UPDATES

ജി.എസ്.ടി: ഒരു ഇവന്റ് മാനേജരുടെ ചൂതാട്ടങ്ങള്‍

നോട്ട് നിരോധനം രാജ്യത്തുണ്ടാക്കിയ കുഴപ്പങ്ങള്‍ക്ക് സമാനമായ സാഹചര്യമാണ് ജി.എസ്.ടി ഇപ്പോള്‍ നടപ്പാക്കുന്നതു വഴി രാജ്യത്തുണ്ടാകാന്‍ പോകുന്നത്

ഒരു ഇവന്റ് മാനേജര്‍ എന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോളം പ്രാഗത്ഭ്യമുള്ള മറ്റാരെങ്കിലും രാജ്യത്തുണ്ടാകാന്‍ സാധ്യതയില്ല. സ്വയമൊരു കാഴ്ചവസ്തുവാകാന്‍ ആഗ്രഹിക്കുന്നതു പോലെ, ഫോട്ടോഗ്രാഫര്‍മാര്‍ എത്തിയിട്ടില്ലെങ്കില്‍ കാറില്‍ നിന്നിറങ്ങാന്‍ വിസമ്മതിക്കുന്നതു പോലെ, ഇന്ത്യക്കു പുറത്തുള്ള എല്ലാ ദുരന്തങ്ങളും ഇന്ത്യയിലെ പ്രമാണിമാരുടെ ജന്മദിനവും ട്വീറ്റ് ചെയ്യുന്നതു പോലെ, അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ചെയ്യുന്ന ഏതു കാര്യങ്ങള്‍ക്കും പരസ്യ സംവിധാനങ്ങളുടെ അകമ്പടി വേണമെന്നതാണ് ഏറ്റവും പ്രധാനം.

മോദിയുടെ പ്രദര്‍ശനതത്പരത ഇന്ന് രാത്രി മറ്റൊരു വിധത്തില്‍ രാജ്യം കാണാന്‍ പോവുകയാണ്. സര്‍ക്കാര്‍ ഇതുവരെ തങ്ങള്‍ക്കുണ്ടെന്ന് പറയപ്പെടുന്ന പൊതുജന പിന്തുണ അവരുടെ തന്നെ അമിത ആത്മവിശ്വാസവും അഹന്തയും കൊണ്ട് നേരെ തിരിയാന്‍ പോകുന്നതിന്റെ സാക്ഷ്യമായിരിക്കും ഇത്. ഇന്ന് അര്‍ധരാത്രി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഏറെ കെട്ടിഘോഷിച്ച ചരക്കു സേവന നികുതി (GST) പരിഷ്‌കരണം നിലവില്‍ വരികയാണ്. എന്നാല്‍ ലഭ്യമായ എല്ലാ സൂചനകളും വ്യക്തമാക്കുന്ന ഒരു കാര്യം, വന്‍ കുഴപ്പങ്ങളുടെ ആഴ്ചകളാണ് വരാന്‍ പോകുന്നത് എന്നാണ്. അതായത്, ജി.എസ്.ടി നടപ്പാക്കുന്നതു സംബന്ധിച്ച് ആവശ്യമായ മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല, സാങ്കേതികമായ കാര്യങ്ങളും അപൂര്‍ണമാണ്, അതിനൊപ്പം, പുതിയ പരിഷ്‌കരണം നിലവില്‍ വരുന്നതു സംബന്ധിച്ചുള്ള ആശങ്കകളും കുറവല്ല.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ ഒരു കെട്ടിടത്തിലെ വെറുമൊരു മുറിയല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണത്. ഇതിനു മുമ്പു വരെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അര്‍ധരാത്രി സഭ ചേര്‍ന്നിട്ടുള്ളത് മൂന്നേ മൂന്നു സമയത്താണ്. 1. 1947 ഓഗസ്റ്റ് 15-ന്, 2. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാന്‍ 1972ല്‍, 3. 1997-ല്‍ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാന്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ ജി.എസ്.ടി നടപ്പാക്കുന്നതുമായി തുല്യപ്പെടുത്തുന്നതു വഴി നരേന്ദ്ര മോദി വലിയൊരു ചൂതാട്ടത്തിനാണ് ഒരുങ്ങുന്നത്. കാരണം, ഇന്ത്യന്‍ ചെറുകിട വ്യാപാര മേഖല വലിയ കുഴപ്പത്തിലും ആശങ്കയിലുമാണ്. നോട്ട് നിരോധനം രാജ്യത്തുണ്ടാക്കിയ വന്‍ കുഴപ്പങ്ങള്‍ക്കു പിന്നാലെ അടുത്ത ഒരു ദുരന്തമാണ് ജി.എസ്.ടിയിലൂടെ രാജ്യത്തെ കാത്തിരിക്കുന്നത് എന്നാണ് ഇപ്പോഴുള്ള സൂചനകള്‍.

ജി.എസ്.ടി പ്രഖ്യാപനം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്താന്‍ തീരുമാനിച്ചതിലൂടെ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഓര്‍മകളേയും അതിനോടനുബന്ധിച്ചുള്ള ത്യാഗങ്ങളേയും അവഹേളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ഇന്നലെ കുറ്റപ്പെടുത്തി. “ഒരുപക്ഷേ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം 1947, 1972, 1997 തുടങ്ങിയവയൊന്നും അത്ര കാര്യമായിരിക്കില്ല. കാരണം ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ അവര്‍ ചെറുവിരല്‍ അനക്കിയിട്ടില്ല. അതുകൊണ്ടായിരിക്കാം അവര്‍ അതിന് വലിയ പ്രാധാന്യം നല്‍കാത്തത്. പക്ഷേ ഞങ്ങള്‍ക്ക് അക്കാര്യത്തെ മാനിച്ചേ പറ്റൂ”- കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

ഇന്നു നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മിക്ക ഇടതുപാര്‍ട്ടികളും പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് തീരുമാനിച്ചിട്ടുളളതും.

അതിനിടെ, പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ തീരുമാനം പുന:പരിശോധിക്കണമെന്നും ഇത്തരം കാര്യങ്ങളില്‍ കുറെക്കൂടി വിശാല മനോഭാവം കാണിക്കണമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തങ്ങള്‍ക്കൂടി ഉള്‍പ്പെട്ട ഒരു കാര്യത്തിനു നേരെ മുഖം തിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സര്‍വത്ര കുഴപ്പങ്ങളും ആശങ്കകളും
ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം ജി.എസ്.ടി ഉണ്ടാക്കിയിരിക്കുന്നത് വന്‍ ആശങ്കകളാണ്, യാതൊരു തരത്തിലുള്ള തീര്‍ച്ചകളും അവിടെ കാണാനില്ല. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിദഗ്ധര്‍ക്ക് ജി.എസ്.ടി എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ യാതൊരു ധാരണയുമില്ല. അതിനൊപ്പമാണ്, ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖലയിലെ പ്രതിസന്ധികള്‍. ജി.എസ്.ടി നിലവില്‍ വരുമ്പോള്‍ അത്യന്താപേക്ഷിതമായ കമ്പ്യൂട്ടര്‍ ബില്ലിംഗ് സംവിധാനം ഒട്ടുമിക്ക കടകളിലും ഇല്ല എന്നതാണ് അതിലെ പ്രധാനം.

ഇതിനേക്കാള്‍ കുഴപ്പം പിടിച്ച മറ്റൊരു കാര്യമുണ്ട്: ജി.എസ്.ടി.എന്നി (Goods and Service Tax Network) ന് സുരക്ഷാ ക്ലിയറന്‍സ് ലഭിച്ചത് വ്യാഴാഴ്ച രാത്രി മാത്രമാണ്. സി.എ.ജി ആകട്ടെ, അതിന് ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. ജി.എസ്.ടി നടപ്പാക്കുന്നതോടെ ഉണ്ടാകുന്ന വന്‍ തോതിലുള്ള ഫയലിംഗ് കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് എത്രത്തോളം കഴിയും എന്നതും സംശയകരമാണ്.

ദീര്‍ഘകാല പദ്ധതിയെന്ന നിലയില്‍ ജി.എസ്.ടി നടപ്പാക്കുന്നത് സ്വാഗതം ചെയ്യേണ്ട കാര്യമാണ്. അതിനൊപ്പം അത് ജി.ഡി.പിയെ സഹായിക്കുകയും ചെയ്യും. എന്നാല്‍ എന്തിനായിരുന്നു ഈ ധൃതി? പരിഷ്‌കരണ നടപടികള്‍ ഇതുമായി ബന്ധപ്പെട്ട ആളുകളുമായി കൂടിയോലോചിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യാതെ നടപ്പാക്കുന്നത്, മോദി സാമ്രാജ്യത്തിന്റെ മുഖമുദ്രയായി തീര്‍ന്നിട്ടുള്ള സ്വേച്ഛാധികാര പ്രവണതയല്ലാതെ മറ്റെന്താണ്? അതാണ് ഇവിടെയും ദൃശ്യമായിരിക്കുന്നത്.

നോട്ട് നിരോധനം രാജ്യത്തുണ്ടാക്കിയ കുഴപ്പങ്ങള്‍ക്ക് സമാനമായ സാഹചര്യമാണ് ജി.എസ്.ടി ഇപ്പോള്‍ നടപ്പാക്കുന്നതു വഴി രാജ്യത്തുണ്ടാകാന്‍ പോകുന്നത് എന്നാണ് മിക്കവരും കരുതുന്നത്. നോട്ട് നിരോധനം കൊണ്ടു തന്നെ ഇതിനകം തളര്‍ച്ചയിലായ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആഗോള സാഹചര്യങ്ങളിലെ അനിശ്ചിതത്വം കൂടിയാകുമ്പോള്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ് പോകുന്നതെന്ന് നിസംശയം പറയാം. രോഷാകുലരായ ചെറുകിട കച്ചവടക്കാര്‍, നിസഹായരായ കര്‍ഷകര്‍, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ ഇവരുടെ വലിയൊരു പ്രക്ഷോഭത്തിലേക്കാണ് രാജ്യം പോകുന്നത്. മോദി ഇതിനെ അതിജീവിക്കുമോ എന്ന് കണ്ടറിയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍