UPDATES

ആയിരത്തിലേറെ എംപിമാരും എംഎൽഎമാരും കൊള്ളക്കാരും തട്ടിക്കൊണ്ടുപോകൽ നടത്തിയവരും; വെളിപ്പെടുത്തുന്നത് സ്വന്തം സത്യവാങ്മൂലങ്ങൾ

തട്ടിക്കൊണ്ടുപോകൽ കുറ്റാരോപണം നേരിടുന്നവരില്‍ കേരളത്തിൽ നിന്നും ഈ പട്ടികയിൽ ഉള്ള ഒരേയൊരാൾ കല്ല്യാശേരിയിൽ നിന്നുള്ള സിപിഎം എം.എൽ.എ ടി വി രാജേഷാണ്

നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ബലാത്സംഗികളും കൊള്ളക്കാരും തട്ടിക്കൊണ്ടുപോകൽ കുറ്റവാളികളുമാണോ? ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത് അവരിൽ 20 ശതമാനവും അങ്ങനെയാണ് എന്നാണ്!

പാര്‍ലമെന്‍റ് അംഗങ്ങളുടെയും നിയമസഭാംഗങ്ങളുടെയും സത്യവാങ്മൂലങ്ങൾ വിശകലനം ചെയ്തപ്പോൾ തെളിഞ്ഞത് ഇന്ത്യയിലെ ആയിരത്തിലേറെ ജനപ്രതിനിധികൾക്കെതിരെ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട് എന്നാണ്. 1024 പാർലമെന്റ്, നിയമസഭാ അംഗങ്ങളിൽ 64 (6 ശതമാനം) പേർ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കുറ്റങ്ങൾ തങ്ങൾക്കെതിരെ ചുമത്തിയിട്ടുണ്ട് എന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

Association for Democratic Reforms (ADR), National Election Watch (NEW) എന്നീ സംഘടനകളാണ് വിശകലനം നടത്തിയത്. നിലവിലെ 770 പാർലമെന്റ് അംഗങ്ങളുടെയും 4086 നിയമസഭാംഗങ്ങളുടെയും സത്യവാങ്മൂലങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്. ADR, NEW വിശകലനം പ്രകാരം 4856 എംപി-എംഎൽഎ ജനപ്രതിനിധികളിൽ 1024 (21 ശതമാനം) പേര്‍ തങ്ങൾക്കെതിരെ ഗുരുതരമായ കുറ്റാരോപണങ്ങൾ ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ തട്ടിക്കൊണ്ടുപോകൽ, നിയമപരമായ രക്ഷാകർതൃത്വത്തിൽ നിന്നും തട്ടിക്കൊണ്ടുപോകൽ, ഭിക്ഷാടനത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം നടത്തൽ, തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തൽ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, വിവാഹം കഴിക്കാൻ ബലപ്രയോഗത്തിലൂടെ നിർബന്ധിക്കുന്നതിനായി സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള വകുപ്പുകളാണ് റിപ്പോർട്ടിനായി പരിഗണിച്ചത്.

തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തിയിട്ടുള്ള 64 എംപി, എംഎൽഎമാരിൽ 16 പേർ ബിജെപിയിൽ നിന്നും 6 പേർ വീതം കോൺഗ്രസിൽ നിന്നും രാഷ്ട്രീയ ജനതാ ദളിൽ നിന്നുമാണ്. തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തപ്പെട്ട എംഎൽഎമാർ ഏറ്റവും കൂടുതലുള്ളത്, 9 പേർ വീതം, ബിഹാറിൽ നിന്നും ഉത്തർ പ്രദേശിൽ നിന്നുമാണ്.

തട്ടിക്കൊണ്ടുപോകൽ കുറ്റാരോപണം നേരിടുന്ന 5 ലോക്സഭാംഗങ്ങളും 3 രാജ്യസഭാംഗങ്ങളും ഉണ്ട്. കേരളത്തിൽ നിന്നും ഈ പട്ടികയിൽ ഉള്ള ഒരേയൊരാൾ കല്ല്യാശേരിയിൽ നിന്നുള്ള സി പി എം എംഎൽഎ ടി.വി രാജേഷാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗുരുതരമായ 5 കുറ്റങ്ങളടക്കം മൊത്തം 17 കേസുകൾ രാജേഷിനെതിരെയുണ്ട്.

വധശിക്ഷയോ ജീവപര്യന്തം തടവോ കിട്ടാവുന്ന കുറ്റകൃത്യത്തിനുള്ള ഗൂഡാലോചന മറച്ചുവെക്കുക (ഐ പി സി 118) കൊലചെയ്യാനായി തട്ടിക്കൊണ്ടുപോവുക (ഐ പി സി 364) കൊലപാതകശ്രമം (ഐ പി സി 307) കൊലപാതകം (ഐ പി സി 302) തുടങ്ങിയവ രാജേഷിനെതിരെയുള്ള കുറ്റാരോപണങ്ങളിൽ ചിലതാണ്.

നിങ്ങൾ തെരഞ്ഞെടുത്തവർ ഇപ്പോൾത്തന്നെ കുറ്റാരോപണങ്ങൾ നേരിടുന്നവരാണെന്നും അടുത്ത തവണ അവർക്കു വോട്ടുചെയ്യുന്നതിനെക്കുറിച്ച് പുന:രാലോചിക്കണമെന്നും ജനങ്ങളോട് പറയാനുള്ള ഒരു ശ്രമമാണ് ഇതെന്ന് National Election Watch, Association for Democratic Reforms തലവൻ മുൻ മേജർ ജനറൽ അനിൽ വർമ്മ പറയുന്നു.

“രാജ്യത്ത് ബലാത്സംഗം വർദ്ധിക്കുമ്പോളാണ് ഞങ്ങൾ ഇത്തരമൊരു കണക്കുമായി വരുന്നത്. ഇപ്പോൾ തട്ടിക്കൊണ്ടുപോകലും ആൾക്കൂട്ട കൊലപാതകങ്ങളും കൂടുകയാണ്. എങ്ങനെയാണ് ഇന്ത്യൻ ജനാധിപത്യത്തിലെ ജനപ്രതിനിധികൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന് ജനങ്ങളോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”

ഇത്തരത്തിൽ ഒരു കണക്കു പ്രസിദ്ധീകരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ സഹായിക്കാൻ തങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു ചെറിയ ശ്രമമാണെന്ന് അനിൽ വർമ്മ പറഞ്ഞു. “സ്ഥാനാർത്ഥികൾ പണം നൽകുന്നു, വോട്ടർമാർ അത് വാങ്ങുകയും ചെയ്യുന്നു. പരസ്പരം കുറ്റപ്പെടുത്തുന്ന ഒരു കളിയാണത്. പക്ഷെ ഒടുവിൽ നമുക്ക് കിട്ടുന്നത് വികൃതമായ ജനാധിപത്യവും ഇത്തരത്തിൽ കുറ്റവിചാരണ നേരിടുന്നവർ നമ്മെ നയിക്കുന്നതുമാണ്.” ഉത്തരവാദിത്തത്തോടെ വോട്ടു ചെയ്യാൻ ജനങ്ങളെ ഉപദേശിക്കാനും പ്രാപ്തരാക്കാനുമാണ് ഈ പഠനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“യാഥാസ്ഥിതിക മത പ്രത്യയശാസ്ത്രങ്ങളുടെ വളർച്ചയ്ക്കിടയിലും” ന്യൂനപക്ഷങ്ങൾക്കും മറ്റു വിമതശബ്ദങ്ങൾക്കും എതിരായ ആക്രമണങ്ങളുടേയും പശ്ചാത്തലത്തിലും ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യ 42-ആം സ്ഥാനത്തേക്ക് താഴേക്ക് പോന്നതായി ജനുവരിയിൽ ഒരു European Intelligence Unit പഠനം പറഞ്ഞിരുന്നു.

Economist Intelligence Unit (EIU) പട്ടികയിൽ നോർവേയാണ് ഏറ്റവും മുന്നിൽ ഐസ്‌ലാൻഡും സ്വീഡനും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. കഴിഞ്ഞ വർഷം 32-ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ താഴേക്കു വീഴുകയും ‘അപര്യാപ്ത ജനാധിപത്യങ്ങളുടെ’ പട്ടികയിൽ തുടരുകയും ചെയ്യുന്നു.

അഞ്ചു വിഭാഗങ്ങൾ അടിസ്ഥാനമാക്കിയുള്ള സൂചികയിൽ 165 സ്വതന്ത്ര രാജ്യങ്ങളും രണ്ടു പ്രദേശങ്ങളും ആണുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയയും ബഹുസ്വരതയും, പൗര സ്വാതന്ത്ര്യങ്ങൾ, സർക്കാരിന്റെ പ്രവർത്തനം, രാഷ്ട്രീയപ്രാതിനിധ്യവും രാഷ്ട്രീയ സംസ്കാരവും എന്നിവയാണവ. പട്ടിക 4 വിശാല വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു-പൂർണ ജനാധിപത്യം, അപര്യാപ്ത ജനാധിപത്യം, അടഞ്ഞ ഭരണം, സമഗ്രാധിപത്യ ഭരണം.

“യാഥാസ്ഥിതിക മത പ്രത്യയശാസ്ത്രങ്ങളുടെ വളർച്ച ഇന്ത്യയെ ബാധിച്ചു. മറ്റുതരത്തിൽ മതേതരമായിരുന്ന ഒരു രാജ്യത്ത് വലതുപക്ഷ ഹിന്ദു ശക്തികളുടെ ശക്തിപ്പെടൽ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകിച്ചും മുസ്ലീങ്ങൾക്കെതിരെയും, മറ്റു വിമതശബ്ദങ്ങൾക്കുമെതിരെ ആക്രമണങ്ങൾ വർദ്ധിക്കുന്നതിനും കാരണമായി.” EIU റിപ്പോർട്ട് പറയുന്നു.

കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു പറയുന്നത്, ജനാധിപത്യത്തിൽ ജനങ്ങൾക്കു വളരെക്കുറച്ചു തെരഞ്ഞെടുപ്പ് സാധ്യതകളെ ഉള്ളൂ എന്നും അതുകൊണ്ട് അവർ തട്ടിക്കൊണ്ടുപോകുന്നവരെയും കൊള്ളക്കാരെയും തെരഞ്ഞെടുക്കുന്നതിന് പഴിക്കാനാവില്ലെന്നുമാണ്.

“എല്ലാ രാഷ്ട്രീയ കക്ഷികളും കുറ്റവാളികളോ അഴിമതിക്കാരോ ആയ സ്ഥാനാർത്ഥികളെ നിർത്തിയാൽ വോട്ടർമാർക്ക് എന്ത് തെരഞ്ഞെടുപ്പ് സാധ്യതയാണ് അതിലുള്ളത്. അയാൾ തന്റെ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ ഒരാളെ തെരഞ്ഞെടുക്കും, അയാൾ കുറഞ്ഞോ കൂടിയോ ഉള്ള അപകടമാകാം. പക്ഷെ തെരഞ്ഞെടുക്കപ്പെട്ടയാൾ ‘തിന്മയാണ്’ എന്നതിൽ സംശയമില്ല. വലുതോ ചെറുതോ എന്നത് വേറൊരു ചോദ്യമാണ്,” അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ National Crime Records Bureau കണക്കനുസരിച്ച് 2016-ൽ 88,008 തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2015-ൽ നിന്നും 6 ശതമാനം വർധന (82999). 2016-ൽ തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ (89875) 23350 പുരുഷന്മാരും 66525 സ്ത്രീകളും ഉണ്ടായിരുന്നു. ഇതിൽ 33815 പേരെയും വിവാഹത്തിനായാണ് തട്ടിക്കൊണ്ടുപോയത്. 2016-ൽ ഉത്തർപ്രദേശിലാണ് തട്ടിക്കൊണ്ടുപോകൽ ഏറ്റവും കൂടുതൽ (15898), 18.1 ശതമാനം. മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ 10.6 ശതമാനം (9333). ബിഹാർ 8.3 ശതമാനം (7324). 2016-ൽ തട്ടിക്കൊണ്ടുപോയ 69599 പേരെ (18,974 പുരുഷന്മാർ, 50,625 സ്ത്രീകൾ) കണ്ടെത്തി. ഇതിൽ 325 പേരെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

തകരുന്ന സ്ഥാപനങ്ങള്‍, ദുര്‍ബലപ്പെടുന്ന ജനാധിപത്യം – ഹരീഷ് ഖരെ എഴുതുന്നു

ഞങ്ങളെ ആരെങ്കിലും കൊല്ലുമോ? ഭയമുണ്ട്, പക്ഷേ കേരളം വിടില്ലെന്ന് പെരുമ്പാവൂരിലെ ഇതര സംസ്ഥാനത്തൊഴിലാളികള്‍

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍