UPDATES

ട്രെന്‍ഡിങ്ങ്

ഇന്ന് മോദിയുടെ ജന്മദിനം; ശുചീകരണം, ഡാം ഉത്ഘാടനം; രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് ബിജെപി

വാരണാസിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ മോദിയുടെ ജന്മദിനാഘോഷം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 67-ാം ജന്മദിനത്തോടനുബന്ധിച്ച് വന്‍ പരിപാടികളുമായി ബി.ജെ.പി നേതൃത്വം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ശുചീകരണം, വൃക്ഷത്തെ നടീല്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിച്ച് സേവാ ദിവസ് ആയി ആഘോഷിക്കാനാണ് തീരുമാനം. സാമൂഹിക പ്രവര്‍ത്തക മേധാ പട്കറിന്റെ നേതൃത്വത്തില്‍ നര്‍മദ ബചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ മറികടന്ന് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരാനിരിക്കെ, ഇതുകൂടി മുന്നില്‍ കണ്ടുള്ള പരിപാടികളാണ് മോദിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ചിരിക്കുന്നത്.

ഗുജറാത്തില്‍ നര്‍മദ നദിയില്‍ നിര്‍മിച്ചിരിക്കുന്ന അണക്കെട്ട് പദ്ധതിക്ക് രാജ്യത്തിന്റെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് തറക്കല്ലിട്ടത്. 138 മീറ്റര്‍ ഉയരവും 1.2 കിലോ മീറ്റര്‍ നീളവും 30 ഷട്ടറുകളുമുള്ള അണക്കെട്ടിന്റെ സംഭരണശേഷി 40.73 ലക്ഷം ക്യുബിക് മീറ്ററാണ്. 1200 മെഗാവാട്ട്, 250 മെഗാവാട്ട് വീതം വൈദ്യുതി ഉത്പാദന ശേഷിയുള്ള രണ്ട് വൈദ്യുതി നിലയങ്ങളാണ് ഇവിടെയുള്ളത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് അണക്കെട്ടിന്റെ ഗുണഭോക്താക്കള്‍ എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. മഹാരാഷ്ട്രയ്ക്ക് 57 ശതമാനവും മധ്യപ്രദേശിന് 27 ശതമാനവും ഗുജറാത്തിന് 16 ശതമാനവും വൈദ്യൂതി വിഹിതം ലഭിക്കും.

56 വര്‍ഷം മുമ്പ് തറക്കല്ലിട്ടെങ്കിലും വിവിധ പ്രശ്‌നങ്ങള്‍ മൂലം അണക്കെട്ട് നിര്‍മാണം നിന്നു പോയിരുന്നു. ആയിരക്കണക്കിന് ഗ്രാമങ്ങള്‍ മൂടിപ്പോകുന്നത് ചൂണ്ടിക്കാട്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയത്തുന്നതിനെതിരെ മേധാ പട്കറുടെ നേതൃത്വത്തില്‍ നര്‍മദ ബചാവോ ആന്ദോളന്‍ സുപ്രീം കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയിരുന്നു. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ത്താന്‍ 2000-ത്തില്‍ സുപ്രീം കോടതി അനുവദിച്ചതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുര്‍ത്തിയാക്കുകയായിരുന്നു.

അതേ സമയം, പദ്ധതിക്കെതിരെ മേധാ പട്കറുടെ നേതൃത്വത്തില്‍ പ്രദേശത്ത് ജലസത്യഗ്രഹം നടന്നു വരുന്നുണ്ട്. സി.പി.എം നേതാവ് സുഭാഷിണി അലി തുടങ്ങിയവരും മേധയ്‌ക്കൊപ്പമുണ്ട്. മധ്യപ്രദേശിലെ ബര്‍വാനി, ധര്‍ ജില്ലകളിലെ നൂറുകണക്കിന് ഗ്രാമങ്ങളാണ് അണക്കെട്ടിലെ ജലനിരപ്പുയര്‍ത്തിയതോടെ മുങ്ങിപ്പോയത്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയോ പുനരധിവസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് നര്‍മദ ബചാവോ ആന്ദോളന്‍ പറയുന്നത്. 192 ഗ്രാമങ്ങളില്‍ നിന്നായി 40,000 കുടുംബങ്ങളാണ് മധ്യപ്രദേശില്‍ മാത്രം ഭവനരഹിതരാകുന്നത്.

അതേസമയം, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇതുകൂടി ലാക്കാക്കിയുള്ള പ്രവര്‍ത്തന പരിപാടികളാണ് മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. അണക്കെട്ട് ഉത്ഘാടനത്തിന് ശേഷം നര്‍മദയുടെ കരയില്‍ നിര്‍മിക്കുന്ന സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ പ്രതിമയുടെ നിര്‍മാണ പുരോഗതി മോദി വിലയിരുത്തും. ഗുജറാത്തിലെ ദാബോയില്‍ മോദി വൈകിട്ട് പൊതുജന റാലിയെ അഭിസംബോധന ചെയ്യുന്നുണ്ട്. ഒന്നര ലക്ഷത്തോളം പേര്‍ ഈ റാലിക്കെത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്.

അണക്കെട്ട് ഉത്ഘാടനത്തിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ പങ്കെടുക്കും. നേരെത്ത മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരെ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആളു കൂടേണ്ടതില്ലെന്നു വ്യക്തമാക്കി സുരക്ഷാ വിഭാഗം തടഞ്ഞിരുന്നു. മധ്യപ്രദേശ്, വാരണാസി എന്നിവടങ്ങളില്‍ നിന്നുള്ള ഹിന്ദു സന്യാസിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പിന്നീടിത് ഗുജറാത്തില്‍ നിന്നുള്ളവരെ മാത്രമാക്കി. മൊരാരി ബാപ്പു, രമേശ് ഓസ തുടങ്ങിയവര്‍ക്കു പുറമെ സ്വാമി നാരായണ്‍ വിഭാഗത്തിലെ സന്യാസിമാര്‍ ചടങ്ങിനുണ്ടാവും. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റാത്ത സന്യാസിമാരെ മോദി വൈകിട്ട് പ്രസംഗിക്കുന്ന ദാബോയിലെ ചടങ്ങില്‍ പങ്കെടുപ്പിക്കും.

മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള സേവാ ദിവസ് റാഞ്ചിയില്‍ അമിത് ഷായാണ് ഉത്ഘാടനം ചെയ്യുന്നത്. അതിനിടെ, വരാണസിയിലെ 129 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മോദിയുടെ ജന്മദിനം ആഘോഷിച്ചത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ പ്രാദേശിക നേതാക്കന്മാരായിരുന്നു സ്‌കൂളുകളില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇത്തരം പരിപാടികള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ ബി.ജെ.പി ഔദ്യോഗികമായി ഇതില്‍ നിന്ന് അകലം പാലിക്കുകയും ചെയ്തു. സ്‌കൂളുകളില്‍ സ്വച്ഛ് ഭാരത് ദിവസ് ആചരിക്കണമെന്ന് പ്രാദേശിക ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് നേതൃത്വം പറയുന്നത്. മോദിയുടെ കുട്ടിക്കാലം, ചായ വിറ്റ കഥകള്‍, ഇപ്പോള്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെ അധ്യാപകര്‍ കുട്ടികളോട് വിശദീകരിക്കുകയും പിന്നീട് കുട്ടികളെ ഉള്‍പ്പെടുത്തി ചോദ്യോത്തര വേളയുമൊക്കെയായിരുന്നു ആഘോഷ പരിപാടികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍