UPDATES

ട്രെന്‍ഡിങ്ങ്

‘ദൈവം ഞങ്ങളോട്‌ എന്തിനിതു ചെയ്തു?’ മത തീവ്രവാദികള്‍ കൊലപ്പെടുത്തിയ യുക്തിവാദി ഫറൂഖിന്റെ ഉമ്മ ചോദിക്കുന്നു

ഫറൂഖിന്റെ നിർദ്ധന കുടുംബത്തേയും പറക്ക മുറ്റാത്ത കുഞ്ഞുങ്ങളേയും നമുക്ക് സഹായിക്കാം

ഞാൻ എന്റെ ചില സുഹൃത്തുക്കൾക്കൊപ്പം കോയമ്പത്തൂരിൽ ദാരുണമായി കൊല ചെയ്യപ്പെട്ട യുക്തിവാദി ഫറൂഖിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഫറൂഖിന്റെ ഭാര്യ റഷീദ, ഭാര്യാസഹോദരൻ ഷാജഹാൻ, വാപ്പ അമീദ്‌, ഉമ്മ നബീസ, പത്തും ഏഴും വയസ്സുള്ള കുഞ്ഞുങ്ങൾ ആഫ്രിദ്‌, അനഫ എന്നിവരോട്‌ സംസാരിച്ചു. ഞാൻ മനസ്സിലാക്കിയ സത്യങ്ങൾ താഴെ കുറിക്കുന്നു.

ഫറൂഖ് ഏതാണ്ട്‌ പത്തുവർഷത്തോളമായി ഒരു യുക്തിവാദി ആയിരുന്നു. മതവിശ്വാസത്തിൽനിന്ന് പുറത്തുവന്ന് മാനവികതയിൽ മാത്രം വിശ്വസിച്ച്‌ ജീവിക്കുന്ന വ്യക്തികളുടെ ഒരു വാട്ട്സ്‌ ആപ്‌ ഗ്രൂപ്പിൽ അംഗവുമായിരുന്നു. തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റുകളിൽ ഫറൂഖ് മത, അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടിയിരുന്നു. അപ്പോഴും തികഞ്ഞ മത വിശ്വാസികളായ തന്റെ കുടുംബാംഗങ്ങളോട്‌ അങ്ങേയറ്റം സ്നേഹത്തോടെയും കരുതലോടെയുമാണ്‌ പെരുമാറിയിരുന്നത്‌. ഫറൂഖിന്റെ ഭാര്യയും ഭാര്യാസഹോദരനും ഉമ്മയും വാപ്പയും തികഞ്ഞ മതവിശ്വാസികളായിരുന്നു. അതിന്റെ പേരിൽ ഫറൂഖും കുടുംബാംഗങ്ങളും തമ്മിൽ യാതൊരുവിധ അകൽച്ചയും ഉണ്ടായിരുന്നില്ല. ദ്രാവിഡ വിടുതലൈ കഴകം എന്ന റാഷനലിസ്റ്റ്‌ മൂവ്മെന്റിൽ അംഗമായിരുന്നു ഫറൂഖ്. ചിലപ്പോഴൊക്കെ ഇതിന്റെ മീറ്റിങ്ങുകളിലേക്ക്‌ ഫറൂക്ക്‌ സ്വന്തം കുഞ്ഞുങ്ങളേയും കൊണ്ടുപോയിരുന്നു. പലപ്പോഴും കുഞ്ഞുങ്ങൾ അമ്മയുടെ കൂടെ പള്ളിയിലും പോയിരുന്നു. ഫറൂഖിന്റെ അവസാനത്തെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇങ്ങനെയായിരുന്നു;

“ഞാൻ മതങ്ങളിലോ, ദൈവത്തിലോ വിശ്വസിക്കുന്നില്ല.മനുഷ്യനിലും മാനവികതയിലും വിശ്വസിക്കുന്നു”

ഫറൂഖിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റുകൾക്കു താഴെ ചിലപ്പോൾ ഭീഷണിയുടെ രൂപത്തിലുള്ള ചില കമന്റുകൾ വന്നിരുന്നു. “നീ മുസ്ലീം പേരുവച്ച്‌ യുക്തിവാദത്തെ പിന്തുണയ്ക്കുന്ന പോസ്റ്റ്‌ ഇട്ടാൽ ഉക്കടത്ത്‌ നിനക്ക്‌ ജീവിച്ചിരിക്കാനാവില്ല” എന്നായിരുന്നു ഭീഷണികളുടെ സാരം. ഫറൂഖ് ഈ കമന്റുകൾ മുഖവിലയ്ക്കെടുത്തിരുന്നില്ല.

ലേഖകനും സംഘവും ഫാറൂഖിന്റെ വീട്ടില്‍

ഫറൂഖിന്റെ ചെറിയ ഫാബ്രിക്കേഷൻ ബിസിനസ്സിൽ ജാഫർ എന്ന ഒരു പാർട്ട്ണർ ഉണ്ടായിരുന്നു. ഫറൂഖിന്റെ റാഷനലിസ്റ്റ്‌ അഭിപ്രായങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിച്ച്‌ ഏതാണ്ട്‌ അഞ്ചുവർഷം മുൻപ്‌ ഇയാൾ പാർട്ട്ണർഷിപ്പ്‌ പിരിഞ്ഞിരുന്നു. കൊലപാതക കേസിലെ പ്രതികളിലൊരാൾ ജാഫറാണ്‌.

ഏതാണ്ട്‌ മൂന്നുമാസം മുൻപാണ്‌ മനാഫ്‌ എന്നുപേരുള്ള ഒരാൾ ഫറൂഖിന്റെ സൌഹൃദം തേടിയെത്തുന്നത്‌.  “മതവിശ്വാസം വെടിഞ്ഞ്‌ നന്മയുടേയും യുക്തിയുടേയും മാർഗ്ഗം തേടുന്ന ഒരാളാണ്‌ ഞാൻ. താങ്കളും താങ്കളുടെ കൂട്ടായ്മയും എനിക്ക്‌ മാർഗ്ഗനിർദ്ദേശം നൽകണം” എന്നുപറഞ്ഞാണ്‌ മനാഫ്‌  ഫറൂഖിനോടടുത്തത്‌. മനാഫിന്റെ രീതികൾ കണ്ട്‌ ഭാര്യ റഷീദ “ഇയാളെ വിശ്വസിക്കാൻ കൊള്ളില്ല എന്നു തോന്നുന്നു. സൂക്ഷിക്കണം” എന്ന് ഫറൂഖിനെ താക്കീത്‌ ചെയ്തിരുന്നു. പക്ഷേ ഫറൂഖ് പുതിയ സുഹൃത്തിനെ പൂർണ്ണമായി വിശ്വസിച്ച്‌ തന്റെ ജീവിത വീക്ഷണങ്ങളും ബോധ്യങ്ങളും അയാൾക്ക്‌ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. മനാഫ്‌ ഒരാത്മാർത്ഥ സുഹൃത്തിനെപ്പോലെ അത്‌ കേട്ടിരുന്നു. പല രാത്രികളിലും ഇവർ പല ഇടങ്ങളിലും ഒരുമിച്ചിരുന്ന് സംസാരിച്ചു.

അങ്ങനെ സംസാരിച്ചുപിരിഞ്ഞ ഒരു രാത്രി (മാർച്ച്‌ 16, ചൊവ്വാഴ്ച്ച) 11.15ന്‌ മനാഫ്‌ ഫറൂറൂഖിനെ ഫോണിൽ വിളിച്ചു. “മടങ്ങിപ്പോരുന്ന വഴി എന്റെ ബൈക്കിലെ പെട്രോൾ തീർന്നു. വഴിയിലാണ്‌. സഹായിക്കണം” എന്നായിരുന്നു സന്ദേശം. അപ്പോൾത്തന്നെ ഫറൂക്ക്‌ തന്റെ ടുവീലറുമെടുത്ത്‌ മനാഫിനെ സഹായിക്കാൻ പുറപ്പെട്ടു. പതിനഞ്ചുമിനിറ്റുകഴിഞ്ഞ്‌ സമീപവാസികളിലൊരാൾ ഫോൺ ചെയ്ത്‌ റഫീക്ക്‌ ആക്രമിക്കപ്പെട്ട വിവരം വീട്ടിലറിയിച്ചു.

കുടുംബാംഗങ്ങളെത്തിയപ്പോഴേക്കും കഴുത്തറുത്ത്‌ കൊല്ലപ്പെട്ട നിലയിൽ കിടക്കുന്ന ഫറൂഖിനെയാണ്‌ കണ്ടത്‌. മനാഫും അവിടെയുണ്ടായിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിലേക്കുമാറ്റി. പിറ്റേന്ന് വാപ്പയുടെ ആഗ്രഹപ്രകാരം മോസ്ക്കിൽ കബറടക്കി. ഹോസ്പിറ്റലിലും ശവസംസ്കാര വേളയിലും ആദ്യാവസാനക്കാരനായി സുറുമയെഴുതിയ കണ്ണുകളും മീശ വടിച്ച്‌ താടി നീട്ടിവളർത്തിയ മുഖവുമായി മനാഫുണ്ടായിരുന്നു. ഇപ്പോൾ കേസിൽ മുഖ്യ പ്രതി മനാഫ്‌ ആണ്‌. പോലീസ്‌ അന്വേഷണത്തിൽ ഇയാൾ മറ്റൊരു കൊലക്കേസിൽ കൂടി പ്രതിയാണെന്നു മനസ്സിലായി.

ജാഫർ, മനാഫ്‌ എന്നിവരെക്കൂടാതെ മറ്റുപ്രതികൾ  സദ്ദാം ഹുസ്സൈൻ (ക്രിമിനൽ പശ്ചാത്തലമുള്ളയാൾ, കള്ളക്കടത്തുകാരൻ), അക്രം സിന്ദ (ഒരു സ്വർണ്ണക്കടക്കാരന്റെ മകൻ), അൻസാർത്ത്‌ (റ്റയർ ഷോപ്പ്‌ ഉടമ) എന്നിവരാണ്‌. ഈ പ്രതികൾ ഏതെങ്കിലും പ്രത്യേക തീവ്രവാദി സംഘടനയിൽ പ്രവർത്തിച്ചതായോ, മുൻപ്‌ ഏതെങ്കിലും വിധത്തിൽ ഒരുമിച്ച്‌ കുറ്റക്രുത്യങ്ങൾ നടത്തിയതായോ സമീപവാസികൾക്ക്‌ അറിവില്ല. അജ്ഞാതരായ ആരോ ഇവർക്ക്‌ കൊലപാതകത്തിന്‌ ക്വൊട്ടേഷൻ കൊടുത്തതാവാനാണ്‌ എല്ലാ സാധ്യതയും. ഇതിനു പിന്നിലെ അദൃശ്യമായ കരങ്ങളെ കണ്ടെത്താൻ പോലീസിന്‌ സാധിച്ചു എന്നും വരില്ല.

ഇപ്പോൾ ഫറൂഖിന്റെ ഭാര്യാ സഹോദരൻ ഷാജഹാൻ ഫറൂഖിന്റെ ഇളയ കുട്ടി അനഫയുടെ  പേരിൽ  സൗത്ത്‌ ഇൻഡ്യൻ ബാങ്കിൽ ഒരു അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. കുട്ടിക്ക്‌ പതിനെട്ട്‌ വയസ്സാകുന്ന മുറയ്ക്ക്‌  പണം  പിൻവലിക്കാവുന്ന വിധത്തിലാണ്‌ അക്കൗണ്ട്‌. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന്‌ ഈ തുക ഉപകരിക്കുമെന്നാണ്‌ പ്രതീക്ഷ. കുട്ടികളുടെ അമ്മ റഷീദ, ഫറൂഖിന്റെ ഉമ്മ നബീസ എന്നിവരാണ്‌ അക്കൗണ്ടിൽ ഗാർഡിയൻസിന്റെ സ്ഥാനത്ത്‌ പേരുവച്ചിരിക്കുന്നത്‌.

സുമനസ്സുകളായ നാമെല്ലാവരും (ദൈവത്തിൽ വിശ്വസിക്കുന്നവരായാലും യുക്തിവാദികളായാലും) ഈ അക്കൗണ്ടിൽ പണം അയച്ചുനൽകി ഫറൂഖിന്റെ നിർദ്ധന കുടുംബത്തേയും പറക്ക മുറ്റാത്ത കുഞ്ഞുങ്ങളേയും സഹായിക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.

ഇറങ്ങുന്നതിനു മുൻപ്‌ എന്റെ കൈകൾ കൂട്ടിപ്പിടിച്ച്‌ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഫറൂഖിന്റെ ഉമ്മ ചോദിച്ച ചോദ്യം എനിക്ക്‌ ഒരിക്കലും മറക്കാനാവില്ല:”ഞങ്ങളുടെ മകനല്ലേ ദൈവം ഇല്ല എന്നു വിശ്വസിച്ചുള്ളു? ഞങ്ങൾ ദൈവമുണ്ടെന്നാണല്ലോ വിശ്വസിച്ചത്‌? ഞങ്ങൾക്കിനിയാരുണ്ട്‌? ദൈവം ഞങ്ങളോട്‌ എന്തിനിതു ചെയ്തു?”

(മധു ഒ നെഗറ്റീവ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍