ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രിയായ ഇന്ദിരാഗാന്ധി തമിഴ്നാട്ടുകാരിയായിരുന്നുവോ?
രാജ്യത്തിന്റെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രി ആരാണ്? ചരിത്രം പറയുന്നത് അത് ഇന്ദിരാഗാന്ധി ആണെന്നാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് തന്റെ മന്ത്രിസഭയിലെ ‘തമിഴ്നാട്ടുകാരി’ നിർമലാ സീതാരാമനാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രി എന്നാണ്. കന്യാകുമാരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എത്തിയ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിനിടയിൽ, വിങ് കമാൻഡർ അഭിനന്ദന്റെ തമിഴ് സ്വത്വത്തെക്കുറിച്ച് പ്രസ്താവന നടത്തിയിരുന്നു. അഭിനന്ദൻ തമിഴനാണ് എന്നതിൽ തമിഴ്നാട്ടുകാർക്ക് അഭിമാനിക്കാമെന്നായിരുന്നു പ്രസ്താവന. ഇതിന് ബലം കൊടുക്കാനായി ഇത്രയും കൂടി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു: “ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി തമിഴ്നാട്ടുകാരിയാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു”
ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രിയായ ഇന്ദിരാഗാന്ധി തമിഴ്നാട്ടുകാരിയായിരുന്നുവോ? ഒരിക്കലുമല്ല. ബ്രിട്ടീഷ് ഇന്ത്യയിലെ ആഗ്ര യുനൈറ്റഡ് പ്രോവിൻസിലെ അലഹബാദിലായിരുന്നു ഇന്ദിര പ്രിയദർശിനി നെഹ്റുവിന്റെ ജനനം. പിന്നെ ആരെക്കുറിച്ചാണ് ഇന്ത്യയുടെ പ്രധാനമന്ത്രി പറയുന്നത്? ട്വീറ്റിൽ നിന്ന് മനസ്സിലാക്കാനാകുന്നത് തന്റെ മന്ത്രിസഭയിൽ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന നിർമല സീതാരാമനെ മോദി രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി തെറ്റുധരിച്ചിരിക്കുന്നു എന്നാണ്.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം 1975 ഡിസംബർ ഒന്നാംതിയ്യതി മുതൽ അതേ മാസം 21ാം തിയ്യതി വരെ ഇന്ദിരാഗാന്ധിയായിരുന്നു പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. 1975 ജൂൺ മാസം 25ന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഈ സന്ദർഭത്തിൽ സർദാർ സ്വാരൺ സിങ്ങായിരുന്നു. ഇദ്ദേഹത്തിന് മന്ത്രിസഭയ്ക്കു പുറത്ത് ചില നിർണായകമായ ചുമതലകൾ ഇന്ദിരാ ഗാന്ധി നൽകി. ഭരണഘടനാ ഭേദഗതികൾ വരുത്തുന്നതു സംബന്ധിച്ച പഠനങ്ങള് നടത്താനായി ഇന്ദിര നിയോഗിച്ച സമിതിയെ നയിച്ചിരുന്നത് സ്വാരൺ സിങ്ങായിരുന്നു. സ്വാരണിൽ നിന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്ത ഇന്ദിര കുറച്ചു ദിവസങ്ങൾ മാത്രമേ പ്രസ്തുത സ്ഥാനത്തിരുന്നുള്ളൂ. തന്റെ ആശ്രിതനായ ബൻസി ലാലിന് പ്രതിരോധമന്ത്രാലയത്തിന്റെ ചുമതല കൈമാറി. ‘ഇന്ത്യ എന്നാൽ ഇന്ദിരയാണ്’ എന്ന കുപ്രസിദ്ധമായ പ്രയോഗം നടത്തിയതിന്റെ പേരിൽ ഇദ്ദേഹം ഇപ്പോഴും ഓർമിക്കപ്പെടുന്നു.
പ്രതിരോധമന്ത്രാലയത്തിന്റെ ചുമതല വീണ്ടുമൊരിക്കൽക്കൂടി ഇന്ദിരാഗാന്ധി ഏറ്റെടുക്കുകയുണ്ടായി. 1980ൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ ശക്തമായ തിരിച്ചുവരവിലായിരുന്നു അത്. 1980 ജനുവരി 14ന് ഇന്ദിരാ സർക്കാർ അധികാരത്തിലേറിയപ്പോൾ പ്രതിരോധമന്ത്രാലയത്തിന്റെ ചുമതല ഇന്ദിരാ ഗാന്ധിക്കായിരുന്നു. 1982 ജനുവരി 15 വരെ ഇന്ദിര ഈ ചുമതലയിൽ തുടർന്നു. പിന്നീട് ആർ വെങ്കിട്ടരാമനാണ് പ്രതിരോധമന്ത്രിയായത്.
ചുരുക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രിയെന്ന് വിശേഷിപ്പിക്കുന്ന, രാജ്യസഭയിലൂടെ പാർലമെന്റിലെത്തിയ നിർമലാ സീതാരാമൻ യഥാർത്ഥത്തിൽ രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രിയാണ്.
I am proud that India’s first woman Defence Minister is from Tamil Nadu.
It makes every Indian proud that the brave Wing Commander Abhinandan hails from Tamil Nadu: PM
— PMO India (@PMOIndia) March 1, 2019