UPDATES

“വോട്ടർ ഐഡി-ആധാർ ലിങ്കിങ് അപകടകരം; കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് പകരം ഇന്ത്യയിൽ ഡൽഹി അനലിറ്റിക്ക സംഭവിക്കും”: ജസ്റ്റിസ് ശ്രീകൃഷ്ണ

ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ഇപ്പോഴും മേശപ്പുറത്തു വെക്കാത്ത കേന്ദ്ര നടപടിയെക്കുറിച്ചും ബിഎൻ ശ്രീകൃഷ്ണ പ്രതികരിച്ചു.

വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തെ ‘ഏറ്റവും അപകടകരം’ എന്ന് വിശേഷിപ്പിച്ച് റിട്ടയേഡ് ജസ്റ്റിസ് ബിഎൻ‌ ശ്രീകൃഷ്ണ രംഗത്ത്. ഡാറ്റയെയും പൊതുജനങ്ങളുടെ സ്വകാര്യതയെയും കുറിച്ച് മോസില്ലയും ഇന്റർനെറ്റ് ഫ്രീഡം ഫെഡറേഷനും സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ശ്രീകൃഷ്ണ ഈ അഭിപ്രായം പങ്കുവെച്ചത്. പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന്റെ കരട് രൂപം തയ്യാറാക്കിയ വിദഗ്ധ സമിതിയുടെ ചെയർമാനായിരുന്നു ശ്രീകൃഷ്ണ.

കേംബ്രി‍ഡ്ജ് അനലറ്റിക്കയ്ക്ക് സമാനമായ സംഭവങ്ങൾ ഇന്ത്യയിൽ ആവർ‌ത്തിക്കുകയായിരിക്കും ആധാർ-വോട്ടർ ഐഡി ലിങ്കിങ്ങിലൂടെ സംഭവിക്കുകയെന്ന് ബിഎൻ ശ്രീകൃഷ്ണ പറഞ്ഞു. കൊൽക്കത്ത അനലറ്റിക്ക, ഡൽഹി അനലറ്റിക്ക, മുംബൈ അനലറ്റിക്ക എന്നൊക്കെ ഭാവിയിൽ കേൾക്കാന്‍ കഴിഞ്ഞേക്കുമെന്നും അതു തന്നെയാണ് അതിന്റെ അപകടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2017ലെ കെഎസ് പുട്ടസ്വാമി vs യൂണിയൻ ഓഫ് ഇന്ത്യ കേസിലെ വിധി വന്നതിന്റെ രണ്ടാം വാർഷികം ആഘോഷിക്കുകയായിരുന്നു മോസില്ലയും ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും. ഈ കേസിൽ ഒമ്പതംഗ ഭരണഘടനാ ബഞ്ച് സ്വകാര്യത എന്നത് ഭരണഘടനാപരമായി സംരക്ഷിതമായ മൗലികാവകാശമാണെന്ന് വിധി പറയുകയുണ്ടായി.

ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ഇപ്പോഴും മേശപ്പുറത്തു വെക്കാത്ത കേന്ദ്ര നടപടിയെക്കുറിച്ചും ബിഎൻ ശ്രീകൃഷ്ണ പ്രതികരിച്ചു. ഒരു നിയമത്തിന്റെ അസാന്നിധ്യത്തിൽ പൗരന്മാരുടെ ഡാറ്റ സംബന്ധിച്ച നയങ്ങളുണ്ടാക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ബില്ല് മേശപ്പുറത്തു വെക്കാത്തത് സംബന്ധിച്ച് താൻ നിയമമന്ത്രി രവിശങ്കർ പ്രസാദിനോട് താൻ ആരാഞ്ഞപ്പോൾ നടപടികൾ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞതെന്നും ശ്രീകൃഷ്ണ വെളിപ്പെടുത്തി.

ഡോണൾഡ് ട്രംപിന്റെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനായി 87 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ച് കൈമാറിയ സംഭവമാണ് കേംബ്രിഡ്ജ് അനലറ്റിക്ക കുംഭകോണം എന്നറിയപ്പെടുന്നത്. യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാഷ്ട്രീയ കൺസൾട്ടിങ് സ്ഥാപനമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. ഇതേ സ്ഥാപനം ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് സമാനമായ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

കേംബ്രിഡ്ജ് അനലിറ്റിക്ക ചെയ്തത് തെറ്റാണെന്ന് നമ്മളെല്ലാം പറയുകയുണ്ടായില്ലേയെന്നും അവരെ ചീത്ത വിളിച്ചില്ലേയെന്നും ചോദിച്ച ശ്രീകൃഷ്ണ അതേ സംഭവം ഇന്ത്യയിലും ഉണ്ടാകാൻ ഇടവരുത്തുന്നത് ശരിയാണോയെന്നും ആരാഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍