UPDATES

ട്രെന്‍ഡിങ്ങ്

ദോക്ലാം സംഘര്‍ഷത്തിനു പിന്നാലെ ഇന്ന് മോദി-ഷീ കൂടിക്കാഴ്ച

പാക്കിസ്ഥാന്‍ ആസ്ഥാനമായ തീവ്രവാദ സംഘടനകളുടെ പേരെടുത്ത് പറഞ്ഞ് ബ്രിക്‌സ് ഉച്ചകോടി പ്രമേയം പാസാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായി

ദോക്ലാമില്‍ ഇന്ത്യയും ചൈനയും മുഖാമുഖം നിന്ന രണ്ടു മാസം നീണ്ട സംഘര്‍ഷത്തിനു ശേഷം ഇന്ന് ഇരു രാജ്യങ്ങളുടേയും ഭരണാധികാരികള്‍ തമ്മില്‍ നേരിട്ടു കൂടിക്കാഴ്ച നടത്തും. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ചൈനയിലെ സിയാമെന്നില്‍ എത്തിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി രാവിലെ പത്തു മണിക്കാണ് കൂടിക്കാഴ്ച. എന്നാല്‍ ദോക്ലാം ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ വരുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.

അതിനിടെ, പാക്കിസ്ഥാന്‍ ആസ്ഥാനമായ തീവ്രവാദ സംഘടനകളുടെ പേരെടുത്ത് പറഞ്ഞ് ബ്രിക്‌സ് ഉച്ചകോടി പ്രമേയം പാസാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായി. താലിബാന്‍, ഇസ്ലാമിക് സ്‌റ്റേറ്റ്, അല്‍-ക്വയ്ദ, ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ തുടങ്ങിയ സംഘടനകള്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയെന്നായിരുന്നു പ്രമേയം. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കു ജെയ്ഷ്, ലഷ്‌കര്‍ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ മൗനം പാലിക്കുന്ന ചൈനയുടെ കൂടി പിന്തുണയോടു കൂടി ഇത്തരത്തിലൊരു പ്രമേയം പാസാക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യയുടെ നയതന്ത്ര വിജയമായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇന്നലെ രാവിലെ നടന്ന പ്ലീനറി സമ്മേളനത്തില്‍ സംസാരിച്ചപ്പോള്‍ തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നില്ല.

ദോക്ലാമില്‍ രണ്ടു മാസത്തിലധികം നീണ്ടു നിന്ന സംഘര്‍ഷത്തിനു ശേഷമാണ് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ബ്രിക്‌സ് ഉച്ചകോടിയുടെ കൂടി പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം. അതുകൊണ്ടു തന്നെ ഇരു രാജ്യങ്ങളുടേയും തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയേയും ലോകം അതീവ ശ്രദ്ധയോടെയാണ് ഉറ്റുനോക്കുന്നത്. ആതിഥേയ രാജ്യമെന്ന നിലയില്‍ അതിഥി രാഷ്ട്രങ്ങളുടെ തലവന്മാരുമായി ചൈനീസ് തലവന്‍ കൂടിക്കാഴ്ച നടത്തുന്നത് പതിവാണെന്ന് വ്യക്തമാക്കിയ ചൈനീസ് വിദേശകാര്യ വക്താവ് ഗെംങ് ഷുവാങ്ങ്, അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തയാറായില്ല.

ഇന്ത്യക്കും ചൈനയ്ക്കും പുറമെ ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്‌സ് രാജ്യങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍