UPDATES

ട്രെന്‍ഡിങ്ങ്

എതിര്‍പ്പുകള്‍ക്ക് പുല്ലുവില; 10 ആണവ നിലയങ്ങള്‍ കൂടി സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

തീരുമാനം വലിയ സാമ്പത്തിക മണ്ടത്തരവും സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതും ചിലവേറിയതുമാണെന്ന് ഗ്രീന്‍പീസ്‌ ഇന്ത്യ

രാജ്യത്തെമ്പാടും നിലനില്‍ക്കുന്ന കടുത്ത എതിര്‍പ്പുകള്‍ മറികടന്നുകൊണ്ടാണ് പുതിയ പത്ത് ആണവോര്‍ജ്ജ നിലയങ്ങള്‍ കൂടി നിര്‍മ്മിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ഒറ്റയടിക്ക് ഇത്രയും ആണവനിലയങ്ങള്‍ക്ക് അനുമതി നല്‍കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഈ പത്ത് നിലയങ്ങളില്‍ നിന്നുമായി 700 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര ആണവ വ്യവസായത്തെ നവീകരിക്കുന്ന തീരുമാനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ അവകാശപ്പെട്ടു.

പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതാണെങ്കില്‍ ഇവയില്‍ ഏറ്റവും ആധുനിക സാങ്കേതികവിദ്യയായിരിക്കും ഉപയോഗിക്കുക. ശുദ്ധമായ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പുതിയ നിലയങ്ങള്‍ സഹായിക്കുമെന്ന് കേന്ദ്ര വൈദ്യതി മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. കുറഞ്ഞ കാര്‍ബണ്‍ വളര്‍ച്ച എന്ന തന്ത്രം അവലംബിച്ചുകൊണ്ട് ഇന്ത്യയിലെ ഊര്‍ജ്ജത്തില്‍ നിന്നും ശുദ്ധമായ വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വ്യവസായത്തിന് ദീര്‍ഘകാല അടിസ്ഥാന വൈദ്യുതി പ്രധാനം ചെയ്യാനും പുതിയ പദ്ധതി സഹായിക്കും.

കാലവാസ്ഥ വ്യതിയാനം ചെറുക്കാനുള്ള ആഗോള പരിശ്രമങ്ങള്‍ക്ക് മന്ത്രിസഭ തീരുമാനം പുതിയ ഉത്തേജനം നല്‍കുമെന്നും മന്ത്രി അവകാശപ്പെട്ടു. നിലവില്‍ ഇന്ത്യയില്‍ 22 ആണവശാലകളില്‍ നിന്നായി 6,780 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 2021-22ല്‍ പൂര്‍ത്തിയാകും എന്ന് പ്രതീക്ഷിക്കുന്ന രാജസ്ഥാനിലെയും ഗുജറാത്തിലെയും തമിഴ്‌നാട്ടിലെയും ശാലകളില്‍ നിന്നായി മറ്റൊരു 6,700 മെഗാവാട്ട് ആണവ വൈദ്യുതി കൂടി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ആണവ നിലയങ്ങളില്‍ നിന്നും ഉത്പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി മൊത്തം ഉത്പ്പാദനത്തിന്റെ വെറും 3.5 ശതമാനം മാത്രമാണ്.
രാജസ്ഥാനിലെ മഹി ബന്‍സ്വാര, മധ്യപ്രദേശിലെ ചുട്ക, കര്‍ണാടകയിലെ കൈഗ, ഹരിയാനയിലെ ഗോരഘ്പൂര്‍ എന്നിവിടങ്ങളിലായിരിക്കും പുതിയ പത്ത് റിയാക്ടറുകള്‍ സ്ഥാപിക്കുന്നത്. പത്ത് കേന്ദ്രങ്ങളും തദ്ദേശീയമായി നിര്‍മ്മിക്കപ്പെടുന്നവയായിരിക്കുമെന്നും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പരിപാടിയിലെ നിര്‍ണായക മുന്നേറ്റമായിരിക്കും ഇതെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു.

ആഭ്യന്തര കമ്പനികള്‍ക്ക് 70,000 കോടി രൂപയുടെ ഉത്പ്പാദന വര്‍ദ്ധന ഇതു മൂലം ഉണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. നേരിട്ടും അല്ലാതെയുമായി 33,400 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു. ഇതൊരു ധീരവും ചരിത്രപരവുമായ നടപടിയാണെന്ന് ലാര്‍സണ്‍ ആന്റ് ട്യൂബ്രോ ഡയറക്ടര്‍ എസ് എന്‍ റോയ് പറയുന്നു.

എന്നാല്‍ ഇന്ത്യയിലെങ്ങും ആണവ നിലയങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. തീരുമാനം വലിയ സാമ്പത്തിക മണ്ടത്തരമാണെന്നും സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതും ചിലവേറിയതുമായ ഒരു സാങ്കേതികവിദ്യക്ക് നികുതിദായകരുടെ പണം ധൂര്‍ത്തടിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും ഗ്രീന്‍പീസ് ഇന്ത്യ വിലയിരുത്തി. ജര്‍മ്മനി, ജപ്പാന്‍ പോലുള്ള വികസിത രാജ്യങ്ങള്‍ പോലും ആണവോര്‍ജ്ജത്തില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മോദി സര്‍ക്കാരിന്റെ ഇത്തരം ഒരു തീരുമാനം വിനാശകരമാണെന്ന് ആള്‍ ഇന്ത്യ പീപ്പിള്‍സ് ഇനിഷ്യേറ്റീവ് എഗന്‍സ്റ്റ് ന്യൂക്‌ളിയര്‍ പവര്‍ എന്ന സംഘടനയുടെ കണ്‍വീനര്‍ അരുണ്‍ വെലസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍