UPDATES

ട്രെന്‍ഡിങ്ങ്

ഉപതിരഞ്ഞെടുപ്പ് തോല്‍വി ബിജെപിയെ കൂടുതല്‍ അപകടകാരികളാക്കും; പ്രതിപക്ഷ പാര്‍ട്ടികള്‍ വേറിട്ട്‌ നടന്നാലും ഒരുമിച്ച് ആക്രമിക്കണം

ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപി വിരുദ്ധ ജനമനസിന്റെ പ്രതിഫലനം കൂടിയാവുമ്പോഴും അവസരം കിട്ടുമ്പോഴൊക്കെ പരസ്പരം പോരടിക്കുന്ന സ്ഥിരം ഏര്‍പ്പാട് ഇനിയും തുടര്‍ന്നാല്‍ 2019 പ്രതിപക്ഷ ഐക്യനിരയുടേത് ആകുമെന്ന പ്രതീക്ഷ ആസ്ഥാനത്താവും.

കെ എ ആന്റണി

കെ എ ആന്റണി

ഇക്കഴിഞ്ഞ ഏപ്രില്‍ ആറിന് തന്റെ പാര്‍ട്ടിയുടെ 38 -ആം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മുംബയില്‍ സംഘടിപ്പിച്ച കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിക്കുന്ന വേളയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു മഹാപ്രളയത്തോടാണ് ഉപമിച്ചത്. മോദി ഭരണത്തിനെതിരെ ഒറ്റെക്കെട്ടാകാന്‍ ശ്രമം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളെ മോദിയാകുന്ന മഹാ പ്രളയത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഏതോ ഒരു വടവൃക്ഷത്തില്‍ അഭയം തേടുന്ന ആജന്മ വൈരികളായ നായ, പൂച്ച – പാമ്പ്, കീരി തുടങ്ങിയ ജീവികളോടും. പ്രതിപക്ഷ പാര്‍ട്ടികളെ ജന്തുക്കളോട് ഉപമിച്ചതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് വ്യത്യസ്ത പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന, പരസ്പരം തമ്മിലടിക്കുന്നവര്‍ എന്നേ താന്‍ ഉദ്ദേശിച്ചുള്ളുവെന്ന് അമിത് ഷാ പിന്നീട് വിശദീകരിക്കുകയുണ്ടായി. അപ്പോഴും മോദി ഒരു മഹാ പ്രളയമാണെന്ന തന്റെ കണ്ടുപിടുത്തത്തെ തിരുത്താന്‍ എന്തുകൊണ്ടോ ഷാ മെനക്കെട്ടില്ല.

ചുഴലിക്കാറ്റ് പോലെ അല്ലെങ്കില്‍ കൊടുങ്കാറ്റുപോലെ തന്നെ വന്‍ നാശം വിതക്കുന്ന ഒന്ന് തന്നെയാണ് പ്രളയം എന്നും അതും വലിയ പ്രകൃതി ദുരന്തത്തിന് വഴി വെക്കുമെന്നുമൊന്നും ബി ജെപിക്കായി രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നുവെന്ന്. പറയപ്പെടുന്ന ഈ ചാണക്യന്‍ മനസിലാക്കിയിട്ടില്ലേ ആവോ! അതു മാത്രമല്ല ഒരു പ്രളയം വരുമ്പോള്‍ ജന്തുക്കള്‍ മാത്രമല്ല മനുഷ്യനും ഉയര്‍ന്ന സ്ഥലങ്ങളിലോ മരത്തിലോ അഭയം തേടുമെന്ന കാര്യവും ഈ മഹാന്‍ ചിന്തിക്കാതെ പോയതും ആകുമോ ആവോ!

മനുഷ്യര്‍ തന്നെയാണ് വോട്ടര്‍മാരെന്നും അവരാരും എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ പ്രളയത്തെ ആശ്ലേഷിക്കില്ലെന്നും വന്‍ മരങ്ങളും കുന്നുകളും തേടിപോകുമെന്നും അമിത്ഷാക്ക് കൂടി വ്യക്തമാക്കി കൊടുക്കുന്ന ഒന്നുകൂടിയായിരുന്നു ഇന്നലെ പുറത്തു വന്ന നാല് ലോക് സഭ മണ്ഡലങ്ങളിലെയും 10 നിയമസഭ ഉപതിരഞ്ഞെടുപ്പുകളുടെയും കര്‍ണാടകത്തിലെ ആര്‍കെ നഗര്‍ നിയമസഭ മണ്ഡലത്തിലെ മാറ്റിവെച്ച തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുന്ന ജനവിധി അല്ലെങ്കില്‍ ജനമനസ് .

ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി നേരിട്ട് മത്സരിച്ച മൂന്നില്‍ രണ്ടും പരാജയം. ജയിക്കാനായത് മഹാരാഷ്ട്രയിലെ സിറ്റിംഗ് സീറ്റായ പാല്‍ഖഡില്‍ മാത്രം. നാഗാലാന്‍ഡിലെ ഏക ലോക്‌സഭ മണ്ഡലമായ നാഗാലാന്‍ഡ് എന്‍ഡിഎ ഘടക കക്ഷി എന്‍ഡിപിപി നിലനിര്ത്തി എന്ന് വേണമെങ്കില്‍ വെറുതെ മേനി പറയാം. നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളും ബിജെപി വിരുദ്ധ ജനവിധി തന്നെയാണ് വ്യക്തമാക്കുന്നത്. ബിജെപി നേരിട്ട് മത്സരിച്ച നാല് മണ്ഡലങ്ങളില്‍ മൂന്നിടത്തും തോറ്റു. എന്‍ഡിഎ ഘടക കക്ഷികളായ ജെഡിയുവും അകാലി ദളും തോറ്റു.

ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിലെ കൈരാനയില്‍ വലിയ മുന്നേറ്റം തന്നെയാണ് പ്രതിപക്ഷ ഐക്യ നിര നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഹുക്കും സിംഗ് 2,36,828 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച കൈറാനയില്‍ സഹതാപ തരംഗം പ്രതീക്ഷിച്ചു അദ്ദേഹത്തിന്റ മകള്‍ മൃഗംഗ സിങിനെ തന്നെ കളത്തില്‍ ഇറക്കിയിട്ടും വിജയം ആര്‍എല്‍ഡിയുടെ തബസ്സും ഹസ്സന്റെതായി. എസ് പി, ബി എസ് പി, കോണ്‍ഗ്രസ് പിന്തുണയാണ് ഇവിടെ ആര്‍എല്‍ഡിക്ക് വിജയം ഒരുക്കിയത്. മഹാരാഷ്ട്രയിലെ ബണ്ടാര ഗോണ്ടിയായില്‍ ബിജെപിയില്‍ നിന്നും എന്‍ സി പി യുടെ മധുകര്‍ കുക്കഡേ പിടിച്ചെടുത്തതിന് പിന്നിലും അമിത്ഷാ പാമ്പും കീരിയും എന്നൊക്കെ ആക്ഷേപിച്ച പ്രതിപക്ഷ ഐക്യം പ്രകടമാണ് . ത്രിപുരക്ക് പിന്നാലെ കേരളവും പിടിച്ചടക്കുമെന്ന് വീമ്പ് പറഞ്ഞ അമിത് ഷായ്ക്കും മോദിക്കുമൊക്കെയുള്ള മുന്നറിയുപ്പുകൂടിയായി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടില്‍ ഉണ്ടായ വന്‍ ഇടിവ്.

ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപി വിരുദ്ധ ജനമനസിന്റെ പ്രതിഫലനം കൂടിയാവുമ്പോഴും അവസരം കിട്ടുമ്പോഴൊക്കെ പരസ്പരം പോരടിക്കുന്ന സ്ഥിരം ഏര്‍പ്പാട് ഇനിയും തുടര്‍ന്നാല്‍ 2019 പ്രതിപക്ഷ ഐക്യനിരയുടേത് ആകുമെന്ന പ്രതീക്ഷ ആസ്ഥാനത്താവും. തന്നെയുമല്ല അടുത്തകാലത്തായി അടിക്കടി ഉണ്ടാകുന്ന തിരഞ്ഞെടുപ്പ് തിരിച്ചടികള്‍ പാഠമാക്കി കൊണ്ട് തന്നെയാവും ബിജെപി ഇനിയങ്ങോട്ട് കരുക്കള്‍ നീക്കുക എന്ന കാര്യവും മറക്കാതിരുന്നാല്‍ നല്ലത്. തന്റെ സര്‍ക്കാര്‍ ഭീഷണി നേരിടുന്ന ഘട്ടങ്ങളില്‍ അതിര്‍ത്തിയില്‍ വെടിവെയ്പ്പ് എന്നൊക്കെ പറഞ്ഞു ജന മനസ് തനിക്കൊപ്പം ആക്കിയ ഇന്ദിര ഗാന്ധിയുടെ അതേ തന്ത്രം നില്‍ക്കക്കള്ളിയില്ലെന്ന് തോന്നിയാല്‍ മോദിയും അമിത്ഷായും പയറ്റില്ലെന്നും ആര് കണ്ടു?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍