UPDATES

ട്രെന്‍ഡിങ്ങ്

പാചകവാതക സബ്‌സിഡി നിര്‍ത്തുന്നു; ബാധിക്കുക 18 കോടി കുടുംബങ്ങളെ

അടുത്ത വര്‍ഷം മാര്‍ച്ചിനു മുമ്പ് സബ്‌സിഡി അവസാനിപ്പിക്കാനാണ് തീരുമാനം.

അടുത്ത വര്‍ഷം മാര്‍ച്ചോടെ പാചക വാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇത് ബാധിക്കുന്നത് 18 കോടി കുടുംബങ്ങളെ. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ സബ്‌സിഡി മാര്‍ച്ച് വരെ എല്ലാ മാസവും നാലു രൂപ വീതം വര്‍ധിപ്പിക്കും. പ്രധാനമന്ത്രി ഉജ്വല്‍ യോജന പ്രകാരം സൗജന്യ പാചക വാതക കണക്ഷന്‍ ലഭിച്ച 2.5 കോടി ദരിദ്ര കുടുംബങ്ങളുടെ സബ്‌സിഡിയും ഈ വിധത്തില്‍ നിര്‍ത്തലാക്കുമെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ വിലവര്‍ധനവ് നിലവില്‍ വന്നുകഴിഞ്ഞതായാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയത്. അന്നു മുതല്‍ സിലിണ്ടറിന് നാലു രൂപ വീതം വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനു ശേഷം രണ്ടു തവണ വില വര്‍ധിപ്പിച്ചു കഴിഞ്ഞു. ജൂലൈ ഒന്നിന് ജി.എസ്.ടി ഉള്‍പ്പെടെ 32 രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില വര്‍ധനവായിരുന്നു അത്. അടുത്ത വര്‍ഷം മാര്‍ച്ച് വരെയോ അല്ലെങ്കില്‍ സബ്‌സിഡി പൂര്‍ണമായി എടുത്തു കളയുന്നതു വരെയോ ഈ രീതി തുടരുമെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

ഒരു എല്‍.പി.ജി സിലിണ്ടറിന് നിലവില്‍ 86.54 രൂപ സബ്‌സിഡി നല്‍കുന്നുണ്ട് എന്നാണ് കണക്ക്. 500 രൂപയില്‍ താഴെയാണ് ഇത്തരത്തില്‍ രാജ്യത്ത് മിക്കയിടത്തും 14.2 കിലോഗ്രാം സിലിണ്ടറിന് വില. ഒരു കുടുംബത്തിന് 12 സിലിണ്ടറാണ് ഇത്തരത്തില്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ രണ്ടു രൂപ വീതം സബ്‌സിഡി സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ കിരിത് പഖേ് റിപ്പോര്‍ട്ട് അനുസരിച്ചാണ് 12 സബ്‌സിഡി സിലിണ്ടറുകളായി ഒരു കുടുംബത്തിന് പരിമിതപെടുത്തിയത്. സബ്‌സിഡി എല്‍.പി.ജി കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും ശിപാര്‍ശയുണ്ടായിരുന്നു. അന്ന് ഒമ്പത് സിലിണ്ടറുകള്‍ മാത്രം നല്‍കാനുള്ള തീരുമാനത്തിനെതിരെ ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നതോടെയാണ് ഇത് 12 ആക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ സബ്‌സിഡി പൂര്‍ണമായും എടുത്തുകളയും എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

സബ്‌സിഡി എടുത്തു കളയുന്നതോടെ വിപണി വിലയ്ക്ക് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ വാങ്ങാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതരാകും. റിലയന്‍സ് അടക്കമുള്ള സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് ഈ നീക്കമെന്ന ആരോപണങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍