UPDATES

ട്രെന്‍ഡിങ്ങ്

അദാനി ഗ്രൂപ്പിന് അഞ്ഞൂറു കോടിയുടെ നേട്ടമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ SEZ നിയമത്തില്‍ ഭേദഗതി വരുത്തിയെന്ന് ആരോപണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത ആളായാണ് അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി അറിയപ്പെടുന്നത്.

പ്രത്യേക സാമ്പത്തിക മേഖലകളുടെ നിയമങ്ങളില്‍ രഹസ്യമായ മാറ്റം വരുത്തിക്കൊണ്ട് അദാനി ഗ്രൂപ്പിലെ ഒരു കമ്പനിക്ക് അഞ്ഞൂറു കോടി രുപയുടെ നേട്ടം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തതായി ആരോപണം. ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയ ലേഖനത്തില്‍ എഡിറ്റര്‍ പരഞ്‌ജോയ് ഗുഹ തകുര്‍ത്തയാണ് അതീവഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത ആളായാണ് അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി അറിയപ്പെടുന്നത്.

2005ലെ പ്രത്യേക സാമ്പത്തിക മേഖല ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് 2016 ഓഗസ്റ്റിലാണ് വ്യവസായ, വാണിജ്യ മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് പ്രകാരം, നഷ്ടപരിഹാരം അവകാശപ്പെടാനും ലഭിക്കാനും പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് അവകാശം ഉണ്ടായിരിക്കും. ഈ ഭേദഗതി നടപ്പില്‍ വരുത്തുന്നതിന് മുമ്പ് ഒരു തരത്തിലുള്ള നഷ്ടപരിഹാരം ലഭിക്കാനും കമ്പനികള്‍ക്ക് അവകാശം ഉണ്ടായിരുന്നില്ല. എന്നാല്‍ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള അദാനി പവര്‍ ലിമിറ്റഡിന് (എപിഎല്‍) 500 കോടി രൂപയുടെ ഇറക്കുമതി തീരുവ എഴുതിത്തള്ളുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ഭേദഗതി വരുത്തിയതെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചതായി തകുര്‍ത്ത പറയുന്നു.

വൈദ്യുതി ഉത്പാദനത്തിനായി കല്‍ക്കരി പോലെയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്തുവെന്നാണ് അദാനി ഗ്രൂപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ 2015 മാര്‍ച്ചില്‍ ഇറക്കുമതി ചെയ്യപ്പെട്ട അസംസ്‌കൃത വസ്തുക്കള്‍ക്ക് അദാനി ഗ്രൂപ്പ് 1000 കോടി രൂപ വരുന്ന ഇറക്കുമതി തീരുവ അടച്ചിട്ടില്ലെന്നാണ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ഭേദഗതിയിലൂടെ അദാനി ഗ്രൂപ്പ് ഒരിക്കലും അടയ്ക്കാതിരുന്ന ഇറക്കുമതി തീരുവ തിരികെ നല്‍കാനാണ് വാണിജ്യ മന്ത്രാലയം ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

ഇന്തോനേഷ്യയില്‍ നിന്നാണ് എപിഎല്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്. അദാനിയുടെ കമ്പനിക്കൊപ്പം റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, റോസ പവര്‍ സപ്ലൈ, എസാര്‍ ഗ്രൂപ്പ് കമ്പനികള്‍ എന്നിവയും ഇന്തോനേഷ്യയില്‍ നിന്നും കല്‍ക്കരി ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയരുകയും റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഇതിനെ കുറിച്ച് നിരീക്ഷിക്കുകയും ചെയ്യുന്നതിനിടയ്ക്കാണ് പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഇന്തോനേഷ്യയില്‍ നിന്നും കല്‍ക്കരി ഇറക്കുമതിയുടെ മറവില്‍, രാജ്യത്തിന് പുറത്തുള്ള കള്ളപ്പണം മടക്കിക്കൊണ്ടുവരുന്നതിനായി ഇറക്കുമതിയുടെ അളവ് കൂട്ടിക്കാണിക്കാറുണ്ടെന്നും എപിഎല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ വില കൂട്ടിക്കാണിച്ച് നേട്ടങ്ങള്‍ കൊയ്യുന്നുണ്ടെന്നും ധനമന്ത്രാലയത്തിന്റെ കീഴിലുള്ള റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് 2016 മാര്‍ച്ചില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരിക്കലും സര്‍ക്കാരിലേക്ക് അടയ്ക്കാതിരിക്കുകയും കള്ളപ്പണം വെളുപ്പിക്കുന്നതിനായി പര്‍വതീകരിച്ച് കാണിക്കുകയും ചെയ്ത തുക മടക്കി നല്‍കാനാണ് സര്‍ക്കാര്‍ നിയമഭേദഗതി വരുത്തിയിരിക്കുന്നതെന്നും ആരോപിക്കപ്പെടുന്നു.

ഗുജറാത്തിലെ മുദ്രയില്‍ പ്രവര്‍ത്തിക്കുന്ന ശാലയില്‍, ഇന്ത്യയിലെ ആദ്യത്തെ ‘സൂപ്പര്‍ ക്രിട്ടിക്കല്‍ സാങ്കേതികവിദ്യ’ ഉപയോഗിച്ച് 660 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് എപിഎല്‍ അവകാശപ്പെടുന്നത്. അദാനി തുറമുഖ, പ്രത്യേക സാമ്പത്തിക മേഖല പരിധിയില്‍ സ്ഥിതിചെയ്യുന്ന മുദ്ര ഊര്‍ജ്ജശാലയില്‍ മൊത്തത്തില്‍ 4620 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ ഒമ്പത് പ്രത്യേക വൈദ്യുതോത്പാദന ശാലകളാണുള്ളത്. ഇതില്‍ നാല് ശാലകളില്‍ നിന്നും 330 മെഗാവാട്ടും ബാക്കിയുള്ള അഞ്ചെണ്ണത്തില്‍ നിന്നും 660 മെഗാവാട്ടും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഏകദേശം 15,000 ഹെക്ടറുകളിലായി പടര്‍ന്ന് കിടക്കുന്നതാണ് അദാനിയുടെ ഉടമസ്ഥതയിലുള്ള പ്രത്യേക സാമ്പത്തിക മേഖല.

അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് 506 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചതായി അവരുടെ തന്നെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയോട് വെളിപ്പെടുത്തി. കസ്റ്റംസ്, എക്‌സൈസ്, സേവന നികുതി ഉദ്യോഗസ്ഥര്‍ക്ക് ഈ അപേക്ഷ പരിഗണിക്കാന്‍ കഴിയുന്ന രൂപത്തില്‍ സെസ് നിയമങ്ങളിലെ 47-ാം വകുപ്പ് വാണിജ്യ മന്ത്രാലയം ഭേദഗതി ചെയ്തതായും ഈ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. 47-ാം വകുപ്പില്‍ അഞ്ചാം ഉപവകുപ്പ് കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് നിയമത്തില്‍ അട്ടിമറി നടത്തിയത്. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ഇത്തരം അപേക്ഷകള്‍ കൈകാര്യം ചെയ്യാനുള്ള നിയമാധികാരം കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതാണ് പുതിയ ഭേദഗതി.

പ്രത്യേക സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കുന്നതിനാല്‍ അസംസ്‌കൃത വസ്തുവായ കല്‍ക്കരി ഇറക്കുമതി ചെയ്ത വകയില്‍ കമ്പനിക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് എപിഎല്‍ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ആഭ്യന്തര മേഖലയില്‍ കൈമാറ്റം ചെയ്യപ്പെടുകയാണെങ്കില്‍ അതിന് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താമെന്നാണ് പ്രത്യേക സാമ്പത്തിക മേഖല നിയമത്തിലെ 47(3) പറയുന്നത്. അത് പ്രകാരം കല്‍ക്കരി ഇറക്കുമതിയുടെ തീരുവ അടയ്ക്കാന്‍ എപിഎല്‍ ബാധ്യസ്ഥമാണെന്നിരിക്കെയാണ് ഇത്തരം ഒരു ഭേദഗതിയിലൂടെ അദാനിയുടെ കമ്പനിക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്.

ഇതുപ്രകാരമുള്ള രേഖകള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ഇപ്പോള്‍ നടക്കുന്ന കേസുകളില്‍ എപിഎല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ രേഖകള്‍ പ്രകാരം അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയായി എപിഎല്‍ ഒരു രൂപ പോലും അടച്ചിട്ടില്ല. പ്രത്യേക സാമ്പത്തിക മേഖല നിയമപ്രകാരം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന നികുതികള്‍ പോലും അവര്‍ അടച്ചിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 2015 മാര്‍ച്ചില്‍ എപിഎല്‍ അടച്ചുതീര്‍ക്കേണ്ട ആയിരം കോടി രൂപയുടെ നികുതി പോലും അടച്ചിട്ടില്ലെന്നതാണ് ഏറ്റവും വിചിത്രമെന്നും തകുര്‍ത്ത വാദിക്കുന്നു. മാത്രമല്ല, ഗുജറാത്ത് ഹൈക്കോടതിയില്‍ നടന്ന കേസില്‍ കോടതിയെ തെറ്റിധരിപ്പിച്ച് അനുകൂല വിധി സമ്പാദിക്കാനും എപിഎല്ലിന് സാധിച്ചു. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ 2015 നവംബര്‍ 20ന് കോടതി തള്ളി. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജി 2016 ഏപ്രില്‍ 21ന് രാജ്യത്തെ പരമോന്നത കോടതി തള്ളി. എന്നാല്‍ ഗുജറാത്ത് ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് എപിഎല്‍ സമര്‍പ്പിച്ച രേഖകളിലൊന്നും അവര്‍ ഇറക്കുമതി തീരുവ അടച്ചിരുന്നത് തെളിയിക്കുന്ന ഒരു രേഖയുമില്ലെന്നാണ് എറ്റവും അത്ഭുതപ്പെടുത്തുന്ന വസ്തുതയെന്ന് തകുര്‍ത്ത ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇത് സംബന്ധിച്ച ഒരു സംശയവും ഉന്നയിച്ചില്ല എന്നതാണ് കൗതുകകരം.

ഈ ചോദ്യങ്ങള്‍ ഉന്നയിച്ച് ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി കഴിഞ്ഞ മേയ് 24ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ, ഡിആര്‍ഐ ഡയറക്ടര്‍ ജനറല്‍ ദേബി പ്രസാദ് ദാസ്, വാണിജ്യ, വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍, വാണിജ്യ സെക്രട്ടറി റിത തിയോത്തിയ എന്നിവര്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഇവരാരും ഇതിനോട് പ്രതികരിച്ചില്ലെന്നും തകുര്‍ത്ത ചൂണ്ടിക്കാണിക്കുന്നു. കാര്‍ഷിക കടാശ്വാസം എഴുതി തള്ളാനോ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യുന്നവര്‍ക്ക് കൃത്യമായി കൂലി കൊടുക്കാനോ മടിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്നാണ് ഇത്തരം അനധികൃത നിയമനിര്‍മ്മാണങ്ങള്‍ അതീവ രഹസ്യമായി നടക്കുന്നത് എന്നതാണ് കൂടുതല്‍ ആശങ്കകള്‍ക്ക് കാരണമാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍