UPDATES

വിപണി/സാമ്പത്തികം

2017-ല്‍ മിക്ക രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ച കൈവരിച്ചപ്പോള്‍ ഇന്ത്യക്ക് പറയാനുളളത് തകര്‍ച്ചയുടെ കണക്കുകള്‍

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം സംബന്ധിച്ച യഥാര്‍ത്ഥ കണക്കകള്‍ പുറത്തുവരുമ്പോള്‍ മാത്രമേ സ്വയം കുഴിച്ച കുഴികള്‍ എത്രത്തോളം ആഘാതമാണ് സാമ്പത്തികരംഗത്ത് ഏല്‍പ്പിച്ചതെന്ന് മനസിലാകൂ

2017 ല്‍ ലോകത്തിലെ മിക്ക രാജ്യങ്ങളും മൊത്തം ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുകയും ചെയ്തപ്പോള്‍ ഇന്ത്യയില്‍ മാത്രം നേരെ വിപരീതമായാണ് സംഭവിച്ചത്. സ്വയം വരുത്തിവെച്ച കോട്ടങ്ങളുടെ പേരിലാവും 2017ലെ ഇന്ത്യന്‍ സാമ്പത്തികരംഗത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെടുക എന്ന് thewire-ല്‍ എഴുതിയ ലേഖനത്തില്‍ എം.കെ വേണു ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ മൂലം ജിഡിപി വളര്‍ച്ചയുടെ വേഗം കുറയുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിലനിന്നിരുന്ന മാന്ദ്യം മൂര്‍ച്ഛിക്കുകയും ചെയ്തു. ഇതോടൊപ്പം പണക്ഷാമം മൂലം 2017ന്റെ തുടക്കത്തില്‍ റാബി വിളകള്‍ മുപ്പത് മുതല്‍ നാല്‍പത് ശതമാനം വരെ വിലക്കുറവില്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായതോടെ കാര്‍ഷിക മേഖലയിലും മുരടിപ്പ് അനുഭവപ്പെട്ടു.

ഇക്കഴിഞ്ഞ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി 2002ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനത്തിന് കാഴ്ച വച്ചതിന് പിന്നില്‍ കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ്, പട്ടീദാര്‍ സമുദായത്തില്‍പെട്ട കര്‍ഷകര്‍ക്കിടയില്‍ സൃഷ്ടിച്ച രോഷം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ഇത്തവണ വിജയം നേടാന്‍ എത്ര പ്രയാസപ്പെട്ടുവെന്നത് തനിക്കറിയാമെന്ന് ബിജെപി പ്രചാരണത്തിന് നേരിട്ട് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സമ്മതിച്ചതാണ്. പക്ഷെ ഗുജറാത്ത് തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള മോദിയുടെ വിലയിരുത്തല്‍ ആത്മവഞ്ചനയായിരുന്നു എന്നത് മറ്റൊരു കാര്യം. ഗുജറാത്തില്‍ നിന്നും ജാതി രാഷ്ട്രീയത്തെ തുടച്ചുനീക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞ 30 വര്‍ഷമായി അധ്വാനിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ജാതി രാഷ്ട്രീയം തിരിച്ചുവന്നിരിക്കുകയാണെന്നും ഒരു ഉളുപ്പുമില്ലാതെ അദ്ദേഹം വിലയിരുത്തിക്കളഞ്ഞു.

2018ല്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി; ആന കൊടുത്താലും ആശ കൊടുക്കരുത്

എന്നാല്‍, 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 90 ശതമാനം എംപിമാരെയും സംഭാവന ചെയ്ത ഇന്ത്യയുടെ മധ്യ,വടക്ക്,പടിഞ്ഞാറ് ഭാഗങ്ങളിലെ മധ്യവര്‍ഗ്ഗ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കൂട്ടായ പ്രതിഷേധവുമായി ഉയര്‍ന്നെഴുന്നേല്‍ക്കുകയാണെന്ന വസ്തുത ബോധപൂര്‍വമോ അല്ലാതെയോ അംഗീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ല. മധ്യവര്‍ത്തി ജാതികളില്‍പെട്ട കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ ജാതി അടിസ്ഥാനത്തില്‍ സംഘടിക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. മഹാരാഷ്ട്രയിലെ മറാത്തകള്‍ക്കും പടിഞ്ഞാറന്‍ യുപിയിലെയും രാജസ്ഥാനിലെയും ജാട്ടുകള്‍ക്കിടയിലും സംഭവിക്കുന്നത് ഇതാണ്. രാജസ്ഥാനില്‍ സമീപകാലത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ രാജസ്ഥാനിലെ ഗ്രാമീണ മേഖലകളില്‍ ബിജെപി തൂത്തെറിയപ്പെട്ടത് ഈ കര്‍ഷക രോഷം മൂലമാണ്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് രാജസ്ഥാനില്‍ 54 ശതമാനം വോട്ട് വിഹിതം ലഭിച്ചെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ അത് 15 ശതമാനമായി കുത്തനെ ഇടിഞ്ഞു.

യുപിയില്‍ സമീപകാലത്ത് നടന്ന നഗര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 13 ശതമാനം വോട്ട് വിഹിതമാണ് നഷ്ടമായത്. കര്‍ഷകര്‍ക്ക് ഭൂരിപക്ഷമുള്ള പടിഞ്ഞാറന്‍ യുപിയില്‍ യോഗി ആദിത്യനാഥിന്റെ സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും പരാജയപ്പെടുത്തി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭ തിരഞ്ഞെടുപ്പിലും ജാട്ടുകള്‍ ബിജെപിയോടൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ ഗുജറാത്തിലെ ജാതി രാഷ്ട്രീയം എന്ന പ്രധാനമന്ത്രിയുടെ നിലവിളിയില്‍ വലിയ കഴമ്പില്ല എന്ന് പറയേണ്ടി വരും. നോട്ട് നിരോധനം മൂലം 2017 ല്‍ കാര്‍ഷിക വിളകള്‍ക്ക് ഉണ്ടായ വിലയിടിവാണ് ഈ ജനരോഷത്തിന് കാരണം എതാണ് യഥാര്‍ത്ഥ വസ്തുത. രണ്ട് വര്‍ഷത്തെ കടുത്ത വരള്‍ച്ചയ്ക്ക് ശേഷം കാര്‍ഷിക മേഖലയില്‍ ഒരുണര്‍വ് പ്രകടമായി വരുന്ന സമയത്താണ് 2016 നവംബറില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ബിജെപിയുടെ ഭരണത്തിന് കീഴിലുണ്ടായിട്ടുള്ള വിലക്കയറ്റവുമായി താരതമ്യം ചെയ്യാന്‍ പോലും താങ്ങുവിലകള്‍ക്ക് ശേഷിയില്ലെിരിക്കെ കാര്‍ഷിക മേഖലയില്‍ നിന്നും വളരെ പരിതാപകരമായ വാര്‍ത്തകളെ പ്രതീക്ഷിക്കേണ്ടതുള്ളു. മാത്രമല്ല, ബഹുഭൂരിപക്ഷം കര്‍ഷകരും കാര്‍ഷിക ഉല്‍പന്നങ്ങളും താങ്ങുവിലയുടെ പരിധിക്ക് പുറത്താണെന്നത് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ തീരുമാനം; നോട്ട് നിരോധനം ഒരു വര്‍ഷം പിന്നിടുമ്പോള്‍

ചുരുക്കത്തില്‍, 2017 വര്‍ഷത്തിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ മൊത്ത ആഭ്യന്തര ഉല്‍പാദനം 5.7 ശതമാനം എന്ന താഴ്ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ജൂലൈ-സെപ്തംബര്‍ പാദത്തില്‍ ജിഡിപി 6.2 ശതമാനമായി വര്‍ദ്ധിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കാര്‍ഷിക മേഖലയില്‍ മുരടിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍ കുത്തനെയുള്ള വര്‍ദ്ധന ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. അസംഘടിത മേഖലയുടെയും പട്ടികയില്‍ ഉള്‍പ്പെടാത്ത കമ്പനികളുടെയും കണക്കുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ പറയുന്ന വളര്‍ച്ച നിരക്കില്‍ ഇനിയും ഇടിവ് സംഭവിക്കാം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓഹരിവിപണികളിലെ പട്ടികയില്‍ ഉള്ളതും സെബിയില്‍ രജിസ്റ്റര്‍ ചെയ്തതുമായ വന്‍കിട കമ്പനികളുടെ കണക്കുകള്‍ മാത്രം വെച്ചാണ് ജൂലൈ-സെപ്തംബര്‍ പാദത്തില്‍ നിര്‍മ്മാണമേഖലയില്‍ ഏഴ്്\ ശതമാനം വളര്‍ച്ച ഉണ്ടായി എന്ന് രേഖപ്പെടുത്തുന്നത്. പക്ഷെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അസംഘടിത മേഖലയുടെ കണക്കുകള്‍ വരുന്നതോടെ ഇത് കുത്തനെ ഇടിയും. കാരണം നോട്ട് നിരോധനവും ജിഎസ്ടിയും ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് അസംഘടിത മേഖലയെയാണെന്നും വേണു ചൂണ്ടിക്കാട്ടുന്നു.

ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള തടസ്സങ്ങള്‍ നിലവിലെ ജിഡിപി കണക്കാക്കലിനെ വീണ്ടും പ്രതികൂലമായി ബാധിക്കും. ഇന്ധന ഉല്‍പന്നങ്ങളില്‍ സംസ്ഥാനങ്ങള്‍ പിരിച്ചെടുത്ത മൂല്യവര്‍ദ്ധിത നികുതിയാണ് ചെറുകിട വ്യവസായം, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍ എന്നിവയുടെ വളര്‍ച്ച കണക്കാക്കുന്നതിന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ ഭാഗികമായി ഉപയോഗിച്ചിരിക്കുന്നത്. ഈ മേഖലകളിലെ ജിഎസ്ടി കണക്കുകള്‍ അവ്യക്തമായി നിലനില്‍ക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഇന്ധന ഉല്‍പന്നങ്ങളുടെ നികുതി, കമ്പനികള്‍ അതായത് ഉല്‍പാദകര്‍ ഈടാക്കുന്നതാണെും അതുവച്ച്, നോട്ട് നിരോധനത്തിന്റെ തിക്തഫലങ്ങള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന ചെറുകിട മേഖലയുടെ ഉല്‍പാദനം അളക്കാനാവില്ലെന്നും ഇന്ത്യയുടെ മുന്‍ മുഖ്യ സ്റ്റാറ്റീഷ്യന്‍ പ്രാണാബ് സെന്‍ thewire.in നോട് പറഞ്ഞു. അതുകൊണ്ട് തന്നെ 2017-18 യഥാര്‍ത്ഥ ജിഡിപി നിരക്കുകള്‍ എത്രയായിരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ജിഡിപി കണക്ക് ഓകെ; പക്ഷെ, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വെന്റിലേറ്ററില്‍ നിന്നിറക്കാന്‍ ഇതൊന്നും പോര

ജിഎസ്ടി നടപ്പാക്കല്‍ മൂലം സംഭവിച്ച സാമ്പത്തിക ആഘാതവും അവ്യക്തതകളും കയറ്റുമതിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഏഷ്യയിലെയും ലാറ്റിന്‍ അമേരിക്കയിലെയും സമാന രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞു. 2017ല്‍ ആഗോള വ്യാപരവും ഉല്‍പാദനവും വര്‍ദ്ധിച്ചതിന്റെ നേട്ടങ്ങള്‍ ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം, തായ്‌വാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ കൊയ്തപ്പോള്‍ ഇന്ത്യ അവിടെയും പിന്തള്ളപ്പെട്ടു. ലോകരാജ്യങ്ങളില്‍ നാലില്‍ മൂന്നും ഈ വര്‍ഷം ജിഡിപി, കയറ്റുമതി എന്നിവയില്‍ വളര്‍ച്ചയും തൊഴിലില്ലായ്മയില്‍ ഇടിവും അനുഭവിച്ചതായി സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ തിരിച്ചടി ഉണ്ടായ നാലില്‍ ഒന്ന് രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് വികസിത രാജ്യങ്ങളില്‍ ഈ വര്‍ഷം ഉണ്ടായത്.

വികസ്വര രാജ്യങ്ങളായ ചൈനയിലും ബ്രസീലിലും റഷ്യയിലും തൊഴില്ലായ്മ നിരക്ക് കുറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. കയറ്റുമതിയില്‍ ഉണ്ടായ ഇടിവ് രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചപ്പോള്‍ മറ്റ് രാജ്യങ്ങളുടെ നാണയങ്ങള്‍ ഡോളറിനെതിരെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. നോട്ട് നിരോധന തീരുമാനവും ജിഎസ്ടി നടപ്പാക്കിയതിലെ പാളിച്ചകളും ഇന്ത്യന്‍ സാമ്പത്തികരംഗത്ത് ഉണ്ടാക്കിയ തിരിച്ചടികള്‍ ഇനിയും പൂര്‍ണമായി വിലയിരുത്തപ്പെട്ടിട്ടില്ല. ഇന്ത്യ ഒഴികെയുള്ള എല്ലാ ബ്രിക്‌സ് രാജ്യങ്ങളിലും തൊഴിലില്ലായ്മ കുറയുകയാണെന്നും ഉല്‍പാദനം വര്‍ദ്ധിക്കുകയാണെന്നും മോദിയും ജയ്റ്റ്‌ലിയും 2014ല്‍ വിവരിച്ച കാര്യം ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. പക്ഷെ ചെരുപ്പ് ഇപ്പോള്‍ മറ്റൊരു കാലിലാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മാത്രമേ സ്വയം കുഴിച്ച കുഴികള്‍ എത്രത്തോളം ആഘാതമാണ് സാമ്പത്തികരംഗത്ത് ഏല്‍പ്പിച്ചതെന്നും ഈ ആഘാതത്തില്‍ നിന്നും പുറത്തുവരാന്‍ എത്രകാലം എടുക്കുമെന്നും കൃത്യമായി നിര്‍ണയിക്കാനാകൂ.

മോദിയുടെ സാമ്പത്തിക നയങ്ങള്‍; നട്ടെല്ലൊടിഞ്ഞ് രാജ്യം

പശു, കാര്‍ഷിക വ്യവസ്ഥ: അമര്‍ത്യ സെന്‍ മിണ്ടിയാല്‍ സംഘപരിവാരം പേടിക്കുന്നതെന്തിന്?

കള്ളപ്പണക്കാരേ, കൊള്ളപ്പണക്കാരേ… ചാകര, ചാകര…

ഇന്ത്യന്‍ വളര്‍ച്ചയുടെ ‘ഊഹക്കണക്കുകള്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍