UPDATES

ഇന്ത്യ

എന്തുകൊണ്ട് മോദി പാലസ്തീനില്‍ പോയില്ല? ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ചോര്‍ന്ന പ്രസംഗം പറയുന്നത്

പുറത്തുവരുന്ന കാര്യങ്ങള്‍ ഇന്ത്യയുടെ ഇസ്രായേല്‍-പലസ്തീന്‍ നയങ്ങളിലുള്ള മാറ്റമാണോ അതോ മോദിയുടെ വാക്കുകളെ അദ്ദേഹം വ്യാഖ്യാനിച്ചതിന്റെ കുഴപ്പമാണോ എന്ന് കാലം തെളിയിക്കും.

സംഭവം ഒരു ചെറിയ സാങ്കേതിക പിഴവായിരുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ കഴിഞ്ഞയാഴ്ച കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളുടെ യോഗം നടക്കുകയായിരുന്നു. യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മൈക്ക് പക്ഷെ ചോര്‍ന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ രണ്ടര മിനുട്ട് ഭാഗം മാധ്യമപ്രവര്‍ത്തകരുടെ ഹെഡ്‌ഫോണുകളിലേക്ക് പകര്‍ന്നു കിട്ടി. തെറ്റുമനസിലാക്കിയ നെതന്യാഹുവിന്റെ സഹായികള്‍ ഉടനടി സാങ്കേതിക പിഴവ് പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ചോര്‍ന്നുകിട്ടിയ ആ രണ്ടര മിനിട്ട് പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ആദ്യം ഇസ്രായേല്‍ സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട ചില വിലപ്പെട്ട വിവരങ്ങള്‍ വെളിപ്പെട്ടു. ഇസ്രായേല്‍ ദിനപത്രമായ ഹാറെറ്റ്‌സ് ആണ് ഇത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചതെന്ന് thewire.in റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസംഗത്തില്‍ ഇസ്രയേലിനോട് യൂറോപ്പ് കാണിക്കുന്ന നിസഹകരണത്തെ കുറിച്ച് പരാര്‍ശിക്കുന്നതിനിടയില്‍ ചൈന തങ്ങളോട് സഹകരിക്കുന്നുണ്ട് എന്ന് നെതന്യാഹു സൂചിപ്പിക്കുന്നുണ്ട്. തുടര്‍ന്നാണ് അദ്ദേഹം മോദിയുടെ സന്ദര്‍ശനത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഈ മാസം ആദ്യം നടന്ന ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പാലസ്തീന്‍ സന്ദര്‍ശിക്കാതിരുന്നത് വിവാദമായിരുന്നു. സാധാരണ ഇസ്രയേലിലെത്തുന്ന ലോക നേതാക്കളെല്ലാം റാമള്ളയില്‍ എത്താറുള്ളതാണ്. ഇത് പലസ്തീനുള്ള ഐക്യദാര്‍ഢ്യമായാണ് വിലയിരുത്തപ്പെടുന്നതും. എന്നാല്‍, റാമള്ള സന്ദര്‍ശിക്കാന്‍ മോദി തയ്യാറായില്ല.

നെതന്യാഹുവിന്റെ പ്രസംഗത്തിലേക്ക് വരാം. ഈ മാസം ആദ്യം തന്റെ ‘സുഹൃത്ത്’ മോദി ഇസ്രയേല്‍ സന്ദര്‍ശിച്ച കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു, ‘മോദി ഇസ്രയേലിലെത്തുകയും കുറച്ചു ദിവസം ചിലവഴിക്കുകയും ചെയ്തു. ‘എനിക്ക് ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണം. എനിക്ക് കൂടുതല്‍ ജലം വേണം. ശുദ്ധജലം. എവിടെ നിന്നാണ് എനിക്കത് ലഭിക്കുക? റാമള്ള? ഇല്ലല്ലോ’ എന്നാണ് മോദി പറഞ്ഞത്.’ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ സാങ്കേതിക സഹകരണവുമായി ബന്ധപ്പെട്ട് 40 ദശലക്ഷം ഡോളറിന്റെ കരാറിലാണ് ഒപ്പിട്ടത്. ജല, കാര്‍ഷിക മേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിന് ഇരുഭാഗവും സമ്മതിച്ചിട്ടുണ്ട്. ‘ജലസംരക്ഷണം, മലിനജല പരിപാലനം, കാര്‍ഷിക മേഖലയില്‍ അതിന്റെ പുനരുപയോഗം, ജല ഉപയുക്ത പരിഷ്‌കാരങ്ങള്‍, അത്യാധുനിക ജല സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഗംഗയും മറ്റ് നദികളും ശുദ്ധീകരിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും – എന്നാണ് ജൂലൈ അഞ്ചിന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നത്.

ജലവിഭവങ്ങളുടെ സാങ്കേതികവിദ്യയില്‍ ഇസ്രയേലിന് മേല്‍ക്കൈയുണ്ട്. എന്നാല്‍ പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശം തങ്ങളുടെ ജലസ്രോതസുകളെ ചൂഷണം ചെയ്യാനും മോഷ്ടിക്കാനുമാണെന്ന് നേരത്തെ തന്നെ പാലസ്തീനികള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. അതായത് ശുദ്ധജലം വേണമെങ്കില്‍ മോദി യഥാര്‍ത്ഥത്തില്‍ പോകേണ്ടത് റാമള്ളയിലാണെന്ന് thewire.in ചൂണ്ടിക്കാണിക്കുന്നു. പക്ഷെ അവിടുത്തെ ജലസ്രോതസുകളുടെ പൂട്ടിന്റെ താക്കോല്‍ ഇസ്രയേലിന്റെ കൈയിലാണെന്നതാണ് റാമള്ള സന്ദര്‍ശനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മോദിയെ പ്രേരിപ്പിച്ചതെന്ന് സാരം.

റാമള്ള സന്ദര്‍ശനം പ്രധാനമന്ത്രി ഒഴിവാക്കിയതോടെ ഇന്ത്യയുടെ പലസ്തീന്‍ നയത്തില്‍ മാറ്റം വരുന്നു എന്ന വിമര്‍ശനം പക്ഷെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന്റെ 25-ാം വാര്‍ഷികമായതിനാലാണ് മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചതെന്നാണ് ഇന്ത്യന്‍ ഭാഗം വിശദീകരിക്കുന്നത്. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇന്ത്യ ഇതുവരെ സ്വീകരിച്ചിരുന്ന സന്തുലിത നിലപാട് തുടരുമെന്നാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുന്നത്. ഇതിന്റെ സൂചകമാണ് ജൂണിലെ പലസ്തീന്‍ പ്രസിഡന്റ് മൊഹമ്മദ് അബ്ബാസിന്റെ ഇന്ത്യാ സന്ദര്‍ശനമെന്നും അവര്‍ ആവര്‍ത്തിക്കുന്നു.

പ്രശ്‌നത്തിന് രണ്ട് രാജ്യങ്ങള്‍ എന്ന പരിഹാരമാണ് വേണ്ടതെന്നായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ നിലപാട്. സന്ദര്‍ശനത്തിനിടയില്‍ ഒരു ഇസ്രയേലി പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ രണ്ട് രാജ്യങ്ങള്‍ എന്ന പരിഹാരത്തില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുന്നതായി മോദി പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാടിനോട് യോജിപ്പില്ലാത്ത ആളാണ് നെതന്യാഹു. അതുകൊണ്ടാവാം, സംയുക്ത പ്രസ്താവനയില്‍ അത്തരം ഒരു പരാമര്‍ശം ഉണ്ടായതുമില്ല.

പുറത്തുവന്ന പ്രസംഗത്തിന്റെ ആദ്യഭാഗത്തില്‍ യൂറോപ്യന്‍ യൂണിയനെ നെതന്യാഹു രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. തങ്ങളുടെ പലസ്തീന്‍ നിലപാടിന്റെ അടിസ്ഥാനത്തിലാണ് മറ്റ് മേഖലകളിലുള്ള സഹകരണത്തിന് യൂറോപ്യന്‍ യൂണിയന്‍ തയ്യാറാവുന്നതെന്നും ആ നിലപാട് പിന്തുടരുന്ന ഒരേ ഒരു രാഷ്ട്രസമൂഹം അവരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ചൈനയും ഇന്ത്യയും ഈ നിലപാടല്ല പിന്തുടരുന്നതെന്നുമാണ് നെതന്യാഹുവിന്റെ പക്ഷം. ടെല്‍ അവീവിനെ പലസ്തീന്‍ അധിനിവേശത്തിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ മാറ്റി നിറുത്തുമ്പോള്‍ ഇന്ത്യയും ചൈനയും ശുദ്ധമായ ബിസിനസിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേലുമായുള്ള ബന്ധത്തെ പരിഗണിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയ പ്രശ്‌നങ്ങളെ ചൈനയും ഇന്ത്യയും കാര്യമായി എടുക്കുന്നില്ല എന്നും നെതന്യാഹു പറയുന്നു.

എന്നാല്‍ എല്ലാക്കാലത്തും പലസ്തീനുമായി ഉഷ്മള ബന്ധമാണ് ഇന്ത്യ പുലര്‍ത്തിയിരുന്നത്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ മുന്‍കാലങ്ങളില്‍ പല അന്താരാഷ്ട്ര വേദികളിലും ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നെതന്യാഹുവിന്റെ പ്രസംഗത്തിലൂടെ പുറത്തുവരുന്ന കാര്യങ്ങള്‍ ഇന്ത്യയുടെ ഇസ്രായേല്‍-പലസ്തീന്‍ നയങ്ങളിലുള്ള മാറ്റമാണോ അതോ മോദിയുടെ വാക്കുകളെ അദ്ദേഹം വ്യാഖ്യാനിച്ചതിന്റെ കുഴപ്പമാണോ എന്ന് കാലം തെളിയിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍