UPDATES

മോദി കരുത്തന്‍; കാശ്മീരിനെ രക്ഷിക്കാന്‍ കഴിയുന്ന ഏക ആള്‍: ജമ്മു – കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒന്നും ചെയ്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരിന്റെ രക്ഷകനാണെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഈ മണല്‍ക്കുഴിയില്‍ ആരെങ്കിലും തങ്ങളെ രക്ഷിക്കുമെങ്കില്‍ അത് മോദിയായിരിക്കുമെന്ന് അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ തീരുമാനങ്ങള്‍ക്കും രാഷ്ട്രത്തിന്റെ പിന്തുണയുണ്ടാകുമെന്നും അവര്‍ പറയുന്നു.

മോദിയ്ക്ക് ജനവിധിയുടെ പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം എടുക്കുന്ന ഏതൊരു തീരുമാനത്തിനും രാജ്യത്തെ ജനങ്ങളുടെ പിന്തുണയുണ്ടാവും. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്. ലാഹോറില്‍ പോകാനും പാക് പ്രധാനമന്ത്രിയെ കാണാനും അദ്ദേഹം തയ്യാറായി. അതൊരു ദൗര്‍ബല്യത്തിന്റെ ലക്ഷണമല്ല, പകരം കരുത്തിന്റെയും അധികാരത്തിന്റെയും ലക്ഷണമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ജമ്മുവില്‍ ഒരു ഫ്ലൈ ഓവര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കൂടാതെ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒന്നും ചെയ്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഒരു മുന്‍ പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ വീട് കാണാന്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നുണ്ടായിരുന്നുവെന്ന് മന്‍മോഹന്‍ സിംഗിന്റെ പേരെടുത്തു പറയാതെ അവര്‍ പറഞ്ഞു. അദ്ദേഹത്തിന് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനും അതുവഴി കാശ്മീര്‍ ഇന്ന് നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും കഴിയുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല എന്നും അവര്‍ കുറ്റപ്പെടുത്തി. 2002 മുതല്‍ 2008 വരെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്നു പിഡിപി.

വാജ്പേയി പ്രധാനമന്ത്രിയും മുഫ്തി മുഹമ്മദ് സെയ്ദ് മുഖ്യമന്ത്രിയുമായിരുന്ന സമയത്ത് അതിര്‍ത്തി ഏറെക്കുറെ ശാന്തമായിരുന്നുവെന്നും അവര്‍ പറഞ്ഞു. കാശ്മീര്‍ പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചകളും അന്ന് തുടങ്ങിവച്ചു. എന്നാല്‍ അതിനെ തുടര്‍ന്ന് വന്ന യുപിഎ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. എല്ലാം പരിഹരിക്കപ്പെട്ടു എന്നാ വിധത്തിലാണ് അവര്‍ പെരുമാറിയത്. എന്നാല്‍ പുറത്തേക്ക് പൊട്ടിയൊലിച്ചു വരുന്ന ലാവ പുറത്തു വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. 2008-ലും 2009-ലും 2010-ലും യുവാക്കള്‍ തെരുവിലിറങ്ങി. ആ ലാവയാണ് ഇന്ന് മുഴുവനായി പടര്‍ന്നിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

അതേ സമയം പ്രതിസന്ധിയിലായ പിഡിപി-ബിജെപി സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടി നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് മെഹബൂബയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. മെഹബൂബയുടെ പ്രസ്താവനയ്ക്കെതിരെ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള രംഗത്തെത്തി. “ഇത്ര കരുത്തയായ മുഖ്യമന്ത്രി ആയതു കൊണ്ടാവും അനന്ത്നാഗ് ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്പിക്കാന്‍ അവര്‍ പ്രതിഷേധക്കാരേ അനുവധിക്കാത്തതെന്ന് അദ്ദേഹം പരിഹസിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍