UPDATES

നമ്മളാര്, നമ്മുടെ ശത്രുക്കളാര്; മോദിക്കും ട്രംപിനും പൊതുവായുള്ളത്; വര്‍ഗീസ്‌ കെ ജോര്‍ജുമായി ജയന്ത് ജേക്കബ് സംസാരിക്കുന്നു

ട്രംപ് ജനകീയനായി തുടരുന്നുണ്ട് എന്നത് സത്യമാണ്. എങ്കിലും 2019 തെരഞ്ഞെടുപ്പ് മുൻപ് കരുതിയിരുന്നതു പോലെ മോദിക്കനുകൂലമാകുമെന്ന് കരുതാനാകില്ല.

2007 ഡിസംബർ 13ന്, നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിന് എഴുവർഷം മുമ്പ്, വർഗീസ് കെ ജോർജ് ജോലി ചെയ്തിരുന്ന ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ ഒരു വാർത്ത ഈ തലക്കെട്ടിൽ അച്ചടിച്ചു വന്നു: ‘മുപ്പത് മിനിറ്റിൽ മോദി തന്റെ പേരുച്ചരിച്ചത് 29 തവണ, ബിജെപി എന്നുച്ചരിച്ചത് 6 തവണ; പ്രധാനമന്ത്രിയായി ഞാൻ എന്ന് അബദ്ധത്തിൽ പരാമർശം’. ഒരു പ്രാദേശിക നേതാവ് എന്ന നിലയിൽ നിന്നും രാജ്യത്തെ ഏറ്റവും പ്രമുഖരായ രാഷ്ട്രീയ നേതാക്കളിലൊരാൾ എന്ന നിലയിലേക്കുള്ള മോദിയുടെ വളർച്ചയെ വിശദമായി റിപ്പോർട്ടു ചെയ്തിട്ടുള്ളയാളാണ് ദി ഇന്ത്യൻ എക്സ്പ്രസ്സ്, ഹിന്ദുസ്ഥാൻ ടൈംസ്, ദി ഹിന്ദു എന്നീ മൂന്ന് ദേശീയ പത്രങ്ങളിലെ മുൻനിര പൊളിറ്റിക്കല്‍ ജേര്‍ണലിസ്റ്റ്  എന്ന നിലയിൽ വർഗീസ് കെ ജോർജ്.

മോദി പ്രധാനമന്ത്രിയായതിനു പിന്നാലെ അദ്ദേഹം യുഎസ്സിലേക്ക് പോവുകയും ചെയ്തു.

യുഎസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള ഡൊണള്‍ഡ് ട്രംപിന്റെ പ്രചാരണം റിപ്പോർട്ട് ചെയ്യുമ്പോൾ മോദിയിൽ താൻ കണ്ടതെല്ലാം അദ്ദേഹത്തിന്റെ മനസ്സിലെത്തിയിരിക്കുമെന്നത് സ്വാഭാവികം മാത്രം. അദ്ദേഹത്തിന്റെ സമകാലികനായ ജയന്ത് ജേക്കബ്ബുമായുള്ള ഈ സംഭാഷണത്തിൽ, എങ്ങനെയാണ് രണ്ട് നേതാക്കളിലും താൻ ശ്രദ്ധിച്ച സാമ്യതകൾ ‘OPEN EMBRACE India-US ties in the age of Modi and Trump’ എന്ന പുസ്തകത്തിലേക്ക് നയിച്ചതെന്ന് വർഗീസ് കെ ജോർജ് വിശദീകരിക്കുന്നു.

ജയന്ത്: അടിസ്ഥാനപരമായി, വലിയ വൈവിധ്യങ്ങളുള്ള രണ്ട് മഹാരാജ്യങ്ങളെ നയിക്കാൻ ചുമതലപ്പെടുത്തപ്പെട്ട രണ്ട് നേതാക്കളെ താരതമ്യം ചെയ്യുന്നതാണ് താങ്കളുടെ പുസ്തകം. രണ്ടുപേരും സ്വയം പ്രചോദിതരായ വ്യക്തിത്വങ്ങളാണ്. സ്വന്തം വാക്ചാതുരിയുടെ കരുത്തിൽ വലിയ വിശ്വാസമുള്ളവരാണ്. കൂടാതെ, അധികാര വരേണ്യതയുടെ പുറമ്പോക്കിൽ നിന്നും കയറിയെത്തിയവരാണ് ഇരുവരുമെന്നും കരുതപ്പെടുന്നുണ്ട്.

വർഗീസ്: കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ തന്റെ രാഷ്ട്രീയ ചായ്‌വുകൾ ആറു തവണ മാറ്റിയ ഡൊണാൾഡ് ട്രംപിൽ നിന്നും വ്യത്യസ്തമായി മോദി, ബിജെപിയുടെ ആശയശാസ്ത്ര വിചാരകേന്ദ്രമായ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അടിയുറച്ച പ്രവര്‍ത്തകനായിരുന്നു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിൽ വിശ്വസിക്കുകയും വർഷങ്ങളോളം അതിനായി കഠിനമായി പ്രയത്നിക്കുകയും ചെയ്തുപോന്നു. ട്രംപാകട്ടെ വിജയം കണ്ട ഒരു ബിസിനസ്സുകാരനായിരുന്നു. അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളുപയോഗിച്ച് നേട്ടങ്ങൾ കൊയ്ത ഒരാൾ.

എങ്കിലും രണ്ടുപേരും തങ്ങളുടെ വാക്ചാതുര്യത്തിന്റെ ശക്തിയിൽ വിശ്വസിക്കുന്നവരും തങ്ങള്‍ പറയുന്ന കാര്യങ്ങളിൽ ഭക്തിയുള്ളവരുമാണ്. ഡൽഹിയുടെ അധികാര വരേണ്യവർഗത്തിന് പുറത്തുള്ള ഒരാളായിരുന്നു മോദി. അതുപോലെത്തന്നെ വിജയിയായ ഒരു ബിസിനസ്സുകാരനായിട്ടും ന്യൂയോർക്കിലെ അധികാര വരേണ്യതയുടെ ഭാഗമായിരുന്നില്ല ഡൊണാൾഡ് ട്രംപ്. അദ്ദേഹം സാമ്പത്തിക വരേണ്യർക്കൊപ്പമാണ് എപ്പോഴുമുണ്ടായിരുന്നത്. ശരിയാണ്, രണ്ടുപേരും സ്വയം പ്രചോദിതരാണ്. പ്രസിഡണ്ട് ട്രംപിന് അമേരിക്കൻ രാഷ്ട്രീയസ്ഥാപനങ്ങളിൽ നിന്ന് ഇന്ത്യയിൽ മോദി നേരിട്ടതിനെക്കാൾ കടുത്ത എതിർപ്പുകളാണ് നേരിടേണ്ടി വന്നത്. രണ്ടുപേരും എന്താണ് ‘ദേശീയ താത്പര്യം’ എന്ന് നിർവ്വചിക്കുന്നതിൽ അത്യുത്സാഹികളാണ്. ഒരു സ്വയംസേവകനെന്ന നിലയിലുള്ള ഭൂതകാലമാണ് മോദിയുടെ ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തിയത്. എന്നാല്‍ ട്രംപിന്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയത്, അമേരിക്കയെന്ന ലോകശക്തിയെക്കുറിച്ചുള്ള സംശയങ്ങളും അമേരിക്കയുടെ ശത്രുക്കളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളും ചേർന്നാണ്. രണ്ടുപേരും തങ്ങളുടേതായ രീതിയിൽ ശത്രുക്കളെ എണ്ണിത്തിട്ടപ്പെടുത്തുകയും അവരെ ഇടക്കിടെ ആക്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, തങ്ങളുടെ രാഷ്ട്രീയ അജണ്ട രൂപീകരിക്കുന്നതിന് സ്ഥിരമായി ഉപയോഗിക്കുന്ന മൂന്ന് പ്രയോഗങ്ങളെ അടിസ്ഥാനമാക്കി ഈ രണ്ട് രാഷ്ട്രീയ നേതാക്കളെയും നിര്‍വ്വചിക്കാനാകും: ‘ആരാണ് നമ്മൾ’, ‘ആരാണ് നമ്മുടെ ശത്രുക്കൾ’, ‘എങ്ങനെ നമുക്ക് വളര്‍ച്ച കൈവരിക്കാനാകും’.

ജയന്ത്: രണ്ടുപേരും മാധ്യമങ്ങളോട് വലിയ താത്പര്യം കാണിക്കുന്നവരല്ല. ഇവരെ ജനങ്ങൾ കേൾക്കാനാഗ്രഹിക്കുന്നുണ്ടാകില്ലേ?

വർഗീസ്: മോദിയെ തനിക്കരികിൽ നിർത്തി ഒരിക്കൽ പ്രസിഡണ്ട് ട്രംപ് പറഞ്ഞ ഒരു കാര്യമാണ് എനിക്ക് ഓർമ വരുന്നത്. 2017 ജൂൺ 26-ന് വൈറ്റ് ഹൗസില്‍ വെച്ച് അദ്ദേഹം പറഞ്ഞു: “പ്രധാനമന്ത്രി മോദിയും ഞാനും സോഷ്യൽ മീഡിയയിലെ ലോക നേതാക്കളാണ്. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളെ നേരിൽ കേൾക്കാൻ ആഗ്രഹിക്കുന്നവരും അതിൽ വിശ്വസിക്കുന്നവരുമാണ് ഞങ്ങളെന്ന് അമേരിക്കൻ മാധ്യമങ്ങളോടും ജനങ്ങളോടും പറയാൻ എനിക്കഭിമാനമുണ്ട്. ‍ഞങ്ങൾ രണ്ടുപേരെ സംബന്ധിച്ചും ഇത് വിജയിച്ചിട്ടുമുണ്ട്”.

മാധ്യമങ്ങളുടെ വിശകലനങ്ങളിൽ നിന്ന് രക്ഷപെടാമെന്നതാണ് ജനങ്ങളുമായി നേരിട്ട് സംസാരിക്കുക എന്നതിന്റെ ഒരു പ്രധാന ഘടകം. മോദിയെപ്പോലെത്തന്നെ തന്നോട് സൗഹൃദം പുലർത്തുന്ന മാധ്യമങ്ങൾക്കു മാത്രം അഭിമുഖം നൽകുന്ന രീതിയാണ് ട്രംപിനുമുള്ളത്. എങ്കിലും മാധ്യമപ്രവർത്തകരുടെ ദൈനംദിന വൈറ്റ് ഹൗസ് റിപ്പോർട്ടിങ് അദ്ദേഹം തടയുകയുണ്ടായില്ല. ആഭ്യന്തര, വിദേശ വിമാനയാത്രകളിലും ട്രംപ് മാധ്യമങ്ങളെ ഒഴിവാക്കിയില്ല. ഇത് മാധ്യമങ്ങൾക്ക് ദിവസവും ട്രംപിനെ ചോദ്യം ചെയ്യാനുള്ള അവസരമൊരുക്കി. എന്നാൽ മോദി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തലവനായിരുന്നിട്ടും ഒരിക്കൽപ്പോലും വാർത്താ സമ്മേളനം വിളിക്കുകയുണ്ടായില്ല. മാധ്യമങ്ങൾ പ്രധാനമന്ത്രിയെ യാത്രകളിൽ അനുഗമിക്കുന്നത് അവസാനിപ്പിക്കപ്പെട്ടു. ഇതെല്ലാം മോദിയുമായി മുഖാമുഖമുള്ള സംഭാഷണത്തിനുള്ള എല്ലാ അവസരവും ഇല്ലാതാക്കി.

ജയന്ത്: പക്ഷെ രണ്ടുപേരും വേദിയിലെത്തുമ്പോൾ ജനങ്ങളുമായി ബന്ധപ്പെടുന്നു. ഇത് മാധ്യമങ്ങളുമായുള്ള ഇരുവരുടെയും അസാധാരണമായ ബന്ധത്തെ ഒളിച്ചുവെക്കാൻ സഹായകമായിട്ടില്ല. പ്രത്യേകിച്ചും മോദിയുടെ കാര്യത്തിൽ?

ഇവരുടെ ദൈർഘ്യമുള്ള പ്രസംഗങ്ങളിലെ രണ്ടോ മൂന്നോ മിനിറ്റ് മാത്രം വരുന്ന ഭാഗങ്ങളാണ് മിക്കപ്പോഴും വിവാദങ്ങളാവുകയും മാധ്യമങ്ങളിലെ പ്രധാന വാർത്തകളാകുകയും ചെയ്യുന്നത്. മാത്രവുമല്ല, ട്രംപ് എപ്പോഴും തൊഴിൽ, തൊഴിൽ, തൊഴിൽ എന്നിങ്ങനെ വാചാലനാകുമ്പോൾ മോദി സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പ്രതീക്ഷകളെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. രണ്ട് നേതാക്കളും അവര്‍ പറയുന്നതെല്ലാം കാണികൾ വിശ്വസിക്കുന്നുവെന്ന് ഉറച്ച് വിശ്വസിക്കുന്നു. കാരണം അവർക്ക് വാക്ചാതുരിയുടെ ക‌ലയറിയാം.

രണ്ട് നേതാക്കൾക്കും വളരെ ചുരുങ്ങിയ പദസമ്പത്താണുള്ളത്. പക്ഷെ ആ ചുരുങ്ങിയ വാക്കുകളെ കാര്യക്ഷമമായി ഉപയോഗിക്കാൻ അവർക്കറിയാം. ട്രംപ് സങ്കീർണമായ വാചകങ്ങൾ പറയാറില്ല. പക്ഷെ ഒരിക്കൽ അദ്ദേഹം തന്നെ വാക്കുകളുടെ രാജാവെന്ന് വിശേഷിപ്പിക്കുകയുണ്ടായി. രണ്ടുപേരും നല്ല വാചകമടിക്കാരാണ്. ട്രംപ് പടിഞ്ഞാറൻ പരിഷ്കൃതി ആക്രമിക്കപ്പെടുന്നതായി പരാതിപ്പെടുമ്പോൾ മോദി ഹൈന്ദവ സംസ്കൃതി വെല്ലുവിളികൾ നേരിടുന്നതായി പറയുന്നു. രണ്ടുപേരും ദേശീയതയെക്കുറിച്ച് എപ്പോഴും സംസാരിക്കുന്നവരാണ്. രണ്ടുപേരും ദേശീയതയെ മതവുമായും രാഷ്ട്രീയ വലതുപക്ഷത്തിന്റെ ചട്ടക്കൂടിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യുന്നു. രണ്ടുപേർക്കും തങ്ങളുടെ പ്രസംഗങ്ങൾക്കിടയിൽ ‘അമേരിക്ക ഫസ്റ്റ്’, ‘സ്റ്റാർട്ട് അപ് ഇന്ത്യ’ എന്നിങ്ങനെ മനോഹരമായ മുദ്രാവാക്യങ്ങൾ നിർമിക്കാനും അവ കാണികളിലേക്ക് കാര്യക്ഷമമായി പകരാനുമുള്ള ശേഷിയുണ്ട്.

ഊന്നിപ്പറയേണ്ട കാര്യമെന്തെന്നാൽ, രണ്ടുപേർക്കും കുറഞ്ഞ പദസമ്പത്താണുള്ളത്. അതുകൊണ്ടു തന്നെ മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയും മറ്റും ചെയ്തിരുന്നതു പോലത്തെ പ്രഭാഷണകലയിലേക്ക് അവരെത്തില്ല. എന്നാൽ, രണ്ടുപേർക്കും നന്നായി പരാതിപ്പെടാനറിയാം. തെറ്റ് കണ്ടെത്താൻ കഴിവുണ്ട്. ഇവയെ കുറ്റാരോപണമാക്കി പരിവർത്തിപ്പിക്കാനും അങ്ങനെ സംസാരിക്കും ഇവർക്ക് സാധിക്കുന്നു.

ജയന്ത്: മോദി ഒരു മിതാഹാരിയാണ്. യോഗാ തത്പരനാണ്. എന്നാൽ ട്രംപ് ഡയറ്റ് കൺട്രോളും വ്യായാമവുമൊന്നും ഇഷ്ടമില്ലാത്തയാളും.

വർഗീസ്: അതെ. ബർഗർ, കൊക്കക്കോള എന്നിവയോടുള്ള പ്രസിഡണ്ട് ട്രംപിന്റെ താത്പര്യം പ്രശസ്തമാണ്. എന്നാൽ അത്തരം ജങ്ക് ഫുഡുകളോട് എന്തെങ്കിലും താത്മുള്ളയാളായി മോദി അറിയപ്പെടുന്നില്ല. തന്നെ ബിസിനസിലെ ശത്രുത മൂലം ആരെങ്കിലും ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലുമെന്ന് ട്രംപിന് എപ്പോഴും ഭീതിയുണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. ഇക്കാരണത്താൽ അദ്ദേഹം സ്വയം മക്ഡൊണാൾഡിലേക്ക് നടന്നു ചെന്ന് നേരിട്ട് ബർഗർ വാങ്ങിക്കഴിക്കുമായിരുന്നു. വൈറ്റ് ഹൗസിൽപ്പോലും അദ്ദേഹം ഈ രീതി പിന്തുടരുകയുണ്ടായി. തന്റെ ഒരു സ്റ്റാഫിനെയാണ് ഷോപ്പിലേക്ക് പറഞ്ഞയച്ചിരുന്നത് എന്നു മാത്രം. ഇതൊരു സുരക്ഷാ പ്രശ്നമായതോടെ അദ്ദേഹം വൈറ്റ് ഹൗസിൽ ഒരു ബർഗർ ഷെഫിനെ വെച്ചു. ട്രംപ് ഇടയ്ക്കെല്ലാം ഗോൾഫ് കളിക്കാറുണ്ടെന്നല്ലാതെ തന്റെ അമിതഭാരത്തെ കുറയ്ക്കാനായി യാതൊന്നും ചെയ്യാറില്ല. എങ്കിലും ഏറ്റവും ആരോഗ്യമുള്ള ലോകനേതാക്കളിലൊരാളാണ് ട്രംപ്. മോദി വലിയ ഫാഷൻ ഭ്രമമുള്ളയാളാണ്. എന്നാൽ ട്രംപിന്റെ ഫാഷൻ ധാരണയില്ലായ്മ വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. ട്രംപ് ധരിക്കാറുള്ള സ്യൂട്ടുകൾ ഇരുപതു വർഷമെങ്കിലും പഴക്കമുള്ള ശൈലിയിൽ തയ്ച്ചവയാണെന്ന് വിമർശകർ പറയാറുണ്ട്.

ജയന്ത്: രണ്ട് നേതാക്കളും ഒരുപാട് വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പുകാലത്ത് നൽകിയിട്ടുള്ളവരാണ്. ഇവരിലാരാണ് അവ കൂടുതൽ പാലിച്ചത്?

വർഗീസ്: എനിക്കു തോന്നുന്നു ട്രംപാണെന്ന്. യുഎസ്സിലെ കോർപ്പറേറ്റ് നികുതികൾ ഗണ്യമാം വിധം കുറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ഓട്ടോമേഷന്‍ കാരണം അമേരിക്കയില്‍ വന്‍തോതില്‍ കൂലിച്ചെലവ് കുറയുന്നുമുണ്ട്. കൂടുതല്‍ ജോലികള്‍ സൃഷ്ടിക്കുകയെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. തൊഴിൽ സൃഷ്ടിക്കാൻ ഉത്പാദന മേഖലകളെ പരിപോഷിപ്പിക്കുമെന്ന വാഗ്ദാനവും വലിയൊരളവ് പാലിക്കാൻ ട്രംപിനായി. ട്രംപ് ജനകീയനായി തുടരുന്നുണ്ട് എന്നത് സത്യമാണ്. എങ്കിലും 2019 തെരഞ്ഞെടുപ്പ് മുൻപ് കരുതിയിരുന്നതു പോലെ മോദിക്കനുകൂലമാകുമെന്ന് കരുതാനാകില്ല.

ദി ഹിന്ദുവിന്റെ അസോസിയേറ്റ് എഡിറ്ററായ വർഗീസ് ജോർജ്  അതിന്റെ വാഷിങ്ടൺ കറസ്പോണ്ടന്റായി പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ ദി ഹിന്ദുവിൽ പൊളിറ്റിക്കൽ എഡിറ്ററായിരുന്നു. ഹിന്ദുസ്ഥാൻ ടൈംസിന്റെ ചീഫ് ഓഫ് ബ്യൂറോ ആയി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം മാധ്യമപ്രവർത്തനത്തിന് നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.

ഇന്ത്യൻ എക്സ്പ്രസ്സിനു വേണ്ടി ഫോറിൻ പോളിസിയും പൊളിറ്റിക്സും റിപ്പോർട്ട് ചെയ്തിട്ടുള്ളയാളാണ് ജയന്ത് ജേക്കബ്. ദി ടെലഗ്രാഫ്, ഹിന്ദുസ്ഥാൻ ടൈംസ്, എൻഡിടിവി എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.

[കവര്‍ ചിത്രം: വര്‍ഗീസ്‌ കെ ജോര്‍ജിന്റെ OPEN EMBRACE India-US ties in the age of Modi and Trump എന്ന പുസ്തകപ്രകാശന ചടങ്ങ്. സി. രാജാമോഹന്‍, ആനന്ദ് ശര്‍മ, റാം മാധവ്, സുഹാസിനി ഹൈദര്‍ എന്നിവര്‍ ചടങ്ങില്‍ വര്‍ഗീസിനൊപ്പം)

ജയന്ത് ജേക്കബ്

ജയന്ത് ജേക്കബ്

ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകന്‍, ഇന്ത്യൻ എക്സ്പ്രസ്, ദി ടെലഗ്രാഫ്, ഹിന്ദുസ്ഥാൻ ടൈംസ്, എൻഡിടിവി എന്നിവിടങ്ങളിl ജോലി ചെയ്തിട്ടുണ്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍