UPDATES

നിങ്ങളെ നിശബ്ദരാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഒരു സര്‍ക്കാര്‍ പറയുകയാണ്‌

1975-ലെ അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ത്യന്‍ ജനാധിപത്യം ഇത്തരത്തിലൊരു അവസ്ഥ നേരിട്ടിട്ടില്ല എന്നതു കൂടി മനസിലാക്കുമ്പോഴേ ചിത്രം പൂര്‍ണമാവൂ.

ഇത് എന്‍.ഡി.ടി.വിക്ക് ക്ലീന്‍ചിറ്റ് നല്‍കാനോ അല്ലെങ്കില്‍ അവര്‍ ചെയ്യുന്ന ജേര്‍ണലിസത്തേയും ബിസിനസിനേയും പുകഴ്ത്തനോ ഉള്ള ശ്രമമല്ല. മറിച്ച് വസ്തുകതകള്‍ എന്താണ് എന്നു പരിശോധിക്കുക മാത്രാണ് ഇവിടെ. അതോടൊപ്പം, വായനക്കാര്‍ക്ക് ഒരു മുന്നറിയിപ്പും.

ഇന്നലെ നടന്ന എന്‍.ഡി.ടി.വി റെയ്‌ഡോടെ എങ്ങനെയാണ് ഇന്ത്യ ഭരിക്കേണ്ടത് എന്ന തങ്ങളുടെ മനോഭാവത്തിന് പുതുവഴികള്‍ തുറന്നിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. അതുപോലെ തന്നെ ഇതെല്ലാവര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്, അതായത്, മാധ്യമങ്ങള്‍ക്ക്, ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നവര്‍ക്ക്, തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ അഭിമാനിക്കുന്ന ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്ക്, ഭിന്നതകളെ ആഘോഷിക്കുകയും തുറന്ന മനസോടെ ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതുവഴി ജനാധിപത്യം എന്നതിന്റെ അന്തഃസത്ത നിലനില്‍ക്കുകയും ചെയ്യുന്ന ഒരു സാമൂഹിക ക്രമമാണ് ഇന്ത്യയില്‍ ഉള്ളത് എന്ന് കരുതുന്നവര്‍ക്ക് – ആ സമയം അവസാനിക്കുകയാണ്.

ഏകദേശം കാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഡോ. പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ചേര്‍ന്ന് സ്ഥാപിച്ച എന്‍.ഡി.ടി.വിയുടെ ഓഫീസുകളും ഇവരുടെ ദക്ഷിണ ഡല്‍ഹിയിലേയും മസൂറി, ഡെറാഡൂണ്‍ എന്നിവിടങ്ങളിലേയും വീടുകളുമാണ് തിങ്കളാഴ്ച സി.ബി.ഐ റെയ്ഡ് ചെയ്തത്. ഈ മാസം രണ്ടിന് ഈ മാധ്യമ ദമ്പതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഏതെങ്കിലും വിധത്തിലുള്ള സത്യസന്ധമായ കേസന്വേഷണത്തിന്റെ ഭാഗമായുള്ളതായിരുന്നില്ല ആ റെയ്ഡ് എന്നതിന് മതിയായ തെളിവുകള്‍ ഉണ്ട്. അതുകൊണ്ടു തന്നെ ഈ റെയ്ഡ് രാജ്യത്തിനു മുഴുവനുമുള്ള ഒരു മുന്നറിയിപ്പാണ്. അതോടൊപ്പം, താരതമ്യേനെ എന്‍.ഡി.ടി.വി നടത്തുന്ന സ്വതന്ത്ര സ്വഭാവമുള്ള മാധ്യമ പ്രവര്‍ത്തനത്തിന് അവര്‍ക്ക് നേരെയുള്ള പ്രതികാര നടപടിയും. അതായത്, ഇതുവഴി സാധിച്ചിരിക്കുന്നത് ഏതെങ്കിലും വിധത്തിലുള്ള ഭിന്നാഭിപ്രായങ്ങളെ മോദി സര്‍ക്കാര്‍ വച്ചു പൊറുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നു തന്നെയാണ്.

വിചിത്രമായ എഫ്.ഐ.ആര്‍
സാധാരണ സി.ബി.ഐ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളിലുള്ള എഫ്.ഐആറുകള്‍ കണ്ടിട്ടുള്ളവര്‍ക്കറിയാം, ഇപ്പോള്‍ എന്‍.ഡി.ടിവിക്ക് എതിരെ എടുത്തിരിക്കുന്ന എഫ്.ഐ.ആര്‍ എത്രത്തോളം വിചിത്രമാണ് എന്ന്. രണ്ടു മാര്‍ഗങ്ങളാണ് സി.ബി.ഐ സാധാരണ ഇത്തരം കാര്യങ്ങളില്‍ സ്വീകരിക്കുക. ലഭിച്ച പരാതിയിലെ ഉള്ളടക്കം പരിശോധിക്കണമെങ്കില്‍ അവര്‍ ആദ്യം ചെയ്യുക ഒരു പ്രാഥമികാന്വേഷണം (PE) നടത്തുക എന്നതാണ്. ഈ PE രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നടന്നിട്ടുണ്ട് എന്ന് ബോധ്യമാവുകയും ചെയ്താല്‍ ഈ PE, എഫ്.ഐ.ആര്‍ ആയി മാറും.

എല്ലാവിധ തെളിവുകളും കൈയിലുണ്ടെങ്കില്‍ നേരിട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ് മറ്റൊരു വഴി.എന്നാല്‍ എന്‍.ഡി.ടി.വി കേസില്‍ യാതൊരു വിധത്തിലുള്ള പ്രാഥമികാന്വേഷണവും നടത്താതെ എന്‍.ഡി.ടി.വിയില്‍ നിന്നു പുറത്താക്കപ്പെട്ട ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരിട്ട് എഫ്.ഐ.ആര്‍ ഇടുകയായിരുന്നു സി.ബി.ഐ ചെയ്തത്.

ആരാണ് പരാതിക്കാരന്‍? എന്‍.ഡി.ടി.വിയില്‍ നേരത്തെ ധനകാര്യ ഉപദേഷ്ടാവായിരിക്കുകയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്ത സജ്ഞയ് ദത്ത് എന്നയാള്‍ ഏറെ വര്‍ഷങ്ങളായി എന്‍.ഡി.ടി.വിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു കോടതിയില്‍ നിന്ന് അനുകൂലമായ ഒരുത്തരവ് ഇയാള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല.

ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്നുള്ള വായ്പയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ എഫ്.ഐ.ആര്‍ ഉണ്ടായിരിക്കുന്നത്. ഇക്കാര്യം സഞ്ജയ് ദത്തിന്റെ പരാതിയിലും പറയുന്നുണ്ട്. എന്നാല്‍ 2005 മുതല്‍ ഇയാള്‍ ഇക്കാര്യത്തില്‍ കോടതികളെ സമീപിക്കുന്നുണ്ടെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച് ഉത്തരവുകളൊന്നും കോടതി നല്‍കിയിട്ടില്ല.

ഏഴു വര്‍ഷം മുമ്പ് തങ്ങള്‍ തിരിച്ചടച്ചു എന്ന് പ്രണോയ് റോയും രാധികാ റോയും പറയുന്ന ഒരു ബാങ്ക് ലോണിനെ സംബന്ധിച്ചാണ് എഫ്.ഐ.ആര്‍. ഈ വായ്പ തിരിച്ചടച്ചതാണെന്ന് ഐ.സി.ഐ.സി.ഐ ബാങ്കും പറയുന്നുണ്ട്.

ഇവിടെയാണ് മറ്റു ചോദ്യങ്ങള്‍ ഉയരുന്നത്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട് നിരവധി ഉദാഹരണങ്ങള്‍ ഈ അടുത്ത കാലത്തുണ്ടായിട്ടുണ്ട്. എന്നാല്‍ പരാതിക്കാര്‍ ബാങ്ക് അല്ലാതെ ഇത്തരത്തിലൊരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന സമീപഭാവിയിലൊന്നും സംഭവിച്ചിട്ടില്ല. ഐ.സി.ഐ.സി.ഐ ബാങ്ക് വ്യക്തമാക്കുന്നത് തങ്ങള്‍ക്ക് ലഭിക്കേണ്ട പണം മുഴുവന്‍ തിരികെ കിട്ടിയിട്ടുണ്ടെന്നും അത് അവര്‍ രേഖാമൂലം സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നാണ്. എന്നാല്‍ മൂന്നാമതൊരാളാണ് ഇവിടെ പരാതിക്കാരനായി വന്നിരിക്കുന്നത്. സി.ബി.ഐ ആകട്ടെ അതുമായി മുന്നോട്ടു പോവുകയും അയാളുടെ പരാതി എഫ്.ഐ.ആറാക്കി മാറ്റുകയുമായിരുന്നു. ഇത്രത്തോളം വിചിത്രമാണ് ഈ കേസ്.

മറ്റൊരു കാര്യം ആലോചിക്കേണ്ടത് ഐ.സി.ഐ.സി.ഐ ഒരു സ്വകാര്യ ബാങ്ക് ആണെന്നതും പൊതുമേഖലാ ബാങ്ക് അല്ല എന്നതും കൂടിയാണ്.

അപ്പോള്‍ എന്താണീ സി.ബി.ഐ റെയ്ഡ്? കേസുമായി ബന്ധപ്പെട്ട വസ്തുനിഷ്ഠമായ തെളിവുകളും മറ്റ് രേഖകളും കണ്ടെത്തുക എന്നതല്ലേ? എന്നാല്‍ ഏഴുവര്‍ഷം മുമ്പെടുത്ത ഒരു വായ്പ, അത് തിരിച്ചടച്ചു എന്ന് ബാങ്ക് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും അതില്‍ നിന്ന് എന്തു രേഖയാണ് സി.ബി.ഐക്ക് അവിടെ നിന്ന് ലഭിക്കുക?

യഥാര്‍ത്ഥത്തില്‍ ഈ റെയ്ഡ് ഏതെങ്കിലും വിധത്തിലുള്ള രേഖകള്‍ പിടിച്ചെടുക്കാനോ ഒന്നുമായിരുന്നില്ല. അതൊരു സന്ദേശം നല്‍കലാണ്. സ്വതന്ത്ര ചിന്താഗതിയുള്ളവര്‍, ജനാധിപത്യ സ്ഥാപനങ്ങള്‍, ജനാധിപത്യത്തിന്റെ അന്തസ്സത്തയില്‍ വിശ്വസിക്കുന്നവര്‍… അവര്‍ക്കുള്ള ഒരു സന്ദേശമാണിത്. ജനാധിപത്യത്തെ, അതിന്റെ ബഹുസ്വരതയെ പേടിക്കുകയും അതിനോട് അസഹിഷ്ണുത പുലര്‍ത്തുകയും ഏതെങ്കിലും വിധത്തില്‍ തങ്ങള്‍ക്ക് കീഴ്‌പ്പെടാത്തവരെ നിശബ്ദരാക്കാന്‍ ഏതറ്റം വരെയും പോകും എന്നതിന്റെ വ്യക്തമായ സന്ദേശം.

1975-ലെ അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ത്യന്‍ ജനാധിപത്യം ഇത്തരത്തിലൊരു അവസ്ഥ നേരിട്ടിട്ടില്ല എന്നതു കൂടി മനസിലാക്കുമ്പോഴേ ചിത്രം പൂര്‍ണമാവൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍