UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിക്ക് വെല്ലുവിളിയായി മോദിയുടെ വിദേശ യാത്രകള്‍

ബിജെപിക്ക് വെല്ലുവിളിയാകുന്ന തെരഞ്ഞെടുപ്പുകളാണ് ഇനി വരാനിരിക്കുന്നത്.

വിദേശ യാത്രകളും വിദേശ രാജ്യങ്ങളിലെ നേതാക്കളുടെ ഇന്ത്യന്‍ സന്ദര്‍ശനങ്ങളും കൂടാതെ നാല് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇനിയുള്ള ആറ് മാസങ്ങളെ തിരക്കുപിടിച്ചതാക്കുമെന്ന് ദി പ്രിന്‍റ്.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിംസ്റ്റെക് സമ്മേളനത്തില്‍ പങ്കെടുക്കാനായുള്ള രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് കഴിഞ്ഞ ആഴ്ചയാണ്.

ഭരണകാലാവധി തീരുന്നതിന് മുമ്പ് ഇനിയും നിരവധി രാജ്യങ്ങളുമായി സുപ്രധാനമായ ഉഭയകക്ഷി ചര്‍ച്ചകളില്‍ മോദിക്ക് പങ്കാളിയാകാനുണ്ട്. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയുടെ തുറപ്പുചീട്ടായിരിക്കും മോദി എന്ന കാര്യം കൂടി കണക്കിലെടുത്താല്‍, പ്രധാനമന്ത്രിക്ക് ഇനി മുന്നിലുള്ളത് ഏറ്റവും തിരക്കുപിടിച്ച മാസങ്ങളാണ്. നവംബറിലും ഡിസംബറിലുമായി മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 മാര്‍ച്ചില്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

ഒക്ടോബര്‍ അവസാനം ഇന്ത്യ-ജപ്പാന്‍ ഉന്നതതലയോഗത്തിന്റെ ഭാഗമായുള്ള ജപ്പാന്‍ സന്ദര്‍ശനമാണ് ഇനി മോദിയുടെ പട്ടികയിലുള്ള ആദ്യ വിദേശ യാത്ര. ഇരുരാജ്യങ്ങളുടെയും വിവിധ രംഗങ്ങളില്‍ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളായിരിക്കും സമ്മേളനത്തില്‍ നടക്കുക. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നടന്ന സമ്മേളനത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ പങ്കെടുത്തിരുന്നു.

അതിനു ശേഷം നവംബര്‍ 11-15 വരെയുള്ള തീയതികളില്‍ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി സിംഗപ്പൂര്‍ സന്ദര്‍ശിക്കും. എങ്കിലും തിരക്കുകള്‍ കാരണം ഉച്ചകോടിയുടെ അഞ്ചുദിവസങ്ങളിലും മോദി പങ്കെടുക്കാതിരിക്കാനാണ് സാധ്യത.

ജി-ട്വന്റി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് നവംബര്‍ അവസാനം മോദി അര്‍ജന്റീനയിലെ ബ്യൂണസ് ഐറസിലേക്ക് പോകും. ഈ സന്ദര്‍ശനത്തിന്റെ കൂടെ മറ്റു ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ കൂടി പ്രധാന മന്ത്രി സന്ദര്‍ശിച്ചേക്കും. ജി-ട്വന്റി സമ്മേളനം ബിജെപിയെ സംബന്ധിച്ച് സുപ്രധാനമായ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഇടയിലാകാനാണ് സാധ്യത.

നിരവധി വിദേശ രാജ്യ തലവന്മാരും ഇക്കാലയളവില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഒക്ടോബര്‍ 1ന് ഉസ്‌ബേക്ക് പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോയേവ് തന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം നടത്തും. വാര്‍ഷിക ഇന്ത്യ- റഷ്യ ഉന്നതതലയോഗത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മില്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതും ഒക്ടോബറിന്റെ ആദ്യ ആഴ്ചയിലായിരിക്കും.

പ്രധാന മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന അനൗദ്യോഗിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് സൈ ജിന്‍പിങ് 2019ല്‍ ഇന്ത്യയില്‍ എത്തും. കഴിഞ്ഞ ഏപ്രിലിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ അനൗദ്യോഗിക സമ്മേളനം ചൈനയിലെ വുഹാനില്‍ നടന്നത്. ഇതിനു പുറമെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ സന്ദര്‍ശനം കൂടി സ്ഥിരീകരിക്കപ്പെട്ടാല്‍ അതും പ്രധാനമന്ത്രിയുടെ തിരക്ക് കൂട്ടും.

ബിജെപിക്ക് വെല്ലുവിളിയാകുന്ന തെരഞ്ഞെടുപ്പുകളാണ് ഇനി വരാനിരിക്കുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഭരണവിരുദ്ധ വികാരം പ്രതിരോധിക്കാന്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിലെ പ്രചാരണങ്ങളില്‍ മോദിയെ ഉള്‍പ്പെടുത്തുക എന്നതായിരിക്കും ബിജെപിയുടെ പദ്ധതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍