UPDATES

ട്രെന്‍ഡിങ്ങ്

സ്ഥിരം ജോലിയും അവകാശങ്ങളും ഇല്ലാതാകും; പുതിയ തൊഴിലാളിവിരുദ്ധ നിയമങ്ങളുമായി മോദി സര്‍ക്കാര്‍

സ്ഥിരം തൊഴില്‍ സമ്പ്രദായം പൂര്‍ണ്ണമായി ഇല്ലാതാക്കാനാണ് നീതി ആയോഗിന്റെ പ്രധാന നിര്‍ദേശം.

തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന വിധത്തില്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവിലെ തൊഴില്‍ നിയമങ്ങള്‍ മാറ്റാനുള്ള നീതി ആയോഗ് ശുപാര്‍ശ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്ത രണ്ടു വര്‍ഷം തൊഴില്‍ പരിഷ്‌കരണങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന തൊഴില്‍ നിയമങ്ങളില്‍ മാറ്റം വേണമെന്ന് തന്നെയാണ് നീതി ആയോഗ് വ്യക്തമാക്കുന്നത്. സ്ഥിരം തൊഴില്‍ സമ്പ്രദായം പൂര്‍ണ്ണമായി ഇല്ലാതാക്കാനാണ് നീതി ആയോഗിന്റെ പ്രധാന നിര്‍ദേശം. പകരം നിശ്ചിത കാല തൊഴില്‍ സമ്പ്രദായം കൊണ്ടുവരണം. എല്ലാ മേഖലകളിലേയ്ക്കും ഇത് വ്യാപിപ്പിക്കണം. സ്ഥിരം തൊഴില്‍ സമ്പ്രദായവും തൊഴില്‍ സംരക്ഷണ നിയമവുമാണ് പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് തൊഴിലുടമകളെ വിലക്കുന്ന പ്രധാന ഘടകങ്ങളെന്ന് നീതി ആയോഗ് അഭിപ്രായപ്പെടുന്നു.

സ്ഥിരം തൊഴിലിന് അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള, 25 കോടിയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സംരംഭങ്ങളെ സ്റ്റാര്‍ട്ട് അപ്പുകളായി കണക്കാക്കും. ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തൊഴില്‍ നിയമങ്ങള്‍ ബാധകമാവില്ല. ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ വ്യാപകമാക്കാനും നീതി ആയോഗ് ലക്ഷ്യമിടുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന ഒരു തൊഴില്‍, ഭൂ നിയമവും ബാധകമല്ലാത്ത, വലിയ തീരദേശ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കാനും നീതി ആയാഗ് നിര്‍ദേശിക്കുന്നു. ഈ മേഖലകളിലെ കമ്പനികള്‍ക്ക് വന്‍ നികുതിയിളവും ലഭിക്കും. ഈ നിയമങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങളെയും തൊഴിലാളിക്ക് സംരക്ഷണം നല്‍കുന്ന സമ്പ്രദായത്തെയും അടിമുടി മാറ്റി മറിക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംഘപരിവാര്‍ സംഘടനയായ ബിഎംഎസ് അടക്കമുള്ള എല്ലാ തൊഴിലാളി സംഘടനകളും പ്രതിഷേധം ഉയര്‍ത്തുന്നുണ്ടെങ്കിലും എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നോട്ടുപോവാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍, ലേബര്‍ ബ്യൂറോ കണക്കുകളനുസരിച്ച് 3.86 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞത്. 2015ല്‍ 1.55 ലക്ഷവും 2016 ഏപ്രില്‍-ഡിസംബര്‍ വരെ 2.31 ലക്ഷവും തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാറിനുണ്ടായ പരാജയം മറികടക്കാനാണ് അടുത്ത രണ്ടു വര്‍ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതിനാണ് നീതി ആയോഗിനെ ചുമതലപ്പെടുത്തിയത്. നീതി ആയോഗ് മൂന്ന് വര്‍ഷത്തേക്കുള്ള കര്‍മ പദ്ധതിയാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍