UPDATES

ട്രെന്‍ഡിങ്ങ്

പുന:സംഘടനയില്‍ മോദി തഴഞ്ഞു; നിരാശയുണ്ടെന്ന് നിതീഷ് കുമാര്‍; പരിഹാസവുമായി ലാലു

ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ട് എന്നുള്ള ധാര്‍ഷ്ട്യമാണ് ബിജെപി പ്രദര്‍ശിപ്പിക്കുന്നതെന്ന് ശിവസേന

കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ എന്‍ഡിഎ സംഖ്യകക്ഷികള്‍ക്ക് അതൃപ്തി. പുന:സംഘടനയില്‍ ഏറ്റവും കൂടുതല്‍ നിരാശരായത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡി-യുവാണ്. ഇന്നലെ വൈകിട്ടുവരെ ജെഡി-യുവിന് രണ്ട് മന്ത്രി സ്ഥാനം ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മന്ത്രിമാരുടെ പട്ടിക പുറത്തുവന്നപ്പോള്‍ ജെഡി-യുവില്‍ നിന്ന് ആരുമില്ല. തങ്ങള്‍ക്ക് ക്ഷണം കിട്ടിയില്ലെന്നും പുനഃസംഘടനയില്‍ നിരാശയുണ്ടെന്നുമാണ് ഇതിനോട് നിതീഷ് കുമാര്‍ പ്രതികരിച്ചത്.

ബിഹാറിലെ ജെ.ഡി-യു-ആര്‍.ജെ.ഡി-കോണ്‍ഗ്രസ് മഹാസഖ്യത്തെ പിളര്‍ത്തിക്കൊണ്ടാണ് നിതീഷ് കുമാറിന്റെ ജെഡി-യു എന്‍ഡിഎയില്‍ അംഗമായത്. ബിഹാറില്‍ സഖ്യകക്ഷിയായ ബിജെപിക്ക് മതിയായ പ്രാതിനിധ്യം നല്‍കാന്‍ നിതീഷ് കുമാര്‍ തയ്യാറാവുകയും ചെയ്തിരുന്നു. ബിജെപിയുടെ രാജ്യവ്യാപകമായ മുന്നേറ്റത്തില്‍ ഭ്രമിച്ചാണ് മഹാസഖ്യത്തെ പിളര്‍ത്തി എന്‍ഡിഎ പാളത്തിലേക്ക് പോകാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

ജെഡി-യുവിന് മാത്രമല്ല, പുനഃസംഘടനയില്‍ അതൃപ്തിയുള്ളത്. ഇത് എന്‍ഡിഎയുടെ പുനഃസംഘടനയല്ലെന്നും ബിജെപിയുടെ പുനഃസംഘടനയാണെന്നുമാണ് ശിവസേന പ്രതികരിച്ചത്. സത്യപ്രതിജ്ഞ ചടങ്ങില്‍ വിട്ടുനിന്നുകൊണ്ട് ശിവസേന തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട് എന്നുള്ള ധാര്‍ഷ്ട്യമാണ് ബിജെപി പ്രദര്‍ശിപ്പിക്കുന്നതെന്നും ശിവസേന ആരോപിച്ചു.

ജെഡിയുവിനെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും എഐഡിഎംകെയുടെയും മഹാരാഷ്ട്രയില്‍ നിന്നും എന്‍സിപിയുടെയും പ്രതിനിധികള്‍ മന്ത്രിസഭയില്‍ സ്ഥാനം പിടിക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍, ശിവസേന അംഗമായ മന്ത്രിസഭയില്‍ ചേരാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് എന്‍സിപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എഐഡിഎംകെ ഇതുവരെ എന്‍ഡിഎയില്‍ ഔദ്യോഗികമായി ചേര്‍ന്നിട്ടില്ല.

കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാത്തിന്റെ പേരില്‍ നിതീഷ് കുമാറിനെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് കണക്കിന് കളിയാക്കി. സ്വന്തം ജനങ്ങളെ വിട്ടുപോകുന്നവരെ ആരും വിശ്വസിക്കില്ലെന്നും ഇത് നിതീഷ് കുമാറിന്റെ വിധിയാണെന്നുമായിരുന്നു ലാലുവിന്റെ പ്രതികരണം. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് പോലും നിതീഷ് ക്ഷണിക്കപ്പെട്ടില്ലെന്നും ലാലു ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍