്‍ ഒരാള്‍ക്കൊപ്പം ഒരു ഒറ്റപ്പെട്ട ദ്വീപില്‍ ഒരാഴ്ച ചെലവഴിക്കാന്‍ അവസരം കിട്ടിയാല്‍ നിങ്ങള്‍ ആരെ തെരഞ്ഞെടുക്കും എന്നതായിരുന്നു അതിലൊന്ന്. ഏതു നിറമാണ് കൂടുതലിഷ്ടം എന്ന ചോദ്യത്തോടെ ബിക്കിനിധാരികളായ സ്ത്രീകളുടെ ചിത്രം കൊടുത്തും ഇവര്‍ സര്‍വെ നടത്തുന്നു.

(കമ്പനി ഡയറക്ടര്‍മാരില്‍ ഒരാള്‍ എന്ന നിലയില്‍ ബി.ജി മഹേഷ് എന്നറിയപ്പെടുന്ന ഭൂപാളം ഗോപാലകൃഷ്ണ മഹേഷിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. ഒന്നര വര്‍ഷം മുമ്പ് അദ്ദേഹം ഈ കമ്പനിയുമായി പിരിഞ്ഞു എന്നറിയിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യുന്നു- അസൌകര്യത്തിന് ക്ഷമാപണം)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍