UPDATES

സിനിമ

ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി യൂടൂബിലെത്തില്ല; ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ജനങ്ങളിലെത്തുന്നത് തടയാൻ മോദി സർക്കാർ

സെൻസർ സർട്ടിഫിക്കറ്റില്ലാതെ നിർമാതാക്കൾക്ക് ‘സ്വകാര്യ സ്ക്രീനിങ്ങുകൾ’ നടത്താൻ കഴിയും. എന്നാൽ കേന്ദ്ര സർക്കാർ ഈ സ്ക്രീനിങ്ങുകളെ പൊതുപരിപാടിയായാണ് കാണുന്നത്.

ഗോരക്ഷകരുടെ നേതൃത്വത്തിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി, ‘ലിഞ്ച് നേഷൻ’ യൂടൂബിലെത്തുന്നത് തടയാൻ മോദി സർക്കാർ വഴികളാരായുന്നതായി റിപ്പോർട്ട്. ‘ദി പ്രിന്റ്’ ആണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 42 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററിയുടെ ട്രെയിലർ നിലവിൽ യൂടൂബിലുണ്ട്. ഈ ട്രെയിലർ യൂടൂബിനെക്കൊണ്ട് നീക്കം ചെയ്യിക്കാനാണ് ഇപ്പോഴത്തെ പദ്ധതി.

കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഈ ട്രെയിലർ യൂടൂബിൽ അപ്‌ലോഡ് ചെയ്യപ്പെട്ടത്. യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമിയോ എന്ന വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമിലാണ് നിലവിൽ ഈ ഡോക്യുമെന്ററി ഉള്ളത്. ഇത് കാണണമെങ്കിൽ പ്രത്യേകം പാസ്‌വേഡ് ആവശ്യമാണ്. ഡോക്യുമെന്ററി നിർമാതാക്കളിൽ നിന്നുള്ള ലിങ്ക് ലഭിച്ചാൽ മാത്രമേ ഇതിൽ കയറി കാണാനൊക്കൂ.

അതെസമയം ഈ ഡോക്യുമെന്ററി കേരളത്തിലടക്കം രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിൽ ഇതിനകം തന്നെ പ്രദർശിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഈ ഡോക്യുമെന്ററിക്ക് ഇനിയും കിട്ടിയിട്ടില്ല. സെൻസർ സർട്ടിഫിക്കറ്റില്ലാതെ നിർമാതാക്കൾക്ക് ‘സ്വകാര്യ സ്ക്രീനിങ്ങുകൾ’ നടത്താൻ കഴിയും. എന്നാൽ കേന്ദ്ര സർക്കാർ ഈ സ്ക്രീനിങ്ങുകളെ പൊതുപരിപാടിയായാണ് കാണുന്നത്. രാജ്യത്തിന്റെ സിനിമാട്ടോഗ്രാഫ് നിയമത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിയേക്കും.

ഏതുതരം നടപടിയാണ് ഡോക്യുമെന്ററി നിർമാതാക്കൾക്കെതിരെ എടുക്കേണ്ടതെന്ന കാര്യത്തിൽ വിവരവിനിമയ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. യൂടൂബിനെ സമീപിക്കുന്നത് അടക്കമുള്ളവയ്ക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഡോക്യുമെന്ററി ജനങ്ങൾക്കിടയിൽ എത്താതിരിക്കാനുള്ള വഴികൾ ആദ്യമാരായും. ഇതിനു ശേഷമായിരിക്കും നിർമാതാക്കൾക്കെതിരായ നീക്കം.

ഷഹീന്‍ അഹമ്മദ്, അഫ്ഷാഖ്, ഫർഖാൻ ഫരീദി, വിഷു സേജ്വാൾ എന്നിവരാണ് ഡോക്യുമെന്ററി നിർമിച്ചത്. സ്വകാര്യ സ്ക്രീനിങ്ങുകൾക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് വേണ്ടെന്ന കാര്യം ഇവർ ചൂണ്ടിക്കാട്ടുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുമ്പിൽ മാത്രമേ ഡോക്യുമെന്ററി പ്രദർശിപ്പിക്കാറുള്ളൂ. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവയിൽ പ്രദർശിപ്പിക്കുന്നതിനും സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ ആവശ്യമില്ല നിലവിൽ. എന്നാൽ ഈ പ്ലാറ്റ്ഫോമുകൾക്കെല്ലാം നിർദ്ദേശം നൽകാൻ കേന്ദ്രത്തിന് കഴിയും. രാജ്യത്തിനകത്ത് ഇവ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് നിർദ്ദേശിക്കാനുള്ള നീക്കമാണ് കേന്ദ്രം ഇനി നടത്തുക എന്നാണ് പ്രതീക്ഷിക്കേണ്ടത്. 2012ലെ ഡൽഹി കൂട്ടബലാൽസംഗം സംബന്ധിച്ച ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിൽ നിന്ന് 2015ൽ മോദി സർ‌ക്കാർ ബിബിസിയെ വിലക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍