UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രി ഇന്ന് ദേശീയ യുദ്ധ സ്മാരകം രാജ്യത്തിന് സമര്‍പ്പിക്കും: അമര്‍ ജവാന്‍ ജ്യോതിക്ക് പ്രാധാന്യം നഷ്ടമാകില്ലെന്ന് പ്രതിരോധ വകുപ്പ്

വിവിധ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട 25,942 സൈനികരുടെ പേരുകള്‍ സ്മാരകത്തിന്റെ 16 ഭിത്തികളിലായി രേഖപ്പെടുത്തിയിട്ടുണ്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. അതേസമയം അമര്‍ ജവാന്‍ ജ്യോതിക്കുള്ള പ്രാധാന്യം നഷ്ടമാകില്ലെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് കൊല്ലപ്പെട്ട സൈനികരുടെ ഓര്‍മ്മയ്ക്കായാണ് ഇന്ത്യാ ഗേറ്റില്‍ ദേശീയ യുദ്ധ സ്മാരകം സ്ഥാപിച്ചത്. കല്ലില്‍ നിര്‍മ്മിച്ച സ്മാരക സ്തംഭത്തിലെ എപ്പോഴും കത്തുന്ന വിളക്കാണ് ഇവിടുത്തെ പ്രത്യേകത.

1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ഓര്‍മ്മയ്ക്കായാണ് ഇന്ത്യാ ഗേറ്റിന് താഴെ 1972ല്‍ അമര്‍ ജവാന്‍ ജ്യോതി സ്ഥാപിച്ചത്. സൈനിക സ്മരണ ദിവസങ്ങളില്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം സമര്‍പ്പിക്കും. ‘ഒരു പുതിയ വിളക്ക് തെളിക്കുന്നുവെന്നേയുള്ളൂ പഴയ വിളക്ക് അമര്‍ ജവാന്‍ ജ്യോതിയില്‍ തുടരും. നമുക്ക് പരമ്പരാഗതമായി ലഭിച്ച വിളക്കാണ് അത്’ ചീഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ലെഫ്. ജനറല്‍ പി എസ് രാജേശ്വര്‍ അറിയിച്ചു. സ്വാതന്ത്ര്യദിനത്തില്‍ മൂന്ന് സേനകളുടെയും മേധാവികള്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാറുണ്ടായിരുന്നു.

ഇന്ത്യാ ഗേറ്റ് കോംപ്ലക്‌സില്‍ 40 ഏക്കറിലായാണ് ദേശീയ യുദ്ധ സ്മാരകം സ്ഥിതിചെയ്യുന്നത്. 1962ലെ ഇന്തോ-ചൈന യുദ്ധം, 1947, 1965, 1971 എന്നീ വര്‍ഷങ്ങളിലെ ഇന്തോ-പാക് യുദ്ധം, ശ്രീലങ്കയില്‍ വിന്യസിപ്പിച്ച ഇന്ത്യന്‍ സമാധാന സേന, 1999ലെ കാര്‍ഗില്‍ യുദ്ധം എന്നിവയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് വേണ്ടിയാണ് ദേശീയ യുദ്ധ സ്മാരകം നിര്‍മ്മിച്ചത്. രാജ്യ ചരിത്രത്തില്‍ അഭേദ്യമായ സ്ഥാനമുള്ള സ്മാരകമാണ് അമര്‍ ജ്യോതി ജവാനെന്ന് ലെഫ്. ജനറല്‍ പന്നു അറിയിച്ചു. അതിനോട് ഇന്ത്യന്‍ ജനതയ്ക്ക് വൈകാരികമായ ബന്ധമാണ് ഉള്ളത്. അതിനാല്‍ തന്നെ യുദ്ധ സ്മാരകമായി അമര്‍ ജവാന്‍ ജ്യോതിയും നിലനില്‍ക്കും.

42 മീറ്റര്‍ ഉയരമുള്ള ഇന്ത്യാ ഗേറ്റ് ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ്. ഒന്നാം ലോകമഹായുദ്ധത്തിലും 1919ലെ മൂന്നാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധത്തിലും കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ സ്മരണയ്ക്കായാണ് ഇന്ത്യാ ഗേറ്റ് സ്ഥാപിക്കപ്പെട്ടത്. ഈ രണ്ട് യുദ്ധങ്ങളിലുമായി എണ്‍പതിനായിരത്തിലേറെ ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 13,516 സൈനികരുടെ പേരുകള്‍ ഇന്ത്യാ ഗേറ്റില്‍ കൊത്തിവച്ചിട്ടുണ്ട്. 1971ലെ ഇന്തോ-പാക് യുദ്ധത്തിലെ വിജയത്തിന്റെ സ്മാരകമായാണ് അമര്‍ ജവാന്‍ ജ്യോതി സ്ഥാപിച്ചത്. അതിനാല്‍ തന്നെ ഇരു സ്മാരകങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നാണ് പന്നു പറയുന്നത്.

പുതിയ ദേശീയ യുദ്ധ സ്മാരകത്തില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പുഷ്പ സമര്‍പ്പണം നടക്കുമെന്നും സാധാരണക്കാര്‍ക്കും അതില്‍ പങ്കെടുക്കാമെന്നും ലെഫ്. ജനറല്‍ രാജേശ്വര്‍ വ്യക്തമാക്കി. വിവിധ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട 25,942 സൈനികരുടെ പേരുകള്‍ സ്മാരകത്തിന്റെ 16 ഭിത്തികളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് മരിച്ച സൈനികരുടെ പേരുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍