UPDATES

മോദിയുടെ അഴിമതി വിരുദ്ധ ആഖ്യാനം പ്രാവര്‍ത്തികമാകുന്നുണ്ട്

മതവിഭജനങ്ങള്‍, ആള്‍ക്കൂട്ടക്കൊലകള്‍; ഒരു വര്‍ഗവിഭജനത്തിനാണ് മോദി ശ്രമിക്കുന്നത്

സമീപകാലത്തായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചില പുതിയ പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശപര്യടനത്തിന് പോകുമ്പോഴൊക്കെ സിബിഐ പോലെയുള്ള അന്വേഷണ ഏജന്‍സികള്‍ ആരോപണവിധേയരായ ഏതെങ്കിലും ഉന്നതന്റെ പിന്നാലെ പോകുന്നു. കഴിഞ്ഞ തവണ മോദി റഷ്യ-യൂറോപ്പ് പര്യടനം നടത്തിയപ്പോള്‍ സിബിഐയുടെ ലക്ഷ്യം എന്‍ഡിടിവിയായിരുന്നു. ഇത്തവണ അദ്ദേഹം ഇസ്രായേല്‍-ജര്‍മ്മനി പര്യടനങ്ങള്‍ക്ക് പോയപ്പോള്‍ സിബിഐ ലാലുപ്രസാദ് യാദവിന്റെ പടിവാതിലില്‍ മുട്ടിവിളിക്കാന്‍ തുടങ്ങി.

സിബിഐ റെയ്ഡുകളില്‍ എന്ത് സംഭവിക്കുന്നു എന്നത് അപ്രസക്തമാണ്. തന്റെ ഭരണത്തെ ഒരു വര്‍ഗയുദ്ധത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്ന തരത്തില്‍ ആഭ്യന്തര രാഷ്ട്രീയ ആഖ്യാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂര്‍ണമായ നിയന്ത്രണം ഉണ്ട് എന്നുള്ളതാണ് വ്യക്തമായ കാര്യം. അതെ ഞങ്ങളുടെ വാക്കുകള്‍ അടിവരയിട്ട് സൂക്ഷിച്ചോളൂ, അദ്ദേഹം ഒരു വര്‍ഗവിഭജനത്തിനാണ് ശ്രമിക്കുന്നത്. മതവിഭജനങ്ങള്‍, ആള്‍ക്കൂട്ടക്കൊലകള്‍ തുടങ്ങിയവയൊക്കെ ഈ വലിയ പദ്ധതിയുടെ ബാഹ്യപ്രകടനങ്ങള്‍ മാത്രമാണ്.

മോദിയെ പിന്തുണയ്ക്കുന്നവര്‍ക്കും മോദിയുടെ തന്നെ സ്വയം ബോധ്യത്തിലും അദ്ദേഹം അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ്. വരും നാളുകളില്‍ അഴിമതിക്കാരായ സമ്പന്നര്‍ക്കെതിരെ പാവങ്ങളുടെ മിശിഹയായി സ്വയം പ്രതിഷ്ഠിച്ചുകൊണ്ട് തന്റെ വര്‍ഗ്ഗയുദ്ധത്തിന് ആക്കം കൂട്ടാനേ അദ്ദേഹം ശ്രമിക്കൂ.

അതുകൊണ്ടാണ് നോട്ട് നിരോധനം സാമ്പത്തികരംഗത്ത് വലിയ ദുരന്തമാണ് വിതച്ചതെന്ന് തെളിവുകളുണ്ടായിട്ടും അത് കള്ളപ്പണത്തിനെതിരായ യുദ്ധമായിരുന്നു എന്ന വരികള്‍ അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്. ജി-20 ഉച്ചകോടിയിലും അദ്ദേഹം തന്റെ അവകാശവാദം ആവര്‍ത്തിച്ചു. അതുകൊണ്ടുതന്നെ കള്ളപ്പണത്തിനെതിരായ തന്റെ ശക്തമായ നടപടികളുടെ വെളിച്ചത്തില്‍ ഭീകരപ്രവര്‍ത്തനം, സുരക്ഷാഭീഷണി മുതലായവ കുറഞ്ഞു എന്ന തെറ്റായ അവകാശവാദം അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

അഴിമതിക്കെതിരായ യുദ്ധത്തിലെ സുപ്രധാന ലക്ഷ്യങ്ങള്‍
സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികള്‍ക്ക് അടിസ്ഥാനപരമായി നാല് ലക്ഷ്യങ്ങളാണുള്ളത്. പ്രതിപക്ഷകക്ഷികള്‍, മാധ്യമങ്ങള്‍, പൗരസമൂഹം, ഹൃസ്വകാല അഴിമതിക്കാര്‍. ഇവരോരുത്തര്‍ക്കെതിരെയും അവര്‍ വ്യവസ്ഥാപിതമായ രീതിയില്‍ പിന്തുടരുന്നു.

‘അഴിമതിക്കാര്‍ക്ക്’ എതിരെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മറ്റ് ഏജന്‍സികളും നീങ്ങുന്ന രീതിയാണ് അദ്ദേഹത്തിന്റെ അഴിമതിക്കെതിരായ യുദ്ധത്തിലെ നിര്‍ണായക ഘടകം. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ആരോപണം നേരിടുന്നവര്‍, ഇടത്തരം അല്ലെങ്കില്‍ ചെറുകിട അഴിമതികള്‍ നടത്തുന്നവര്‍ എന്നിവരൊക്കെ ഇവിടെ അഴിമതിയുടെ നിര്‍വചനത്തില്‍ പെടുന്നവരാണ്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള വലിയ സ്രാവുകള്‍, പ്രത്യേകിച്ചും അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ ഈ പട്ടികയില്‍ വരുന്നേയില്ല.

"</p

അതുകൊണ്ടുതന്നെ റിലയന്‍സിനും അദാനിക്കും എതിരായ കേസുകള്‍ കോള്‍ഡ് സ്‌റ്റോറേജിലാണ്. അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെ വന്‍ ബാങ്ക് വായ്പ തിരിച്ചടവ് മുടക്കലുകളെ കുറിച്ചും പ്രവര്‍ത്തനരഹിത ആസ്തികളെ കുറിച്ചുമൊന്നും ചര്‍ച്ചകള്‍ നടക്കുന്നില്ല.

സൂക്ഷ്മഭേദമായ ചര്‍ച്ചകള്‍ക്കായി പൊതുജനം അധികം സമയം ചിലവഴിക്കില്ലെന്ന് മോദിക്ക് അറിയാം. ആഖ്യാനം വളരെ വ്യക്തമാണ്. മോദി അഴിമതിക്കെതിരായ യുദ്ധത്തിലാണ്.
അതുകൊണ്ടാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ അദ്ദേഹം സിബിഐയെ അഴിച്ചുവിട്ടപ്പോള്‍ പൊതുജനപ്രതിഷേധം വളരെ നേര്‍ത്തതായി പോയത്. അരവിന്ദ് കെജ്രിവാളിന്റെയും സംഘത്തിന്റെയും അപക്വമായ രാഷ്ട്രീയത്തിന്റെ സഹായത്തോടെയാണെങ്കില്‍ പോലും മോദിക്കും ബിജെപിക്കുമെതിരായ ശക്തമായ പ്രതിപക്ഷമായി എഎപി വളരുന്നത് തടയുന്നതിലും അവരെ ഒരു പ്രാദേശിക സംഘം മാത്രമാക്കി മാറ്റുന്നതിലും മോദി വിജയിച്ചു എന്ന വസ്തുതയും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. എഎപിക്ക് മാന്ത്രികമായ ഒരു നവ മുന്നേറ്റം രചിക്കാന്‍ സാധിക്കാത്തിടത്തോളം കാലം ഇന്ത്യയുടെ പുതിയ പാര്‍ട്ടിയുടെ ചരമഗീതം രചിക്കുന്നതില്‍ മോദി വിജയിച്ചു എന്ന് തന്നെ കണക്കാക്കേണ്ടി വരും.

ഇന്ത്യയില്‍ എണ്ണത്തില്‍ ധാരാളം വരുന്ന പൗരസമൂഹമാണ് മോദിക്ക് ശക്തമായ വെല്ലുവിളിയായി തീരുന്ന മറ്റൊരു വിഭാഗം. വിദേശ സ്ഥാപിതതാല്‍പര്യക്കാര്‍ ധനസഹായം ചെയ്യുന്ന ചെറുകിട അഴിമതിക്കാരാണ് ഇവര്‍ എന്ന പ്രതിച്ഛായ വ്യവസ്ഥാപിതമായി അവര്‍ക്ക് മേല്‍ ചാര്‍ത്തിക്കൊടുക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്‍ജിഒകളെ പീഡിപ്പിക്കുന്നതിന്റെ കഥകളൊന്നും പുറത്തുവരുന്നില്ല. എന്നാല്‍, ഇന്ത്യയെ നശിപ്പിക്കുന്നതിനുള്ള ആഗോള ഗൂഢാലോചന എന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മണ്ടന്‍ അവകാശവാദങ്ങള്‍ ചില ദേശീയവാദി ചാനലുകളുടെ സഹായത്തോടെ വലിയ പ്രചാരം നേടുകയും ചെയ്യുന്നു.

പരിധിക്കുള്ളില്‍ നില്‍ക്കുക എന്ന പരോക്ഷ മുന്നറിയിപ്പാണ് എന്‍ഡിടിവി റെയ്ഡിലൂടെ നല്‍കപ്പെട്ടത്. എറിഞ്ഞുകൊടുക്കപ്പെട്ട ചില അപ്പക്ഷ്ണങ്ങളിലൂടെ ദേശീയ മാധ്യമങ്ങളെ പരിധിക്കുള്ളില്‍ നിറുത്താന്‍ സര്‍ക്കാരിന് സാധിച്ചിരിക്കുന്നു. വലതുപക്ഷത്തിന്റെ കടുത്ത ആരാധകര്‍ തങ്ങളാണ് എന്ന് തെളിയിക്കാന്‍ രണ്ട് പ്രധാന ഇംഗ്ലീഷ് വാര്‍ത്ത ചാനലുകള്‍ മത്സരിക്കുന്ന കാഴ്ച ദയനീയമാണ്.

രാഷ്ട്രീയ പ്രതിപക്ഷത്തിന് സ്വന്തമായ ഒരു ആഖ്യാനവും ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ എന്ന നിലയിലോ അല്ലെങ്കില്‍ ശുദ്ധ രഷ്ട്രീയത്തിന്റെ വക്താക്കള്‍ എന്ന നിലയിലോ ഒരു ശബ്ദവും ഉയര്‍ന്നുവരുന്നില്ല. മോദിയുടെ ആശയരഥം ഉരുണ്ടുകൊണ്ടേയിരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍