UPDATES

നിര്‍മല സീതാരാമന്‍ പ്രതിരോധ മന്ത്രി; കണ്ണന്താനത്തിന് സ്വതന്ത്ര ചുമതലയോടെ ടൂറിസം, ഐ.ടി വകുപ്പ്

സുരേഷ് പ്രഭുവിന് പകരം പീയുഷ് ഗോയല്‍ റെയില്‍വെ മന്ത്രി; ഐ.ടി വകുപ്പിന്റെ ചുമതലയും കണ്ണന്താനത്തിന്

മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അല്‍ഫോന്‍സ് കണ്ണന്താനം ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി. ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ അധിക ചുമതലയും കണ്ണന്താനത്തിനാണ്.

ഇന്ന് രാവിലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷമാണ് മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനമായത്.

കേന്ദ്ര മന്ത്രിസഭയിലെ പുനഃസംഘടനയെ തുടര്‍ന്ന് ക്യാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ച നിര്‍മ്മല സീതാരാമനാണ് രാജ്യത്തിന്റെ പ്രതിരോധമന്ത്രി. നിലവില്‍ വാണീജ്യ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു അവര്‍. ഇന്ദിര ഗാന്ധിക്ക് ശേഷം പ്രതിരോധമന്ത്രിയാകുന്ന ആദ്യ വനിതയാണ് നിര്‍മ്മല സീതാരാമന്‍.

പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായതോടെ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലിയായിരുന്നു ഈ വകുപ്പിന്റെ അധിക ചുമതല വഹിച്ചിരുന്നത്. നിര്‍മല സീതാരാമന്‍ പ്രതിരോധ മന്ത്രിയായതോടെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി (CCS)യില്‍ സുഷമ സ്വരാജ് ഉള്‍പ്പെടെ രണ്ടു വനിതകളായി. പ്രധാനമന്ത്രിക്ക് പുറമേ പ്രതിരോധം, ധനകാര്യം, ആഭ്യന്തരം, വിദേശകാര്യ വകുപ്പുകളാണ് ഇതിനു കീഴില്‍ വരിക.

നിര്‍മല സീതാരാമന്‍ വഹിച്ചിരുന്ന വാണീജ്യ വകുപ്പ് നിലവിലെ റയില്‍വേ മന്ത്രിയായ സുരേഷ് പ്രഭുവിനാണ്. തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന മന്ത്രിയായിരുന്നു സുരേഷ് പ്രഭു. ക്യാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ച പീയുഷ് ഗോയലായിരിക്കും പുതിയ റയില്‍വേ മന്ത്രി. കല്‍ക്കരി വകുപ്പും പീയൂഷ് ഗോയല്‍ തന്നെ കൈകാര്യം ചെയ്യും.

ഗോയലിനെയും സീതാരാമനെയും കൂടാതെ ധര്‍മേന്ദ്ര പ്രധാനെയും മുക്താര്‍ അബ്ബാസ് നൗഖിയെയും സഹമന്ത്രി സ്ഥാനത്ത് നിന്നും ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയിരുന്നു. ധര്‍മേന്ദ്ര പ്രധാനാണ് രാജീവ് പ്രതാപ്‌ റൂഡി വഹിച്ചിരുന്ന സ്കില്‍ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി. ഇപ്പോള്‍ വഹിക്കുന്ന പെട്രോളിയം, പ്രകൃതി വാതക വകുപ്പും അദ്ദേഹം തുടര്‍ന്ന് കൈകാര്യം ചെയ്യും. നഖ്‌വി ഇനി ന്യൂനപക്ഷ വകുപ്പിന്റെ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയായിരിക്കും.

വെങ്കയ്യ നായിഡു ഉപരാഷ്ട്രപാതിയായ സാഹചര്യത്തില്‍ അദ്ദേഹം വഹിച്ചിരുന്ന കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പിന്റെ അധിക ചുമതല വഹിച്ചിരുന്ന സ്മൃതി ഇറാനി തുടര്‍ന്നും ഈ വകുപ്പ് ഭരിക്കും. അവരുടെ റെക്സ്റ്റൈല്‍ വകുപ്പിന് പുതിയ മന്ത്രി ഉണ്ടാകും എന്നാണ് കരുതുന്നത്.

ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതിയെ കുടിവെള്ള, ശുചിത്വ വകുപ്പിന്റെ മന്ത്രിയാക്കി. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിക്കായി ചൈനയിലേക്ക് തിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍