UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലപ്പെട്ട ജവാന്മാരുടെ ഭൗതികശേഷിപ്പുകള്‍ പ്രധാനമന്ത്രിയെ കാത്ത് വിമാനത്താവളത്തിൽ; വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങൾ ഇന്ദിരാഗാന്ധി അന്താരാരാഷ്ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രിയുടെ വരവ് കാത്ത് ഏറെനേരം കിടക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രിക്ക് അന്ത്യോപചാരമർപ്പിക്കാനാണ് വിമാനത്താവളത്തിൽ മൃതദേഹങ്ങൾ കാത്തു വെച്ചത്. രാത്രി 8.40ന്റെ എയർ ഇന്ത്യ വിമാനത്തിലാണ് തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് ജവാന്മാരുടെ മൃതദേഹം കൊണ്ടു പോകേണ്ടത് എനും എന്നാല്‍ അന്ത്യോപചാരമര്‍പ്പിക്കല്‍ നീണ്ടു പോവുകയാണെങ്കില്‍ നാളെയായിരിക്കും കൊണ്ടുപോകുക എന്നുമുള്ള രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കോണ്‍ഗ്രസ് പ്രസിഡന്റ്റ് രാഹുല്‍ ഗാന്ധി, മൂന്ന് സേനാ തലവന്മാര്‍ തുടങ്ങിയവര്‍ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തുകയും അന്ത്യോപചാരമര്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ പ്രധാനമന്ത്രിയെ കാത്തു നില്‍ക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തുന്നു

കടുത്ത വിമർശനങ്ങളാണ് മോദിക്കെതിരെ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉയർന്നത്. ഈ ദുരന്തത്തിനിടയിലും ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ട്രെയിൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് റദ്ദാക്കാൻ മോദി തയ്യാറാകാഞ്ഞതും വിമർശനത്തിനിടയാക്കുന്നുണ്ട്. തെരഞ്ഞെടുപ്പു റാലികളും ഫോട്ടോഷൂട്ടുകളും ഉദ്ഘാടനങ്ങളുമാണ് അദ്ദേഹത്തിന് വലുതെന്നും ചിലർ വിമർശിക്കുന്നു. “നിങ്ങളാണ് കാത്തു നിൽക്കേണ്ടിയിരുന്നത്; നിങ്ങൾക്കു വേണ്ടിയല്ല” എന്ന് മോദിയോട് ചൂണ്ടിക്കാട്ടുന്നവർ‌ ധാരാളമാണെങ്കിലും അവരെ എതിർക്കുന്നവരും രംഗത്തുണ്ട്.

പ്രധാനമന്ത്രിയുടെ തിരക്കുകളെക്കുറിച്ച് ധാരണയുണ്ടാകണമെന്ന് ഈ വാദങ്ങളെ എതിർക്കുന്നവർ പറയുന്നു. ഇത്തരം വിഷയങ്ങൾ രാഷ്ട്രീയവൽക്കരിക്കുകയാണ് വിമർശകർ ചെയ്യുന്നതെന്ന് ഇക്കൂട്ടർ ആരോപിക്കുന്നു. അതെസമയം, പ്രോട്ടോക്കോൾ പ്രകാരമാണ് മോദി വൈകിയതെന്ന് പറയുന്നവരും ഉണ്ട്. ആദ്യം ആദരാഞ്ജലികൾ അർപ്പിക്കേണ്ടത് പ്രധാനമന്ത്രിയല്ലെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ആളുകളാണെന്നും ഇവർ വിശദീകരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍