UPDATES

ശിവരാജ് സിംഗ് ചൗഹാന്‍ മോദി-ഷാ ടീമിന്റെ അടുത്ത ടാര്‍ഗറ്റോ? കര്‍ഷക പ്രക്ഷോഭത്തില്‍ ഇടപെടാതെ കേന്ദ്രം

ചൗഹാന്‍ നാലാമതും മധ്യപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് പാര്‍ട്ടിയിലുള്ള മോദിയുടെയും ഷായുടെയും താന്‍പോരിമയ്ക്ക് വലിയ വെല്ലുവിളിയായി തീരും

മധ്യപ്രദേശില്‍ മൂര്‍ച്ഛിക്കുന്ന കര്‍ഷക സമരങ്ങളിലൂടെ പുറത്തുവരുന്നത് ബിജെപിയിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണെന്ന് സൂചന. വിഷയം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ നിരാഹാരനാടകം നടത്തുകയും ചെയ്തതിന് ശേഷവും അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിയുടെ ദേശീയ നേതാക്കളാരും തയ്യാറാവാത്തത് ഇതിന്റെ സൂചനയാണെന്ന് ഡയ്‌ലിഒയില്‍ എഴുതിയ കുറിപ്പില്‍ സ്വാതി ചതുര്‍വേദി ചൂണ്ടിക്കാണിക്കുന്നു. കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ അഞ്ച് കര്‍ഷകര്‍ വെടിയേറ്റ് മരിക്കുകയും സംഭവം വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിട്ടും ചൗഹാനെ ന്യായീകരിക്കാന്‍ ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ ആരും തയ്യാറായിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ശിവരാജ് സിംഗ് ചൗഹാന്‍ ചതുര്‍ത്ഥിയാണെന്നത് മൂടിവെക്കപ്പെടാത്ത രഹസ്യമാണ്. മധ്യപ്രദേശില്‍ വലിയ ജനപിന്തുണയുള്ള ചൗഹാന്‍ വരുന്ന തിരഞ്ഞെടുപ്പിലും ജയിക്കുകയാണെങ്കില്‍ അത് മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നാലാം ഊഴമാവും. സ്വാഭാവികമായും ചൗഹാന്‍ തങ്ങളുടെ അപ്രമാദിത്വത്തിന് വെല്ലുവിളിയാകുമെന്ന് മോദിയും ഷായും വിശ്വസിക്കുന്നു. അതിനാല്‍ തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റാനും കേന്ദ്ര മന്ത്രിസഭയില്‍ ഏതെങ്കിലും അപ്രധാന വകുപ്പുകള്‍ നല്‍കി ഒതുക്കാനും മോദി-ഷാ കൂട്ടുകെട്ട് ശ്രമിക്കുന്നതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രതിരോധമന്ത്രി സ്ഥാനത്തേക്ക് ചൗഹാനെ കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി പോയ ശേഷം നിലവില്‍ ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ്. പൊതുവില്‍ കേന്ദ്രമന്ത്രിമാരുടെ കഴിവ് അളക്കപ്പെടുന്നത് പ്രതിരോധമന്ത്രി എന്ന നിലയിലുള്ള പ്രകടനത്തിലൂടെയാണ്. ചൗഹാന്‍ നാലാമതും മധ്യപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അത് പാര്‍ട്ടിയിലുള്ള മോദിയുടെയും ഷായുടെയും താന്‍പോരിമയ്ക്ക് വലിയ വെല്ലുവിളിയായി തീരും. സ്വന്തമായ ഒരു അധികാരകേന്ദ്രമായി ചൗഹാന്‍ മാറുമെന്ന ഭയവും ഇരുവര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ ചൗഹാനെ മാറ്റി ഷായുടെ സ്വന്തം ആളായ കൈലാഷ് വിജയവര്‍ഗിയയെ പോലുള്ള ഒരാളെ പകരം പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത്. ശിവരാജ് ചൗഹാനെതിരെ വിജയവര്‍ഗിയ പരസ്യ വിമര്‍ശനങ്ങള്‍ നടത്തുന്നതും ശ്രദ്ധേയമാണ്.

ബിജെപ്പിയുടെ തീപ്പൊരി നേതാവ് ഉമാഭാരതിയുടെ പോലും എതിര്‍പ്പുകളെ വിജയകരമായി നേരിട്ടുകൊണ്ടാണ് ശിവരാജ് ചൗഹാന്‍ മൂന്നാം വട്ടവും മധ്യപ്രദേശ് മുഖ്യമന്ത്രിയായത്. എന്നാല്‍, മോദിയ്ക്കും ഷായ്ക്കും ചൗഹാനോടുള്ള വിരോധം നേരത്തെ തന്നെയുണ്ട്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ മോദിക്ക് പകരം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി എല്‍കെ അദ്വാനി പിന്തുണച്ചത് ശിവരാജ് സിംഗ് ചൗഹാനെയായിരുന്നു. സുഷമ സ്വരാജും ഇതിനെ പിന്തുണച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് മോദിയുടെ പ്രതിച്ഛായയ്ക്ക് കടവിരുദ്ധമായ പ്രതിബിംബമായിരുന്നു ചൗഹാന് ഉണ്ടായിരുന്നത്. മുസ്ലീം തൊപ്പി ധരിച്ച് ഈദില്‍ പങ്കെടുക്കുകയും മറ്റും ചെയ്ത് അദ്ദേഹം തന്റെ മതേതര പ്രതിച്ഛായ സൂക്ഷിച്ചിരുന്നു. ഈ ചരിത്രമൊക്കെ ഓര്‍ക്കുന്ന മോദിയും ഷായും നയിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ചൗഹാന് വലിയ പിന്തുണയൊന്നും പ്രതീക്ഷിക്കാനില്ല.

എന്നാല്‍ മോദി പ്രധാനമന്ത്രിയായ ശേഷം ചൗഹാന്‍ തന്റെ മതേതര പ്രതിച്ഛായ മാറ്റി വെച്ചിരുന്നു. സിമി പ്രവര്‍ത്തകര്‍ എന്ന് ആരോപിച്ച് എട്ടുപേരെ മധ്യപ്രദേശ് പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ വെടിവെച്ചു കൊന്നപ്പോള്‍, കൊല്ലപ്പെട്ടവരെ ‘ഭീകരര്‍’ എന്ന് മുദ്രകുത്താനും പോലീസിനെ ന്യായീകരിക്കാനും ആദ്യം മുന്നോട്ട് വന്നവരില്‍ ഒരാള്‍ ചൗഹാനായിരുന്നു. അവരെ ക്രൂരമായി വെടിവെച്ചുകൊല്ലുകയായിരുന്നു എന്ന് പിന്നീട് തെളിയുകയും ചെയ്തു. ചൗഹാനെ കേന്ദ്ര നേതൃത്വം പുള്ളികുത്തിയതായും ആര്‍എസ്എസിന്റെ പിന്തുണയുണ്ടെങ്കില്‍ പോലും അടുത്ത തവണ അദ്ദേഹം മുഖ്യമന്ത്രിയാവില്ലെന്നും ബിജെപിയിലെ തന്നെ ചിലര്‍ പറയുന്നു. മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസിനെ പോലെ അത്ര ശക്തനല്ലാത്ത എംഎല്‍ ഘട്ടാര്‍ തുടങ്ങിയ നേതാക്കളെയാണ് സംസ്ഥാന ഭരണം ഏല്‍പ്പിക്കാന്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്.

ഇതൊക്കെയാണെങ്കിലും 2018 അവസാനം നടക്കുന്ന മധ്യപ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിലവില്‍ വലിയ വെല്ലുവിളികളൊന്നുമില്ല. വ്യാപം അഴിമതി, കര്‍ഷക പ്രക്ഷോഭം തുടങ്ങിയ ആയുധങ്ങള്‍ വീണുകിട്ടിയിട്ടും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് അതൊന്നും മുതലാക്കാന്‍ സാധിച്ചിട്ടില്ല. നേതൃത്വത്തിന് വേണ്ടിയുള്ള കടിപിടിയാണ് കോണ്‍ഗ്രസിനെ പിന്നാക്കം വലിക്കുന്നത്. കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്വിജയ സിംഗ് എന്നിവരെല്ലാം നേതൃത്വത്തിനായി പോരാടുകയാണ്. ഇടയ്ക്ക് ബിജെപിയിലേക്ക് പോകാനിരുന്ന കമല്‍നാഥിനെ മുന്നില്‍ നിറുത്തി പോരാടാന്‍ ഒരു ആലോചന കോണ്‍ഗ്രസില്‍ നടന്നെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. അതിനാല്‍ ബിജെപിയിലെ ഉള്‍പ്പോര് തന്നെയായിരിക്കും സംസ്ഥാനത്തിന്റെ ഗതി നിര്‍ണയിക്കുകയെന്നും സ്വാതി ചതുര്‍വേദി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍